മെസ്സിയുടെ കണ്ണീർ, നീരജിന്റെ സ്വർണം..; 2021ൽ കായികലോകം ശ്രദ്ധിച്ച 10 മുഹൂർത്തങ്ങൾ

SHARE

കൈവിട്ട ദൂരവും സമയവും അവസാന ലാപ്പിൽ ഓടിപ്പിടിക്കുന്ന അത്‌ലീറ്റിനെപ്പോലെയായിരുന്നു 2021. കോവിഡ് മൂലം 2020 ൽ നടക്കാതെ പോയ പല കായികമാമാങ്കങ്ങളും നടന്നത് ഈ വർഷമാണ്. അതുകൊണ്ടുതന്നെ 2021 ഒരു ‘സ്പോർട്ട് പായ്ക്ക്ഡ്’ വർഷം ആയിരുന്നു. അതിൽ ആക്‌ഷനും ഇമോഷനും ഒരു പോലെ ഇടകലർന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാലസഖി’യെക്കുറിച്ച് എം.പി.പോൾ പറഞ്ഞ വിഖ്യാതമായ വാക്കുകൾ പോയ വർഷത്തെ കായികജീവിതത്തിനും ചേരും– ‘ഇത് ജീവിതത്തിൽനിന്നു ചീന്തിയെടുത്ത ഏടാണ്. അതിന്റെ വക്കുകളിൽ ചിലപ്പോൾ ചോര പൊടിഞ്ഞിട്ടുണ്ടാകും..’ അങ്ങനെ പോയ വർഷത്തെ കലണ്ടർ കള്ളികളിൽനിന്നു ചീന്തിയെടുത്ത 10 കായിക കഥാചിത്രങ്ങൾ ഇതാ..

∙ കണ്ണീരിൽ മുങ്ങി...

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കണ്ണീർ വർഷമായിരുന്നു 2021. ആദ്യം, കാത്തിരുന്നു നേടിയ കിരീടത്തിന്റെ ആനന്ദാശ്രു ആയിരുന്നെങ്കിൽ മറ്റൊന്ന് മനസ്സുരുകുന്ന വിടവാങ്ങലിന്റെ വേദനയിലായിരുന്നു. ജൂലൈ 10ന് മാരക്കാന സ്റ്റേഡിയത്തിൽ ബ്രസീലിനെ തോൽപിച്ച് അർജന്റീന കോപ്പ അമേരിക്ക കിരീടം ചൂടിയപ്പോൾ മെസ്സി ഒരു കൊച്ചു കുട്ടിയെപ്പോലെ വിതുമ്പി.

messi

ഓഗസ്റ്റിൽ ഒരു യുഗാവസാനം പോലെ മെസ്സി സ്പാനിഷ് ക്ലബ് ബാർസിലോന വിട്ടതും കണ്ണീരോടെ. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് മെസ്സിയുടെ വിടവാങ്ങൽ ആരാധകരും ഉൾക്കൊണ്ടത്. 13–ാം വയസ്സിൽ ബാർസയിലെത്തിയ മെസ്സി രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം തീർത്തും അപ്രതീക്ഷിതമായിട്ടാണ് ബാർസ വിട്ടത്.  

∙ മനസ്സു കീഴടക്കി ഡെൻമാർക്ക് 

യൂറോ കപ്പ് ഫുട്ബോളിൽ ജേതാക്കളായത് ഇറ്റലിയാണെങ്കിലും ഫുട്ബോൾ ആരാധകരുടെ മനസ്സ് കീഴടക്കിയത് ഡെന്മാർക്കായിരുന്നു. ഫിൻലൻഡിനെതിരെയുള്ള മത്സരത്തിൽ ഹൃദയാഘാതം മൂലം കുഴഞ്ഞു വീണ തങ്ങളുടെ സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്‌സന്  സമചിത്തതയോടെ പ്രഥമശുശ്രൂഷ നൽകിയാണ് അവർ ജീവിതത്തിലേക്കു തിരിച്ചു വിളിച്ചത്. ഫിൻലൻഡ് കളിക്കാരും ആരാധകരും അതിനു കൂട്ടുനിന്നപ്പോൾ ലോകം മനസ്സു നിറഞ്ഞ് കയ്യടിച്ചു.

Christian Eriksen

മൈതാനത്തേക്ക് ഓടിയെത്തിയ എറിക്സന്റെ ജീവിതപങ്കാളി സബ്രീനയെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ച ഡാനിഷ് ക്യാപ്റ്റൻ സൈമൺ കെയ്റിന്റെ ഈ ചിത്രം അങ്ങനെ 2021 ലെ ഏറ്റവും ഹൃദ്യമായ ചിത്രശേഷിപ്പുകളിലൊന്നായി. 

