sections
MORE

‘തമ്മിലിടി’യിൽ തകരുന്ന എഫ്‌വൺ ചാംപ്യൻഷിപ് മോഹങ്ങൾ

luis hamilton and marx verstappan
ലൂയിസ് ഹാമിൽട്ടൻ, വേർസ്റ്റപ്പൻ.
SHARE

വേർസ്റ്റപ്പന്റെ അക്ഷമ ഇല്ലാതാക്കിയത് വിലപ്പെട്ട ചാംപ്യൻഷിപ് പോയിന്റുകൾ. സീസണിലെ മുഖ്യ എതിരാളി ലൂയിസ് ഹാമിൽട്ടനു നഷ്ടമായതാകട്ടെ ഏതാണ്ട് ഉറപ്പായിരുന്ന വിജയവും. മോൺസയിൽ ജയിച്ചിരുന്നെങ്കിൽ ഹാമിൽട്ടന്റേതു കരിയറിലെ നൂറാം വിജയമാകുമായിരുന്നു. ഇവർ ഇരുവരും പുറത്തായതോടെ മക്​ലാരൻ ഒന്നും രണ്ടും സ്ഥാനത്തെത്തി. ഫോർമുല വൺ ഇറ്റാലിയൻ ഗ്രാൻപ്രിയിൽ ഞായറാഴ്ച സംഭവിച്ചതിന്റെ ചുരുക്കം ഇതാണ്. 

∙ സ്പ്രിന്റിൽ ബൊത്താസ്

എഫ് വണ്ണിൽ ഈ സീസണിൽ പരീക്ഷിച്ച സ്പ്രിന്റ് ക്വാളിഫയിങ് മത്സരത്തിൽ വിജയിച്ചത് മെഴ്‌സിഡീസ് താരം വൾട്ടേരി ബൊത്താസ് ആയിരുന്നു. എന്നാൽ എൻജിൻ മാറ്റത്തിന്റെ പേരിൽ സ്റ്റാർട്ടിങ് ഗ്രിഡിൽ പിന്നാക്കം പോയി. ഇതോടെ റെഡ് ബുൾ താരം മാക്സ് വേർസ്റ്റപ്പൻ ഗ്രിഡിൽ ഒന്നാമനായി. മത്സരം തുടങ്ങും മുൻപേ സ്പ്രിന്റിൽ കിട്ടിയ 2 പോയിന്റോടെ ഹാമിൽട്ടനെക്കാൾ 5 പോയിന്റ് ചാംപ്യൻഷിപ് ലീഡ് നേടിയിരുന്നു മാക്സ്.

∙ തുടക്കം പാളി

മക്‌ലാരന്റെ ദിവസമായിരുന്നു മോൺസയിലേതെന്നതിന്റെ സൂചന തുടക്കത്തിലേ നൽകി ഡാനിയൽ റിക്കാർഡോ. ആദ്യകുതിപ്പിൽ മുന്നിലെത്തിയ റിക്കാർഡോയുടെ പിന്നിൽ നീങ്ങേണ്ടി വന്നതോടെ മാക്സ് അസ്വസ്ഥനായി. തൊട്ടു പിന്നിൽ മക്‌ലാരന്റെ ലാൻഡോ നോറിസ് ലൂയിസ് ഹാമിൽട്ടനെ നാലാം സ്ഥാനത്തു സമർഥമായി കെട്ടിയിട്ടു. 

∙ പിറ്റിലെ പിഴവ്

ടയർ മാറി മത്സരം പിടിക്കാനുറച്ച മാക്‌സ് ആദ്യം പിറ്റ് ചെയ്തു. പക്ഷേ, പിറ്റിൽ എട്ടു സെക്കൻഡിലേറെ സമയമെടുത്തതു തിരിച്ചടിയായി. തിരിച്ചു ട്രാക്കിലെത്തിയതു പത്താം സ്ഥാനത്ത്. ഇതേ സമയം റിക്കാർഡോ ടയർ മാറി ട്രാക്കിൽ തിരിച്ചെത്തി. മികച്ച നീക്കത്തോടെ നോറിസിനെ മറികടന്ന് അപ്പോഴേക്കും ഹാമിൽട്ടൻ ഒന്നാമതെത്തിയിരുന്നു. 

