ADVERTISEMENT

ടോക്കിയോ ∙ ഇത്തവണ ഒളിംപിക്സ് ഷൂട്ടിങ്ങിൽ ഒരു മെഡൽ പോലും നേടാനാകാതെ നിരാശയോടെ മടങ്ങിയ ഇന്ത്യ പാരാലിംപിക്സിലൂടെ നഷ്ടക്കണക്കുകൾ തീർക്കുന്നു. ഗെയിംസിൽ ഇന്നലെ ഇന്ത്യ 2 സ്വർണമടക്കം 4 മെഡലുകൾ‌ വാരിക്കൂട്ടിയപ്പോൾ അതിൽ ഒരു സ്വർണവും വെള്ളിയും ഷൂട്ടിങ്ങിൽ‌നിന്ന്. പുരുഷ ഷൂട്ടിങ് 50 മീറ്റർ മിക്സ്ഡ് പിസ്റ്റൾ ഇനത്തിലെ സ്വർണവും വെള്ളിയുമായിരുന്നു ഇന്നലത്തെ ആദ്യനേട്ടം. നർവാൽ 218.2 പോയിന്റ് നേടിയപ്പോൾ വെള്ളി നേടിയ അദാന 216.7 പോയിന്റ് കുറിച്ചു.

മനീഷ് നർവാൽ പാരാലിംപിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ഷൂട്ടിങ് താരമായി. സിങ്‌രാജ് അദാന ഒരു ഗെയിംസിൽ 2 മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷതാരവും. കഴിഞ്ഞദിവസം 10 മീറ്റർ എയർ പിസ്റ്റളിൽ സിങ്‌രാജ് വെങ്കലം നേടിയിരുന്നു. 2 സ്വർണമടക്കം 5 മെഡലുകളാണ് ടോക്കിയോ പാരാലിംപിക്സിലെ ഷൂട്ടിങ്ങ് റേഞ്ചിൽ നിന്ന് ഇന്ത്യ ഇതുവരെ നേടിയത്. ഇത്തവണ പാരാലിംപിക്സിൽ അരങ്ങേറ്റം കുറിച്ച ബാഡ്മിന്റൻ മത്സരവും ഇന്ത്യയ്ക്കു മെഡൽ‌ സന്തോഷങ്ങളുടേതായി. പുരുഷ ബാഡ്മിന്റൻ സിംഗിൾസിൽ (കാലിനു പരിമിതിയുള്ളവരുടെ വിഭാഗത്തിൽ) പ്രമോദ് ഭഗത് സ്വർണം നേടിയപ്പോൾ മനോജ് സർക്കാറിലൂടെ ഈയിനത്തിലെ വെങ്കലവും ഇന്ത്യയ്ക്കു സ്വന്തം.

യെ ‘ദിൽബാഗേ’ മോർ!

ദിൽബാഗിന്റെ മകൻ മനീഷ് നർവാലിനോട് ഇന്ത്യൻ കായികപ്രേമികൾ ഇപ്പോൾ പറയുന്നത് പെപ്സിയുടെ പ്രശസ്തമായ പരസ്യവാചകമാണ്– യെ ദിൽ മാംഗെ മോർ– ഞങ്ങളുടെ ഹൃദയം കൂടുതൽ ആഗ്രഹിക്കുന്നു! 19–ാം വയസ്സിൽ പാരാലിംപിക്സിൽ സ്വർണമെഡൽ നേടിയ താരത്തിൽനിന്നു കൂടുതൽ മെഡലുകൾ മോഹിക്കുന്നതിൽ തെറ്റില്ലല്ലോ! ഹരിയാനയിലെ ബല്ലഭ്ഗർ സ്വദേശിയായ മനീഷ് പാരാംലിംപിക്സിലെ 50 മീറ്റർ മിക്സ്ഡ് പിസ്റ്റൾ വിഭാഗത്തിലെ എസ്എച്ച് 1 വിഭാഗത്തിൽ സ്വർണം നേടിയതിനു പിന്നിൽ അച്ഛൻ ദിൽബാഗിന്റെ നിരന്തര പ്രചോദനത്തിന്റെ കഥ കൂടിയുണ്ട്.