∙ മാക്സ് ‘വേഗപ്പൻ’ 

എട്ടാം കിരീടവും ലോക റെക്കോർഡും ലക്ഷ്യമിട്ട മെഴ്സിഡീസ് താരം ലൂയിസ് ഹാമിൽട്ടനെ സീസണിലെ അവസാന ഗ്രാൻപ്രിയിലെ അവസാന ലാപ്പിൽ പിന്നിലാക്കി റെ‍ഡ്ബുള്ളിന്റെ ഡച്ച് ഡ്രൈവർ മാക്സ് വേർസ്റ്റപ്പൻ കന്നിക്കിരീടം ചൂടിയത് പോയ വർഷത്തെ ഏറ്റവും ഉജ്വലമായ കായികമുഹൂർത്തങ്ങളിലൊന്നായി.

max

അബുദാബി ഗ്രാൻപ്രിക്കു മുൻപ് പോയിന്റ് നിലയിൽ ഒപ്പത്തിനൊപ്പം നിൽക്കുകയായിരുന്നു ഇരുവരും. ഇതിഹാസ താരം മൈക്കൽ ഷൂമാക്കറിന്റെ ഏഴ് കിരീടങ്ങൾക്കൊപ്പം നിൽക്കുന്ന ഹാമിൽട്ടന് ഈ മത്സരത്തിൽ ജയിച്ചിരുന്നുവെങ്കിൽ ഏറ്റവും കൂടുതൽ ഫോർമുല വൺ കിരീടം എന്ന റെക്കോർഡ് ഒറ്റയ്ക്കു സ്വന്തമാക്കാമായിരുന്നു.

∙ നീ രാജ്യം..നീരജ്...

ടോക്കിയോയിലെ ഒളിംപിക് സ്റ്റേ‍ഡിയത്തിൽ നീരജ് കൈവിരിച്ചു നിന്നപ്പോൾ അഭിമാനപുളകിതരായത് നൂറു കോടിയിലേറെ ഇന്ത്യക്കാരാണ്. ജാവലിൻ ത്രോയിൽ 87.58 മീറ്റർ ദൂരം എറിഞ്ഞിട്ട് നീരജ് നേടിയെടുത്തത് ഒളിംപിക് അത്‌ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യ സ്വർണമെഡലാണ്.

neeraj-chopra

ഏഴു മെഡലെന്ന എക്കാലത്തെയും മികച്ച ചരിത്രനേട്ടവുമായാണ് ടോക്കിയോയിൽനിന്ന് ഇന്ത്യ മടങ്ങിയത്. പുരുഷ ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിന്റെ വിശ്വസ്ത കാവൽക്കാരനായി പി.ആർ.ശ്രീജേഷ് മലയാളികളുടെ അഭിമാനമായി. പിന്നാലെ നടന്ന പാരാലിംപിക്സിലും ഇന്ത്യ സർവകാല നേട്ടം കൈവരിച്ചു. 

∙ സുവർണ സൗഹൃദം...

സ്വർണപ്പകിട്ടുള്ള ഒരു സുഹൃദ് ബന്ധത്തിന്റെ ഇതിഹാസമാണ് ഖത്തറിന്റെ മുതാസ് ഇസാ ബർഷിമും ഇറ്റലിയുടെ ജിയാൻ മാർക്കോ ടംബേരിയും ടോക്കിയോ ഒളിംപിക്സിൽ തീർത്തത്. പുരുഷ ഹൈജംപിൽ സ്വർണ മെഡൽ പങ്കു വയ്ക്കാൻ ഇരുവരും തീരുമാനിച്ചപ്പോൾ പിറന്നത് ഒളിംപിക്സിലെ അപൂർവസംഭവം.

barshim-tamberi

2.37 മീറ്ററാണ് ഇരുവരും ഫൈനലിൽ താണ്ടിയ ദൂരം. സ്വർണ മെഡൽ ജേതാവിനെ തിരഞ്ഞെടുക്കാൻ ജംപ് ഓഫ്‌ വേണ്ടി വരും എന്നതിൽനിന്നുമാണ് സ്വർണം പങ്കു വെക്കാം എന്ന തീരുമാനത്തിലേക്ക് സുഹൃത്തുക്കൾ കൂടിയായ ഇരുവരും എത്തിച്ചേർന്നത്.

∙ കൗമാരവിപ്ലവം..

2021ലെ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ മാറ്റുരച്ചത് ബ്രിട്ടന്റെ പതിനെട്ടുകാരി എമ്മ റാഡുകാനുവും കാനഡയുടെ പത്തൊൻപതുകാരി ലെയ്‌ല ഫെർണാണ്ടസും. 6-4, 6-3 എന്ന സ്കോറിന് ജയിച്ച് എമ്മ കിരീടം ചൂടി.

emma-raducanu

യോഗ്യതാ റൗണ്ട് കളിച്ചെത്തി ഗ്രാൻസ്‌ലാം കിരീടം നേടുന്ന ആദ്യ താരം എന്ന നേട്ടവും എമ്മ സ്വന്തമാക്കി. തുടരെ 10 മത്സരങ്ങളിൽ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് എമ്മയുടെ കന്നിക്കിരീടം. 