AUTO-PRIX-F1-ITA

∙ ടേണിങ് പോയിന്റ്

പിറ്റ് ചെയ്തു തിരികെ ഹാമിൽട്ടൻ ട്രാക്കിലെത്തിയത് മാക്സിനെക്കാൾ അല്പം മുൻപിലായിരുന്നു. വിട്ടുകൊടുക്കാൻ വെർസ്റ്റപ്പനും തയാറല്ലായിരുന്നു. വളവിൽ ഹാമിൽട്ടനെ മറികടക്കാനുള്ള ശ്രമം ഭീമാബദ്ധമായി. ലൂയിസ്‌ ഇടം കൊടുക്കാഞ്ഞിട്ടും മാക്‌സ് മുന്നേറാൻ ശ്രമിക്കുകയായിരുന്നു. റെഡ് ബുള്ളിന്റെ ഇടിയേറ്റു മെഴ്‌സിഡീസ് ചരലിലേക്കു നീങ്ങി. ഇടിയിൽ നിയന്ത്രണം വിട്ട റെഡ് ബുൾ ഹാമിൽട്ടന്റെ കാറിനു മുകളിലേക്ക് പറന്നു കയറി. കാർ തിരികെ സർക്യൂട്ടിൽ എത്തിക്കാൻ ലൂയിസ് ശ്രമിച്ചെങ്കിലും എൻജിൻ ഓഫ് ചെയ്യാൻ ടീമിന്റെ നിർദേശം ലഭിച്ചു. ഇതോടെ ഇരുവരുടെയും മത്സരം തീർന്നു. 

തനിക്കു കടന്നു പോകാൻ അല്പം പോലും സ്ഥലം അനുവദിച്ചില്ലെന്ന് മാക്‌സ് കയർത്തു പറയുന്നുണ്ടായിരുന്നു. അപകടശേഷം മാക്‌സ് ഉടൻ കാറിൽ നിന്നിറങ്ങി നടന്നു, കോക്പിറ്റിൽ തന്നെയിരുന്ന ഹാമിൽട്ടനെ നോക്കുക പോലും ചെയ്യാതെ. അൽപസമയത്തിനു ശേഷമാണ് ഹാമിൽട്ടൻ കാറിൽ നിന്ന് ഇറങ്ങിയത്. തന്റെ കാറിനു മുകളിൽ കയറിയ മാക്സിന്റെ കാറിന്റെ ചക്രം തലയിൽ തട്ടിയെന്നും എന്നാൽ കാര്യമായ പ്രശ്നമൊന്നും ഇല്ലെന്നും ഹാമിൽട്ടൻ പറഞ്ഞു. കോക്പിറ്റിനു മുകളിലെ ഹാലോ എന്ന രക്ഷാകവചമാണ് ഹാമിൽട്ടനെ രക്ഷിച്ചത്. ഏതായാലും ഫോർമുല വ ൺ ചരിത്രത്തിൽ രക്തം കൊണ്ടും അല്ലാതെയും രേഖപ്പെടുത്തിയ ശത്രുതയുടെ കൂട്ടത്തിലേക്കു ലൂയിസ്‌- മാക്സ് ഏട് കൂടി എഴുതി ചേർക്കപ്പെടുകയാണ്.

∙ വേർസ്റ്റപ്പനു പിഴ

ഹാമിൽട്ടനുമായുണ്ടായ കൂട്ടിയിടി വേർസ്റ്റപ്പന്റെ പിഴവാണെന്നു മത്സരശേഷം കണ്ടെത്തി. ഇതേത്തുടർന്ന് എഫ് വണ്ണിലെ അടുത്ത മത്സരത്തിൽ (റഷ്യൻ ജിപി) മാക്സിനു 3 ഗ്രിഡ് പെനൽറ്റി വിധിച്ചു. ക്വാളിഫയിങ്ങിൽ ലഭിക്കുന്ന സ്ഥാനത്തു നിന്നു മൂന്നു സ്ഥാനം പിന്നിലാകും സ്റ്റാർട്ടിങ്. ഹാമിൽട്ടനുമായി കടുത്ത മത്സരം നിലനിൽക്കെ ഈ പിഴ വേർസ്റ്റപ്പനു വിനയാകും. നിലവിൽ 5 പോയിന്റ് മേൽക്കൈയാണു ചാംപ്യൻഷിപ്പിൽ വേർസ്റ്റപ്പനുള്ളത്. 226.5 പോയിന്റ്. ഹാമിൽട്ടന് 221.5. മൂന്നാം സ്ഥാനത്തുള്ള വൾട്ടേറി ബൊത്താസിന് 141 പോയിന്റ്. മക് ലാരന്റെ ലാൻഡോ നോറിസ് 132 പോയിന്റോടെ നാലാം സ്ഥാനത്ത്. 118 പോയിന്റുള്ള റെഡ് ബുൾ താരം സെർജിയോ പെരസ് അഞ്ചാം സ്ഥാനത്തും.

