ധാക്ക ∙ രണ്ടു ദിവസം മുൻപ് 6–0നു തോൽപിച്ചു വിട്ട ടീമിനോട് 3–5നു തോൽക്കുക; ഇന്ത്യൻ ഹോക്കി ടീമിനെ സമ്മതിക്കണം! ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി സെമി ഫൈനലിൽ ജപ്പാനാണ് ഇന്ത്യയെ ഞെട്ടിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഞായറാഴ്ച ഇതേ എതിരാളികളെ ഇന്ത്യ അര ഡസൻ ഗോളുകൾക്കു തോൽപിച്ചിരുന്നു. ആദ്യ സെമിയിൽ പാക്കിസ്ഥാൻ ദക്ഷിണ കൊറിയയയോടും തോറ്റതോടെ (6–5) നിലവിലെ സംയുക്ത ജേതാക്കളായ ഇന്ത്യയും പാക്കിസ്ഥാനും ഫൈനൽ കാണാതെ പുറത്തായി. നാളെ മൂന്നാം സ്ഥാന മത്സരത്തിൽ (വൈകിട്ട് 3) ഇരുടീമും ഏറ്റുമുട്ടും. ഫൈനലിൽ വൈകിട്ട് 5.30ന് കൊറിയയും ജപ്പാനും നേർക്കുനേർ.
ആദ്യ 2 മിനിറ്റുകളിൽ 2 ഗോളടിച്ച ജപ്പാൻ ഇന്ത്യയെ നിലത്തു നിർത്താതെയാണ് ജയിച്ചു കയറിയത്. ഷോട്ട യമാഡ (1–പെനൽറ്റി), റെയ്കി ഫുജിഷിമ (2), യോഷികി കിരിഷിത (29), കോസി കവാബെ (35), റ്യോമ ഓക (41) എന്നിവരാണ് സ്കോറർമാർ. ഹാർദിക് സിങ് ഇന്ത്യയ്ക്കായി ഇരട്ടഗോൾ നേടി (17,58). വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് സിങും (43) ലക്ഷ്യം കണ്ടു.
English Summary: Asian Champions trophy; Japan beats India