ADVERTISEMENT

ടോക്കിയോ ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടി ഇന്ത്യൻ കായിക ചരിത്രത്തിന്റെ നെറുകയിൽ സ്ഥിരപ്രതിഷ്ഠ നേടിയ നീരജ് ചോപ്രയെ ആദരിക്കുന്ന തിരക്കിലാണു രാജ്യം. അടുത്ത ചാംപ്യൻഷിപ്പിന് ഒരുക്കം നടത്താൻപോലും പറ്റാത്തത്ര രീതിയിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണു താരം. കഴിഞ്ഞയാഴ്ച അത്തരമൊരു ആദരിക്കൽ ചടങ്ങ് പുണെയിൽ നടന്നു. പുണെയിലെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടായിരുന്നു വേദി. കരസേനയിലെ കായികതാരങ്ങൾക്കു പരിശീലനം നൽകാൻ സേനയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണു സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട്. ഇതിനുള്ളിലെ ഒരു റോഡ് നീരജിന്റെ പേരിൽ പുനർനാമകരണം ചെയ്തായിരുന്നു സേനയുടെ ആദരം. കരസേനയിൽ ജോലിക്കാരനായ നീരജിനു സേനയുടെ ആദരമായി ഈ പേരിടൽ കർമം. നീരജിന്റെയും കരസേനാ മേധാവിയുടെയും സാന്നിധ്യത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണു പ്രഖ്യാപനം നടത്തിയത്.

ഇത്തരമൊരു പേരിടൽ പരിപാടി കഴിഞ്ഞ കഴിഞ്ഞ മാസമൊടുവിൽ പഞ്ചാബ് സർക്കാരും നടത്തി. ഒളിംപിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ പഞ്ചാബിൽനിന്നു 10 താരങ്ങളാണ് ഉണ്ടായിരുന്നത്. അവരോടുള്ള ആദരസൂചകമായി സംസ്ഥാനത്തെ 10 സർക്കാർ സ്കൂളുകളുടെ പേരുകൾ താരങ്ങളുടെ പേരുകൾ കൂട്ടിച്ചേർത്ത് പുതുക്കി. മിതാപൂരിലെ ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളിനു ക്യാപ്റ്റൻ മൻപ്രീത് സിങ്ങിന്റെ പേര് കൊടുത്തു. ഒളിംപ്യൻ മൻപ്രീത് സിങ് ഗവ. സീനിയർ സെക്കൻഡറി സ്കൂൾ എന്നാകും മിതാപൂരിലെ സർക്കാർ വിദ്യാലയം ഇനി രേഖകളിൽ അറിയപ്പെടുക.

കേരളത്തിലേക്കെത്തിയാൽ ഒളിംപ്യൻമാരുടെ പേരിൽ എന്തൊക്കെയുണ്ടെന്നു പരിശോധിക്കുന്നതു രസകരമാണ്. ഹോക്കി ടീം ഗോൾകീപ്പർ കൊച്ചിക്കാരൻ പി.ആർ.ശ്രീജേഷിന്റെ പേരിൽ ജൻമനാട്ടിൽ ഒരു റോഡുണ്ട്. കിഴക്കമ്പലത്ത് ശ്രീജേഷിന്റെ വീടിനു മുന്നിലൂടെ കടന്നുപോകുന്ന റോഡിന് ഒളിംപ്യൻ ശ്രീജേഷ് റോഡ് എന്നാണു പേര്. കിഴക്കമ്പലം – കുന്നത്തുനാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കിഴക്കമ്പലം – എരുമേലി ബൈപാസ് റോഡാണിത്. 2014ൽ ഏഷ്യൻ ഗെയിംസ് സ്വർണം നേടിയ ഇന്ത്യൻ ടീമിൽ ശ്രീജേഷ് ഉൾപ്പെട്ടതിനുശേഷമാണു റോഡിനു താരത്തിന്റെ പേരിട്ടത്.

shiny-wilson

കുന്നത്തുനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പള്ളിക്കര മാർക്കറ്റിനു സമീപം നിർമാണം പൂർത്തിയായി വരുന്ന ഇൻഡോർ വോളിബോൾ കോർട്ടിനു ശ്രീജേഷിന്റെ പേരിടാൻ തീരുമാനമെടുത്തിട്ടുണ്ട്. പഴങ്ങനാട് ലയൺസ് ക്ലബ് കഴിഞ്ഞയിടെ നിർമിച്ച ഇൻഡോർ ബാഡ്മിന്റൻ കോർട്ടിനു ശ്രീജേഷിന്റെ പേരാണ് ഇട്ടിരിക്കുന്നത്.

