ADVERTISEMENT

ന്യൂഡൽഹി∙ ഇസ്രയേൽ താരത്തെ നേരിടുന്നത് ഒഴിവാക്കാൻ ടോക്കിയോ ഒളിംപിക്സിൽനിന്നു പിന്മാറിയ ജൂഡോ താരത്തെയും പരിശീലകനെയും രാജ്യാന്തര ജൂഡോ അസോസിയേഷൻ 10 വർഷത്തേക്കു വിലക്കി. മൂന്നു തവണ ആഫ്രിക്കൻ ചാംപ്യനായിട്ടുള്ള അൽജീരിയൻ താരം ഫെതി നൗറിനെയും പരിശീലകനെയുമാണു വിലക്കിയത്.

ഇസ്രയേൽ താരം തോഹാർ ബത്ബുല്ലിനെ നേരിടുന്നത് ഒഴിവാക്കാൻ ടോക്കിയോ ഒളിംപിക്സിൽനിന്നു 30 കാരനായ ഫെതി പിന്മാറിയിരുന്നു. ജൂലൈ 24നു സുഡാനീസ് താരം മുഹമ്മദ് അബ്ദൽ റസൂലുമായായിരുന്നു ടോക്കിയോ ഒളിംപിക്സിലെ ഫെതിയുടെ ആദ്യ റൗണ്ട് മത്സരം. എന്നാൽ ഈ മത്സരം ജയിച്ചാൽ രണ്ടാം റൗണ്ടിൽ ഇസ്രയേൽ താരത്തെ എതിരാളിയായി ലഭിക്കുമെന്നു വന്നതോടെയായിരുന്നു 73 കിലോഗ്രം വിഭാഗത്തിലെ മത്സരത്തിൽനിന്നുള്ള ഫെതിയുടെ പിന്മാറ്റം. 

പലസ്തീൻ ജനതയ്ക്ക് ഐക്യദാർ‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഇസ്രയേൽ താരത്തിനെതിരായ മത്സരത്തിൽനിന്നു പിന്മാറുകയാണെന്നു മത്സരത്തിനു 4 ദിവസം മുൻപാണു ഫെതി വ്യക്തമാക്കിയത്. ‘ഞാനും പരിശീലകനും ചേർന്നാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. തീരുമാനത്തിൽ ഞാൻ അഭിമാനിക്കുന്നു. എന്നോടും എന്റെ കുടുംബാംഗങ്ങളോടും അൽജീരിയൻ ജനതയോടുമുള്ള ആദരവിവന്റെ ഭാഗമാണു തീരുമാനം. ഞങ്ങൾ പലസ്തീൻ ജനതയ്ക്കൊപ്പമാണ്’– ഫെതി പറഞ്ഞത് ഇങ്ങനെ. 

ഇതിനു പിന്നാലെ താരത്തിന്റെയും പരിശീലകന്റെയും അംഗീകാരം റദ്ദാക്കിയ അൽജീരിയൻ ഒളിംപിക് കമ്മിറ്റി ഇരുവരെയും നാട്ടിലേക്കു തിരിച്ചയച്ചിരുന്നു. 2019ലെ ജൂഡോ ലോക ചാംപ്യൻഷിപ്പിൽനിന്നും ഇതേ കാരണത്താൽ പിന്മാറിയ താരമാണു ഫെതി. ഒളിംപിക് ചട്ടങ്ങളുടെ ലംഘനമാണു ഫെതി നടത്തിയത് എന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റിയും കണ്ടെത്തിയിരുന്നു.

English Summary: Algerian Judoka Suspended for 10 Years After Refusing to Face Israeli Athlete

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com