ADVERTISEMENT

ടോക്കിയോ ∙ പാരാലിംപിക്സിൽ ഇന്ത്യയ്ക്കായി ആദ്യ മെഡൽ നേടി ഭാവിനാബെൻ പട്ടേൽ. ചക്രക്കസേരയിലിരുന്നു ടേബിൾ ടെന്നിസ് കളിക്കുന്ന ഗുജറാത്തുകാരി ഭാവിനാബെൻ വെള്ളി മെഡലാണു നേടിയത്. ഞായറാഴ്ച നടന്ന ഫൈനലിൽ ലോക ഒന്നാം നമ്പർ താരം ചൈനയുടെ യിങ് സൂവാണ് ഭാവിനയെ തോൽപിച്ച് സ്വർണം നേടിയത്. ക്ലാസ് 4 (അരയ്ക്കു താഴോട്ടു തളർന്നവർ) വിഭാഗത്തിലാണു ഭാവിന രാജ്യത്തിനായി മെഡൽ നേടി ചരിത്രം കുറിച്ചത്.

ഫൈനലിൽ 19 മിനിറ്റ് നീണ്ട മത്സരത്തിന്റെ സ്കോർ: 7–11, 7–11, 6–11. വനിതാ സിംഗിൾസിലെ ആദ്യ മത്സരത്തിൽ തോറ്റശേഷം തുടർച്ചയായി നാലു മത്സരങ്ങളിൽ വിജയം നേടിയാണ് മുപ്പത്തിനാലുകാരി ഭാവിന ഫൈനലിലെത്തിയത്. സെമിയിൽ കടന്നപ്പോൾത്തന്നെ മെഡൽ ഉറപ്പിച്ചിരുന്നു. സെമി പോരാട്ടത്തിൽ ചൈനയുടെ ലോക മൂന്നാം നമ്പർ താരം ഷാങ് മിയാവോയെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്കു തകർത്തായിരുന്നു ഫൈനൽ പ്രവേശനം.

ക്വാർട്ടറിൽ സെർബിയയുടെ ലോക 5–ാം നമ്പറും റിയോ ഒളിംപിക്സിലെ സ്വർണജേത്രിയുമായ ബോറിസ്ലാവ റാങ്കോവിച്ചിനെയാണ് ഇന്ത്യൻ താരം അട്ടിമറിച്ചത്. ഗ്രൂപ്പിലെ ആദ്യ മത്സരം തോറ്റാണു ഭാവിന തുടങ്ങിയത്. പക്ഷേ, 2–ാം മത്സരം ജയിച്ചതോടെ പ്രീക്വാർട്ടറിലേക്ക്. അവിടെയും ജയം നേടി ക്വാർട്ടർ ഫൈനലിൽ. ക്വാർട്ടറിൽ അട്ടിമറിയോടെ സെമിയിലേക്ക്; മെഡലും ഉറപ്പാക്കി. ഒന്നാം വയസ്സിൽ പോളിയോ ബാധിച്ചാണു ഭാവിനാബെൻ പട്ടേലിന്റെ അരയ്ക്കുതാഴെ തളർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തിലെ വഡനഗറിലാണു ഭാവിനയുടെ ജനനം.

English Summary: Tokyo Paralympics: Bhavina Patel Wins Silver Medal; India's First in Table Tennis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com