ഫുട്ബോളറാകാൻ മോഹിച്ച മനീഷ് അതു നടക്കാതെ നിരാശനായപ്പോൾ പ്രോൽസാഹിപ്പിച്ചത് മുൻ ഗുസ്തി താരം കൂടിയായ അച്ഛനാണ്. രോഗം മൂലം വലതുകൈയ്ക്കു ചലനപരിമിതി വന്നതാണ് മനീഷിന്റെ ഫുട്ബോൾ മോഹങ്ങളുടെ വഴിയടച്ചത്. വിധിയോടു മല്ലു പിടിക്കാൻ അച്ഛൻ പഠിപ്പിച്ചതോടെ മനീഷ് തോക്ക് കയ്യിലെടുത്തു. മെഡലുകൾ വെടിവച്ചിട്ടു. 

കയ്യെത്തും ദൂരെ 2 സ്വർണം

പാരാലിംപിക്സ് ബാഡ്മിന്റനിൽ 2 ഇനങ്ങളിൽക്കൂടി മെഡലുറപ്പിച്ച ഇന്ത്യയ്ക്കു ഇന്നു സ്വർണപ്പോരാട്ടം. പുരുഷ സിംഗി‍ൾസ് എസ്‌എൽ 4 വിഭാഗത്തിൽ സുഹാസ് യതിരാജും എസ്എച്ച് 6 വിഭാഗത്തിൽ കൃഷ്ണ നാഗറും ഇന്നു ഫൈനൽ മത്സരത്തിനിറങ്ങും. ഐഎഎസ് ഓഫിസറായ സുഹാസ്, ഇന്തൊനീഷ്യക്കാരൻ ഫ്രെഡി സത്യാവനെ സെമിയിൽ തോൽപിച്ചപ്പോൾ (21-9, 21-15) രണ്ടാം സീഡായ കൃഷ്ണ, ബ്രിട്ടന്റെ ക്രിസ്റ്റെൻ കൂബ്സിനെ ( 21-10 21-11) തോൽപിച്ചു. എസ്‌എൽ 4 വിഭാഗത്തിൽ സെമിയിൽ തോറ്റ തരുൺ ധില്ലനും മിക്സ്‍ഡ് ഡബിൾസിൽ പ്രമോദ് ഭഗത്– പലക് കോലി സഖ്യത്തിനും ഇന്നു വെങ്കല മെഡൽ മത്സരമുണ്ട്.

പ്രമോദ്; പാരാലിംപിക്സിലെ ലിൻഡാൻ

പ്രമോദ് ഭഗത്തിനെ ഏതെങ്കിലും ഒളിംപ്യനുമായി ഉപമിക്കാമെങ്കിൽ അതു ചൈനീസ് ഇതിഹാസ ബാഡ്മിന്റൻ താരം ലിൻ ഡാനുമായിട്ടാവും ഉചിതം. ബാഡ്മിന്റനിൽ ലിൻ ഡാനുള്ളതു പോലെ അതുല്യനേട്ടങ്ങളാണ് പാരാ ബാഡ്മിന്റനിൽ ഭുവനേശ്വറുകാരനായ ഭഗത്തിനുള്ളത്. ലോക ചാംപ്യൻഷിപ്പിൽ 4 സ്വർണവും ഒരു വെള്ളിയും സ്വന്തമായുള്ള ഭഗത് നിലവിലെ ഏഷ്യൻ ചാംപ്യനുമാണ്. പാരാലിംപിക്സിൽ ഒരു മെഡൽ എന്ന ഭഗത്തിന്റെ സ്വപ്നം കുറച്ചു വൈകിയതിന് കാരണമുണ്ട്. ഈ പാരാലിംപിക്സിലാണ് ആദ്യമായി ബാഡ്മിന്റൻ മത്സരയിനമായി ഉൾപ്പെടുത്തിയത്!

ലോക ഒന്നാം നമ്പർ താരവും ഒന്നാം സീഡും എന്ന വിശേഷണത്തോടെയാണ് ഭഗത് ബാഡ്മിന്റനിലെ എസ്എൽ 3 വിഭാഗത്തിൽ ടോക്കിയോ പാരാലിംപിക്സിനെത്തിയത്. കാലിനു സ്വാധീനക്കുറവുള്ളവരാണ് എസ്എൽ 3 വിഭാഗത്തിൽ മത്സരിക്കുന്നത്.   4–ാം വയസ്സിൽ പോളിയോ ബാധിച്ചതോടെയാണ് ഭഗത്തിന്റെ കാലിനു സ്വാധീനക്കുറവുണ്ടായത്. തുടക്കത്തിൽ സാധാരണ ബാഡ്മിന്റൻ താരങ്ങൾക്കൊപ്പം മത്സരിച്ച ഭഗത് 2016ൽ പാരാ ബാഡ്മിന്റനിലേക്കു മാറി. 

English Summary: India celebrates Manish's gold, Singhraj's silver in shooting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com