കാർ നിർമാതാക്കളുടെ ചാംപ്യൻഷിപ്പിൽ 363 പോയിന്റോടെ മെഴ്‌സിഡീസ് ഒന്നാമതാണ്. 345 പോയിന്റുള്ള റെഡ് ബുൾ രണ്ടാം സ്ഥാനത്ത്. 215 പോയിന്റോടെ മക്‌ലാരൻ മൂന്നാമതും 202 പോയിന്റുള്ള ഫെറാറി നാലാമതും 95 പോയിന്റുള്ള ആൽപീൻ അഞ്ചാമതും.

∙ മക്‌ലാരൻ കുതിപ്പ്

2012നു ശേഷം ആദ്യമായാണ് ഒരു മക് ലാരൻ താരം എഫ് വണ്ണിൽ ജേതാവാകുന്നത്. ഹാമിൽട്ടൻ ടീം വിട്ട ശേഷമുണ്ടായ ക്ഷീണത്തിൽ നിന്നു കരകയറിയത് മോൺസയിലെ ഇരട്ട ജയത്തോടെ. കരിയറിലെ എട്ടാം വിജയം നേടിയ റിക്കാർഡോ ഇതിനു മുൻപ് പോഡിയത്തിൽ ഒന്നാമതെത്തിയത് 2018ൽ റെഡ് ബുള്ളിനു വേണ്ടി. 

lewis-hamilton

ഈ സീസണിലും സഹതാരം നോറിസ് ചില മിന്നൽ പ്രകടനങ്ങൾ നടത്തിയപ്പോഴും റിക്കാർഡോ കാഴ്ചക്കാരനായിരുന്നു. ഇന്നലെ പക്ഷേ, തുടക്കം മുതൽ നല്ല ആത്മവിശ്വാസത്തിൽ ആയിരുന്നു അദ്ദേഹം. ഗ്രിഡിൽ രണ്ടാമനായിരുന്ന ഓസ്ട്രേലിയൻ താരം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ചാംപ്യൻഷിപ് ലീഡർ വേർസ്റ്റപ്പനെ തുടക്കത്തിലേ പിന്നിലാക്കി. ഹാമിൽട്ടൻ ഭീഷണിയായേക്കുമെന്ന ഘട്ടത്തിലാണ് കൂട്ടിയിടിച്ച് ഇരുവരും പുറത്താകുന്നത്. റിക്കാർഡോയുടെ ആശ്വാസം മക്‌ലാരൻ ക്യാംപിൽ ആഹ്ലാദമായി അണപൊട്ടി.

∙ ബൊത്താസും തിളങ്ങി

മെഴ്‌സിഡീസ് താരം വൾട്ടേരി ബൊത്താസിന്റെ മോൺസയിലെ പ്രകടനം പ്രശംസനീയമാണ്. സ്പ്രിന്റിൽ മിന്നും പ്രകടനത്തിലൂടെ ഒന്നാം സ്ഥാനത്തെത്തി. എന്നാൽ, എൻജിൻ മാറ്റം കാരണം ലഭിച്ച പെനൽറ്റി ഗ്രിഡിൽ പിന്നിലേക്ക് തള്ളി. എന്നിട്ടും മികച്ച പോരാട്ടത്തിലൂടെ പോഡിയത്തിൽ മൂന്നാം സ്ഥാനം പിടിച്ചെടുത്തു. 

മൂന്നാമനായി ഫിനിഷ് ചെയ്ത റെഡ് ബുൾ താരം സെർജിയോ പെരസിനു ലഭിച്ച 5 സെക്കൻഡ് പെനൽറ്റിയാണു ബൊത്താസിനെ മൂന്നാമനാക്കിയത്. ട്രാക്ക് വിട്ട് കാറോടിച്ചു മുന്നേറാൻ ശ്രമിച്ചതിനായിരുന്നു പെരസിനു പിഴ.

∙ 8 റൗണ്ട് ബാക്കി

ഈ മാസം 26നു സീസണിലെ പതിനഞ്ചാം മത്സരമായ റഷ്യൻ ഗ്രാൻപ്രി സോച്ചിയിൽ നടക്കും. ആകെ 22 മത്സരങ്ങളുള്ള സീസണിൽ 8 റൗണ്ട് മത്സരങ്ങളാണ് അവശേഷിക്കുന്നത്.

English Summary: Italian GP: Max Verstappen Gets 3-Place Grid Penalty After Crash With Lewis Hamilton

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിറപ്പെയ്ത്തായി തുലാമഴ; അണനിറയുന്ന ആശങ്ക, മുല്ലപ്പെരിയാറിലെന്ത്?

MORE VIDEOS
FROM ONMANORAMA