കേരളത്തിലെ റോഡുകളിലും സ്റ്റേഡിയങ്ങളിലും ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്ന ഒളിംപ്യൻ ഒരുപക്ഷേ, പി.ടി.ഉഷയാകും. കേരളത്തിലങ്ങോളമിങ്ങോളം മാത്രമല്ല രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉഷയുടെ പേരിൽ റോഡുകളും സ്ഥാപനങ്ങളും കെട്ടിടങ്ങളുമുണ്ട്. എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ ഉഷയുടെ പേരിൽ റോഡുണ്ട്. കാലിക്കറ്റ് സർവകലാശാലയിലെ ഇൻഡോർ സ്റ്റേഡിയത്തിന് ഉഷയാണു പേരാണു കൊടുത്തിട്ടുള്ളത്. ഇതുകൂടാതെ കേരളത്തിൽ പലയിടങ്ങളിലും ഗാലറികൾക്കും മറ്റും ഉഷയുടെ പേരു കൊടുത്തിട്ടുണ്ട്.

ഉഷയുടെ പേരിലുള്ള റോഡുകളെപ്പറ്റി ചോദിക്കുമ്പോൾ ഉഷയുടെ ഭർത്താവും മുൻ ദേശീയ കബഡി താരവുമായ വെങ്ങാലിൽ ശ്രീനിവാസൻ രസകരമായ ചില കഥകൾ പറയും: 

jimmy-george-stadium
ഇറ്റലിയിലെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം

‘കുറെ വർഷങ്ങൾക്കു മുൻപു പയ്യോളിയിലെ ഞങ്ങളുടെ വീട്ടിലേക്കു ബിഹാറിൽനിന്ന് ഒരു കത്തുകിട്ടി. ഹിന്ദിയിലായിരുന്നു കത്ത്. അവിടെയുള്ള ഒരു പി.ടി.ഉഷ റോഡ് നന്നാക്കാൻ ഉഷ ഇടപെടണമെന്നായിരുന്നു കത്തിലെ ആവശ്യം. ചൈനയി‍ൽ വൈദ്യപഠനത്തിനു പോയ ഞങ്ങളുടെ നാട്ടുകാരായ കുട്ടികൾ ഷാങ്ഹായിയിലെ ഒരു തെരുവിൽ ഉഷയുടെ പേരിൽ ഒരു റോഡ് ഉണ്ടെന്നു പറ‍ഞ്ഞിട്ടുണ്ട്. അവർ പടം അയച്ചു തന്നില്ല. ഇനി ഞങ്ങൾക്കു പോകാൻ പറ്റുകയാണെങ്കിൽ ആ റോഡിലൂടെ സഞ്ചരിക്കണമെന്നുണ്ട്. 1986ൽ ചൈനയിലെ ഒരു വാർത്താ ഏജൻസി നടത്തിയ സർവേയിൽ ഏഷ്യയിലെ സ്പ്രിന്റ് റാണിയായി തിരഞ്ഞെടുത്തത് ഉഷയെയായിരുന്നു. അതിന്റെ ഭാഗമായിട്ടാകാം അവിടെയുള്ള റോഡിന് ഉഷയുടെ പേരു വന്നതെന്നാണ് എന്റെ നിഗമനം.’

‘പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഉഷയുടെ പേരിൽ ഫിസിക്കൽ എജ്യുക്കേഷൻ കോളജുകളും ഗ്രൗണ്ടുകളും ഉള്ളതായി കേട്ടിട്ടുണ്ട്. ആരും ഇതുവരെ അതിനൊന്നും അനുവാദം ചോദിച്ചിട്ടില്ല. പട്യാലയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ പെൺകുട്ടികളുടെ ഹോസ്റ്റലുകളിലൊന്നിന് ഉഷയുടെ പേരാണ് ഇട്ടിരിക്കുന്നത്. തിക്കോടി പഞ്ചായത്തിൽ ഉഷയുടെ തറവാട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിനു മുന്നിലുള്ള റോഡിന് ഉഷ ലെയ്ൻ എന്നു പറയാറുണ്ട്. ഇപ്പോൾ ഞങ്ങളുടെ വീടിരിക്കുന്ന പയ്യോളി നഗരസഭയിലെ റോഡിനും അനൗദ്യോഗികമായി ഉഷ റോഡ് എന്നു വിളിക്കാറുണ്ട്.’

