sections
MORE

ഒരൊറ്റ ത്രോയിൽ ഫോളോവേഴ്സ് വർധന 2297%: ജാവലിൻ പവർഫുള്ളാണ്; പക്ഷേ, നീരജ് സിംപിളാണ് !

neeraj
നീരജ് ചോപ്ര
SHARE

ഒളിംപിക്സിനു ശേഷം നീരജ് ചോപ്രയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് വർധന 2297%! നീരജ് ‘മനോരമ’യോടു സംസാരിക്കുന്നു

ഇന്ത്യയുടെ ഗോൾഡൻ ബോയ് നീരജ് ചോപ്രയുടെ ജീവിതം ഒളിംപിക്സിനുശേഷം എങ്ങനെ മാറിമറിഞ്ഞു? ഒളിംപിക്സിന് മുൻപ് 1.4 ലക്ഷമായിരുന്നു നീരജ് ചോപ്രയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ്. ഓഗസ്റ്റ് ഏഴിന് ജാവലിനിൽ ഒളിംപിക്സ് സ്വർണം കോർത്തെടുത്തശേഷം ഫോളോവേഴ്സിന്റെ എണ്ണത്തിലുണ്ടായ വർധന 2297 ശതമാനം! 44 ലക്ഷം പേരാണ് ഇപ്പോൾ നീരജിനെ പിന്തുടരുന്നത്. ‘യൂഗോവ് സ്പോർട്’ നടത്തിയ പഠനത്തിൽ ടോക്കിയോ ഒളിംപിക്സ് സമയത്തു ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട (മെൻഷൻ) ആഗോള കായിക താരവും നീരജാണ്; 29 ലക്ഷം തവണ! 

ഒളിംപിക്സ് സ്വർണ നേട്ടത്തിനുശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും ഭാവി ലക്ഷ്യങ്ങളെക്കുറിച്ചും നീരജ് ചോപ്ര ‘മനോരമ’യോടു സംസാരിക്കുന്നു

ഒരൊറ്റ ത്രോയിൽ രാജ്യത്തിന്റെ ഇതിഹാസമായി. ഇന്ത്യൻ സ്പോർട്സിലെ വിലപിടിപ്പുള്ള താരമായി. നീരജിന്റെ പേരിൽ സ്റ്റേഡിയങ്ങൾ വരെയുണ്ടായി. താരപരിവേഷം എങ്ങനെ കൈകാര്യം ചെയ്യുന്നു? 

തിരക്കുമൂലം പരിശീലനം പുനരാരംഭിക്കാനായിട്ടില്ല. അങ്ങനെ ഈ സീസണിൽ ഇനി മത്സരിക്കുന്നില്ലെന്ന തീരുമാനം പോലും എടുക്കേണ്ടി വന്നു. 

രാജ്യത്തിന്റെ മുഴുവൻ സ്നേഹവും അംഗീകാരവും ലഭിക്കുന്നതു വലിയ ഭാഗ്യമാണ്. എവിടെപ്പോയാലും ആളുകൾ ചുറ്റുംകൂടുന്നു. അനുമോദിക്കുന്നു. ജീവിതത്തിലെ ഈ മാറ്റങ്ങളുമായി പൊരുത്തപ്പെട്ടുവരുന്നതേയുള്ളൂ. സ്വഭാവത്തിൽ പഴയ നീരജായി തന്നെ ജീവിക്കാനാണ് ഇഷ്ടം. താരപരിവേഷം സ്വഭാവത്തെ ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. 

ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഇപ്പോൾ‌ ഒളിംപിക്സ് സ്വർണവും. അടുത്ത ലക്ഷ്യം?

ജാവലിൻ ത്രോയിൽ 90 മീറ്റർ എന്ന കടമ്പ പിന്നിടുകയാണ് പ്രധാന ലക്ഷ്യം. ലോക ചാംപ്യൻഷിപ്പ് അടക്കം പ്രധാന 3 ചാംപ്യൻഷിപ്പുകൾ നടക്കുന്ന 2022 വളരെ പ്രധാനപ്പെട്ട വർഷമാണ്. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണം നിലനിർത്തേണ്ടതുണ്ട്. ടോക്കിയോ ഒളിംപിക്സിനൊരുങ്ങാൻ 5 വർഷമുണ്ടായിരുന്നു. പാരിസിലേക്ക് ഇനി 3 വർഷമേയുള്ളൂ. പരുക്കുകളുണ്ടാകാതെ, പ്രകടനം മെച്ചപ്പെടുത്തി മുന്നോട്ടുപോകണം. ഒളിംപിക് സ്വർണം നേടുന്നതിനേക്കാൾ വെല്ലുവിളിയാണ് അതുനിലനിർത്തുന്നത്.

 ഫൈനലിൽ രണ്ടാം ശ്രമത്തിൽ‌ ജാവലിൻ നിലത്തുപതിക്കുന്നതിനു മുൻപേ നീരജ് തിരിഞ്ഞുനിന്ന് ആഘോഷം തുടങ്ങിയിരുന്നു? ദൂരം കണക്കാക്കുന്നതിനു മുൻപേ അതൊരു മെഡൽ ത്രോ ആയിരിക്കുമെന്ന് എങ്ങനെ മനസ്സിലായി ?

ജാവലിൻ റിലീസ് ചെയ്യുന്ന സമയത്തുതന്നെ നമുക്ക് ഓരോ ത്രോയുടെയും ഏകദേശ ദൂരം മനസ്സിലാക്കാൻ കഴിയും. പരിശീലനത്തിലൂടെ ലഭിക്കുന്ന കഴിവാണത്. ഫൈനലിലെ രണ്ടാം ത്രോയിൽ റണ്ണപ്പ്, കൈയുടെ പൊസിഷൻ, റിലീസിങ് ആംഗിൾ‌ എല്ലാം മികച്ചതായിരുന്നു. പഴ്സനൽ ബെസ്റ്റ് ദൂരമാണ് ആ ത്രോയിൽ നിന്നു ഞാൻ പ്രതീക്ഷിച്ചത്. അതു നടന്നില്ലെങ്കിലും ആ ത്രോ എനിക്കു സ്വർണം നേടിത്തന്നു.

കാളയുടെ വാലുപിടിച്ചു വലിക്കുന്നതും തേനീച്ചക്കൂട്ടിൽ കൈയിടുന്നതുമൊക്കെയായിരുന്നു ചെറുപ്പകാലത്തു നീരജിന്റെ വികൃതികളെന്നു കേട്ടിട്ടുണ്ട്. ഇതൊക്കെ വാസ്തവമാണോ?  

അതെല്ലാം ശരിയാണ്. സമപ്രായക്കാരായ ഒട്ടേറെ കൂട്ടുകാർ ചെറുപ്പകാലത്തു ഖന്ദ്രയിൽ എനിക്കൊപ്പമുണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും ചേർന്നു നടത്തിയിരുന്ന ‘കുസൃതി’കളായിരുന്നു അവയെല്ലാം.

English Summary: Neeraj Chopra talks after Olympic win

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA