ADVERTISEMENT

ന്യൂഡൽഹി∙ ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ ഏക സ്വർണ മെഡൽ ജേതാവായ നീരജ് ചോപ്രയുടെ സമൂഹമാധ്യമങ്ങളിലെ മൂല്യത്തിൽ വൻ വർധന. ഒളിംപിക്സിലെ സ്വർണ മെഡൽ നേട്ടത്തിനുശേഷം വൻ ജനപ്രീതി നേടിയ നീരജ് ചോപ്രയ്ക്ക് നിലവിൽ 428 കോടിയോളം രൂപയാണ് സമൂഹമാധ്യമങ്ങളിലെ മൂല്യം. ജാവലിൻ ത്രോയിൽ സ്വർണം നേടിയതിനു പിന്നാലെ കുതിച്ചുയർന്ന താരത്തിന്റെ ജനപ്രീതിയാണ് വൻ സാമ്പത്തിക നേട്ടങ്ങൾക്കും കാരണമ‌ായിരിക്കുന്നത്.

ടോക്കിയോ ഒളിംപിക്സിനു പിന്നാലെ കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍ ഉൾപ്പെടെ വൻ തുകകൾ ചോപ്രയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന്റെ ബ്രാൻഡ് വാല്യു കുത്തനെ ഉയർന്നത്.

ടോക്കിയോ ഒളിംപിക്സിലെ മെഡൽ നേട്ടത്തിനു പിന്നാലെ പ്രതിഫലം വർധിപ്പിച്ച ചോപ്ര പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടാൻ വൻതുകയാണ് ഈടാക്കുന്നത്. മുൻപ് ഇത് 20 മുതൽ 30 ലക്ഷം രൂപ വരെയായിരുന്നെങ്കിൽ ഇപ്പോൾ കുറഞ്ഞത് രണ്ടു കോടി രൂപയാണ് താരം വാങ്ങുന്നത്. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലും വൻ കുതിച്ചുകയറ്റം. പ്രശസ്ത റിസേർച്ച് കൺസൾട്ടൻസി സ്ഥാപനമായ YouGov SPORT ആണ് ഇതേക്കുറിച്ച് പഠനം നടത്തി റിപ്പോർട്ട് പുറത്തുവിട്ടത്.

ഇൻസ്റ്റഗ്രാമിൽ നീരജിന്റെ ഫോളോവേഴ്സിൽ മാത്രം 2300 ശതമാനം വർധനവാണ് ഉണ്ടായത്. നിലവിൽ 45 ലക്ഷത്തിലധികം പേരാണ് ഇൻസ്റ്റഗ്രാമിൽ ചോപ്രയെ ഫോളോ ചെയ്യുന്നത്.

സ്വർണ മെഡൽ നേട്ടത്തിനുശേഷം സമൂഹമാധ്യമങ്ങളിൽ നീരജ് ചോപ്രയെ മെൻഷൻ ചെയ്തുകൊണ്ട് 14 ലക്ഷത്തിലധികം ആളുകൾ 29 ലക്ഷത്തോളം പോസ്റ്റുകളാണ് പങ്കുവച്ചത്. ഇക്കാലയളവിൽ ചോപ്രയോളം ‘മെൻഷൻ’ ലഭിച്ച മറ്റൊരാളില്ല. ആഗോള തലത്തിൽ സമൂഹമാധ്യമങ്ങളിലും ഡിജിറ്റൽ മാധ്യമങ്ങളിലുമായി ചോപ്രയുടെ റീച്ച് 4.12 കോടി പിന്നിട്ടു. സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായതിനു പിന്നാലെയാണ് ചോപ്രയുടെ മൂല്യം വർധിച്ച് 428 കോടി രൂപയിലെത്തിയത്. 

English Summary: Neeraj Chopra's social media valuation rises to INR 428cr, courtesy Tokyo Olympics Gold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com