തന്റെ പേരിൽ ഒരൊറ്റ റോഡ് മാത്രമേ കേരളത്തിലുള്ളതായി അറിയുകയുള്ളൂവെന്ന് ഒളിംപ്യൻ ഷൈനി വിൽസൻ പറയുന്നു. ചെങ്ങന്നൂർ നഗരസഭയിലെ റോഡിന് ഷൈനി ഏബ്രഹാം റോഡ് എന്നാണു പേരിട്ടിരിക്കുന്നത്. 1986ലെ ഏഷ്യൻ ഗെയിംസിനും 1984 ലൊസാഞ്ചലസ് ഒളിംപിക്സിനും ശേഷമാകാം ഷൈനിയുടെ പേര് റോഡിന് ഇട്ടതെന്നാണു നിഗമനം.

1956ലെ മെൽബൺ ഒളിംപിക്സിൽ ഇന്ത്യൻ ഫുട്ബോൾ ടീമിനായി ബൂട്ടുകെട്ടിയ കോഴിക്കോട്ടുകാരൻ ഒളിംപ്യൻ അബ്ദുറഹ്മാന്റെ പേരിൽ കോഴിക്കോട്ട് സ്റ്റേഡിയമുണ്ട്. 2015 ദേശീയ ഗെയിംസിന്റെ ഭാഗമായി മെഡിക്കൽ കോളജിനു സമീപം നിർമിച്ച സിന്തറ്റിക് ട്രാക്കോടുകൂടിയ ഫുട്ബോൾ സ്റ്റേഡിയം അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.

എന്നാൽ, ഈ ഒളിംപ്യൻമാരെക്കാൾ എല്ലാം അധികമായി കായികവേദികളിൽ സ്മാരകങ്ങളുള്ളത് അകാലത്തിൽ വേർപിരിഞ്ഞ വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ പേരിലാണ്. 1955ൽ കണ്ണൂരിൽ ജനിച്ച അദ്ദേഹം ഇറ്റലിയിൽ പ്രഫഷനൽ ക്ലബ്ബുകളിൽ കളിക്കുന്നതിനിടെ 1987ലുണ്ടായ ഒരു കാറപകടത്തി‍ൽ കൊല്ലപ്പെടുകയായിരുന്നു. ജിമ്മിയുടെ സഹോദരൻ സെബാസ്റ്റ്യൻ ജോർജിന്റെ വാക്കുകളിലൂടെ:

‘ഇറ്റലിയിലെ മോണ്ടിക്യാരിയിൽ ജിമ്മി ജോർജിന്റെ പേരിൽ ഇൻഡോർ വോളിബോൾ സ്റ്റേഡിയമുണ്ട്. മോണ്ടിക്യാരിയിലെ ഒരു റോഡിനും ജിമ്മി ജോർജിന്റെ പേരാണ് ഇട്ടിരിക്കുന്നത്. കേരളത്തിൽ പലയിടങ്ങളിലും ജിമ്മിയുടെ പേരിൽ ഗ്രൗണ്ടുകളും സ്റ്റേഡിയങ്ങളുമുണ്ട്. തിരുവനന്തപുരത്തെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, പേരാവൂരിലെ ജിമ്മി ജോർജ് സ്റ്റേഡിയം, കോഴിക്കോട് ദേവഗിരി കോളജിലെ ജിമ്മി ജോർജ് സ്പോർട്സ് പവിലിയൻ, പാലാ സെന്റ് തോമസ് കോളജിലെ ജിമ്മി ജോർജ് വോളിബോൾ സ്റ്റേഡിയം എന്നിവ അതിൽ ചിലതാണ്. കാലിക്കറ്റ് സർവകലാശാല ക്യാംപസിനുള്ളിൽ ജിമ്മി ജോർജിന്റെ പേരിൽ ജിംനേഷ്യമുണ്ട്. സംസ്ഥാന സർക്കാർ കണ്ണൂരിലെ മുണ്ടയാട്ട് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം നിർമിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.’

English Summary: Roads and Stadiums in the name of Olympians from Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com