ADVERTISEMENT

ഇന്ത്യൻ വോളിബോളിന്റെ പ്രഫഷനൽ ലീഗ് സ്വപ്നം ഇടവേളയ്ക്കുശേഷം വീണ്ടും കോർട്ടിലേക്ക് എത്തുകയാണ്. രാജ്യത്തെ വിവിധ നഗരങ്ങളെ പ്രതിനിധീകരിച്ച് 7 ടീമുകൾ മാറ്റുരയ്ക്കുന്ന പ്രൈം വോളിബോൾ ലീഗിന് ഫെബ്രുവരി ആദ്യവാരം പന്തുയരും. ലീഗിലെ 2 ടീമുകൾ കേരളത്തിൽ നിന്നാണ്; കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്പൈക്കേഴ്സും. ലീഗിലെ മുഴുവൻ മത്സരങ്ങൾക്കും കൊച്ചി വേദിയൊരുക്കുമെന്നതു കേരളത്തിലെ വോളിബോൾ ആരാധകർക്കുള്ള മറ്റാരു സന്തോഷ വാർത്ത.

ദേശീയ വോളിബോൾ ഫെഡറേഷനും ബേസ്‍ലൈൻ വെഞ്ചേഴ്സും സംയുക്തമായി രാജ്യത്തെ ആദ്യ പ്രഫഷനൽ വോളിബോൾ ലീഗിന് (പ്രോ വോളിബോൾ) 2019 ൽ തുടക്കമിട്ടിരുന്നെങ്കിലും സംഘാടകർ തമ്മിലുള്ള തർക്കം മൂലം ആദ്യ സീസണിനുശേഷം ലീഗ് മുടങ്ങിപ്പോയി. തുടർന്നാണ് സ്പോർട്സ് മാർക്കറ്റിങ് കമ്പനിയായ ബേസ്‍ലൈൻ വെഞ്ചേഴ്സിന്റെ നേതൃത്വത്തിൽ പ്രൈം വോളിബോൾ ലീഗ് ആവിഷ്ക്കരിച്ചത്. പുതിയ വോളിബോൾ ലീഗിന്റെ സാധ്യതകളെക്കുറിച്ച് ബേസ്‍ലൈൻ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കോ ഫൗണ്ടറും എംഡിയുമായ തുഹിൻ മിശ്ര സംസാരിക്കുന്നു. 

∙ ഏറെ പ്രതീക്ഷയോടെ ആരംഭിച്ച പ്രോ വോളിബോൾ ലീഗ് 2019ലെ പ്രഥമ സീസണിനുശേഷം നിലച്ചു പോയി. പ്രൈം വോളിബോൾ ലീഗ് വോളിബോൾ ആരാധകരുടെ പ്രതീക്ഷ കാക്കുമോ?

രാജ്യത്തെ വോളിബോൾ കളിക്കാരുടെയും ആരാധകരുടെയും ഏറെക്കാലമായുള്ള സ്വപ്നമായിരുന്നു ഒരു പ്രഫഷനൽ ലീഗ്. പ്രോ വോളിബോൾ ലീഗ് ആവിഷ്ക്കരിച്ചത് ആ സ്വപ്നത്തിന്റെ ചുവടു പിടിച്ചാണ്. കളിക്കാരും ആരാധകരും ആദ്യ സീസണിൽ തന്നെ ലീഗിനെ നെഞ്ചോടു ചേർത്തു. എന്നാൽ വോളിബോളിന്റെയും കളിക്കാരുടെയും വളർച്ചയ്ക്കപ്പുറം മറ്റു ലക്ഷ്യങ്ങളുള്ള ചിലർ സംഘാടകർക്കിടയിലുണ്ടായിരുന്നു. അവരാണ് ആ സ്വപ്ന പന്തിന്റെ കാറ്റഴിച്ചു വിട്ടത്.

prime-volleyball-logo

ഒരു പ്രഫഷനൽ ലീഗ് ആരംഭിക്കുമ്പോൾ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണമെന്നതിൽ ഞങ്ങൾക്കു വലിയൊരു പാഠമായിരുന്നു പ്രോ വോളിബോൾ ലീഗ് ഒന്നാം സീസൺ. അതുകൊണ് ഫ്രാഞ്ചൈസി ടീം ഉടമകൾ ലീഗിന്റെ സംഘാടകരുമാകുന്ന രീതിയിലാണു പ്രൈം വോളിബോളിന്റെ ഘടന നിശ്ചയിച്ചരിക്കുന്നത്. രാജ്യത്തെ വോളിബോൾ കളിക്കാ‍ർക്ക് തങ്ങളുടെ മികവ് പ്രദർശിപ്പിക്കാനുള്ള ഒരു പ്ലാറ്റ്ഫോം ഒരുക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്. ഒപ്പം കളിയിൽ നിന്നു വരുമാനം നേടാൻ അവർക്ക് അവസരവുമൊരുക്കുന്നു. 

∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനു കീഴിലാണ് ഐപിഎൽ. ഇന്ത്യൻ ഫുട്ബോൾ ഫെ‍ഡറേഷന്റെ അംഗീകാരത്തോടെയാണു ഐഎസ്എൽ. രാജ്യത്തെ വോളിബോൾ ഫെ‍ഡറേഷന്റെ എതിർപ്പ് മറികടന്ന് കളിക്കാർ ലീഗിന്റെ ഭാഗമാകുമോ?

ഇന്ത്യയിൽ ഏതൊരു കളിക്കാരനും സ്വകാര്യ ലീഗുകളുടെ ഭാഗമാകാനും മത്സരിക്കാനും കഴിയും. കളിക്കാരുടെ ഇത്തരം അവകാശങ്ങൾ ഉറപ്പാക്കുന്ന ഒട്ടേറെ കോടതി വിധികളുണ്ട്. രാജ്യത്തെ ഒരു വോളിബോൾ താരത്തെയും സ്വകാര്യ ലീഗുകളിൽ പങ്കെടുക്കുന്നതിൽ നിന്നു തടയില്ലെന്നു വോളിബോൾ ഫെഡറേഷൻ (വിഎഫ്ഐ) കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയ്ക്കു മുൻപിൽ സത്യവാങ്മൂലം നൽകിയിട്ടുള്ളതുമാണ്.

അതുകൊണ്ടു ലീഗിനെ തടയാൻ ഫെഡറേഷനു കഴിയില്ല. മത്സരയിനത്തിന്റെ പ്രചാര വർധനയും കളിക്കാരുടെ ക്ഷേമവുമാണല്ലോ എല്ലാ കായിക അസോസിയേഷനുകളുടെയും പ്രധാന ലക്ഷ്യം. അങ്ങനെയെങ്കിൽ രാജ്യത്തു വോളിബോളിന്റെ പ്രചാരം വർധിക്കാൻ സഹായിക്കുന്ന സ്വകാര്യ ലീഗുകൾക്കു പിന്തുണ നൽകുകയല്ലേ വിഎഫ്ഐ ചെയ്യേണ്ടത്. 

∙ പ്രോ വോളിബോളിനെ അപേക്ഷിച്ച് പ്രൈം വോളിബോൾ ലീഗിലെ പുതുമകൾ എന്തൊക്കെയാകും ?

പ്രോ വോളിബോളിൽ മത്സരിച്ചത് 6 ടീമുകളായിരുന്നെങ്കിൽ പ്രൈം വോളിബോളിലെ ഫ്രാ​ഞ്ചൈസികളുടെ എണ്ണം ഏഴാണ്. അതുകൊണ്ടു തന്നെ മത്സരങ്ങളുടെ എണ്ണം കൂടും. ആദ്യ സീസണിൽ ആകെ 24 മത്സരങ്ങളുണ്ടാകും. മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലും മത്സരങ്ങളുടെ തൽ‌സമയ സംപ്രേഷണമുണ്ടാകും. 400 താരങ്ങളാണ് പ്രൈം വോളിബോളിന്റെ ലേലത്തിൽ പങ്കെടുക്കുന്നതിന് ഇതുവരെ റജിസ്റ്റർ ചെയ്തത്.

പ്രോ വോളിയിൽ റജിസ്റ്റർ ചെയ്തവരേക്കാൾ നാലിരട്ടിയാണു വർധന. ഓരോ ടീമിലും 2 വിദേശ താരങ്ങൾ വീതമുണ്ടാകും. രണ്ടു തവണ ഒളിംപിക് മെഡൽ ജേതാവായ അമേരിക്കൻ താരം ഡേവിഡ് ലീ അടക്കമുള്ളവർ എത്തും. മത്സരങ്ങൾ കൂടുതൽ ആകർഷകമാക്കുന്നതിനുള്ള മറ്റു നിർദേശങ്ങളും ഞങ്ങൾ പരിശോധിക്കുന്നുണ്ട്. 

∙ പ്രഥമ പ്രൈം വോളി ലീഗിലെ മത്സരങ്ങൾക്കു വേദിയായി നിശ്ചയിച്ചിരിക്കുന്നത് കൊച്ചിയാണ്. രാജ്യത്തു വോളിബോളിന് കൂടുതൽ ആരാധകരുള്ളത് കേരളത്തിലാണോ? 

രാജ്യത്ത് വോളിബോളിന്റെ ചങ്കിടിപ്പാണ് കേരളം. കേരളത്തെ ഒഴിവാക്കിയുള്ള ഒരു വോളിബോൾ സംരംഭത്തിനും പ്രസക്തിയുണ്ടാകില്ല. 2 വർഷം മുൻപ് നടന്ന പ്രോ വോളിബോൾ ലീഗിന്റെ ആദ്യ സീസണിനെ നെഞ്ചിലേറ്റിയതും വിജയിപ്പിച്ചതും കൊച്ചിയിലെ ഗാലറി നിറച്ചെത്തിയ കേരളത്തിലെ വോളിബോൾ പ്രേമികളാണ്. അതുകൊണ്ടു പ്രൈം വോളിബോൾ ലീഗിനെക്കുറിച്ചുള്ള ചർച്ചകൾ മുന്നോട്ടു പോയതു കൊച്ചി കേന്ദ്രീകരിച്ചതാണ്. ലീഗിലെ 7 ഫ്രാഞ്ചൈസി ടീമുകളിൽ രണ്ടും കേരളത്തിൽ നിന്നാണ് എന്നത് ഈ നാട് എത്രത്തോളം വോളിബോളിനെ പിന്തുണയ്ക്കുന്നു എന്നതിനു തെളിവാണ്.

English Summary: Tuhin Mishra Interview 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com