∙ ഓ..ഒസാക്ക...

വിജയങ്ങൾക്കും കിരീടങ്ങൾക്കുമപ്പുറം വാർത്തകളിൽ നിറഞ്ഞു നിന്നു ജാപ്പനീസ് വനിതാ ടെന്നിസ് താരം നവോമി ഒസാക്ക. ആരാധകരെയും സംഘാടകരെയുമെല്ലാം ഞെട്ടിച്ചുകൊണ്ട് ഫ്രഞ്ച് ഓപ്പണിൽനിന്നു പിന്മാറിയ ഒസാക്ക അതിനു കാരണം പറഞ്ഞു– ‘എനിക്കെന്റെ മാനസികാരോഗ്യം വീണ്ടെടുക്കണം.’

sp-osaka

കഴിഞ്ഞ യുഎസ് ഓപ്പണിൽ കറുത്ത വർഗക്കാരുടെയും അഭയാർഥികളുടെയും പേരുകളെഴുതിയ മാസ്‌ക്കുകൾ അണിഞ്ഞു മത്സരിച്ച ഒസാക്കയ്ക്കു പിന്തുണയായി കായികലോകം ഒന്നാകെയെത്തി. ടോക്കിയോ ആതിഥ്യമരുളിയ ഒളിംപിക്സിനു ദീപം കൊളുത്താൻ ജപ്പാൻ തിരഞ്ഞെടുത്തത് ഒസാക്കയെത്തന്നെ. ഓസ്ട്രേലിയൻ ഓപ്പൺ മത്സരത്തിനിടെ ഒസാക്കയുടെ മുഖത്ത് ഒരു ചിത്രശലഭം വന്നിരിക്കുന്നത് ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തപ്പോൾ അതും ഒരു  മനോഹര കാഴ്ചയായി. 

∙ ഇന്ത്യ–പാക്ക് ഭായി ഭായി...

ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനോട് ഇന്ത്യ 10 വിക്കറ്റിനു തോറ്റെങ്കിലും മത്സരശേഷം പാക്കിസ്ഥാൻ ഓപ്പണർ മുഹമ്മദ്‌ റിസ്‌വാനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ച ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ ചിത്രം ഈ വർഷം സമൂഹമാധ്യമങ്ങളിൽ ഏറ്റവും പ്രചരിക്കപ്പെട്ട ചിത്രങ്ങളിലൊന്നായി. ഒരു ലോകകപ്പ് മത്സരത്തിൽ ഇതാദ്യമായാണ് പാക്കിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്.

sp-kohli-rizwan

കോലിയുടെ അർധ സെഞ്ചുറിയിൽ ഇന്ത്യ കുറിച്ച 151 റൺസ് ക്യാപ്റ്റൻ ബാബർ അസം, റിസ്‌വാൻ എന്നിവരുടെ അപരാജിതമായ സെഞ്ചുറി കൂട്ടുകെട്ടിൽ പാക്കിസ്ഥാൻ മറികടന്നു. ഇന്ത്യ സെമിഫൈനൽ കാണാതെ പുറത്തായ ലോകകപ്പിൽ ജേതാക്കളായത് ഓസ്ട്രേലിയ. 

∙ സോറി..ജോക്കോ...

ഒരു കലണ്ടർ വർഷം 3 ഗ്രാൻ‌സ്‌ലാം കിരീടങ്ങൾ എന്നത് 99.99 ശതമാനം ടെന്നിസ് താരങ്ങൾക്കും സ്വപ്നതുല്യമായ നേട്ടമാണ്. എന്നാൽ സെർബിയൻ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന് അത് സ്വപ്നഭംഗമാണ്. വർഷാദ്യം മുതൽ ഉജ്വലഫോമിലായിരുന്ന ജോക്കോ ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിമ്പിൾഡൻ എന്നിവ നേടി കലണ്ടർ ഗ്രാൻസ്‍ലാം നേട്ടത്തിന്റെ അരികെയെത്തിയതാണ്.

djokovic

എന്നാൽ യുഎസ് ഓപ്പൺ ഫൈനലിൽ ഡാനിൽ മെദ്‌വദേവിനോടു തോറ്റതോടെ ആ സ്വപ്നം പൊലിഞ്ഞു. നേരത്തേ ടോക്കിയോ ഒളിംപിക്സ് സെമിഫൈനലിൽ അലക്സാണ്ടർ സ്വരേവിനോടു തോറ്റതോടെ അത്യപൂർവമായ ഗോൾഡൻ സ്‌ലാം സ്വപ്നവും ജോക്കോ കൈവിട്ടിരുന്നു. തോൽവികളിൽ നിയന്ത്രണം വിട്ട് പലവട്ടം റാക്കറ്റ് എറിഞ്ഞുടച്ചും ജോക്കോ തലക്കെട്ടുകളിൽ ഇടം പിടിച്ചു. 

∙ പത്തിൽ പത്ത്..

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അത്യപൂർവമായ ഒരു നേട്ടത്തിനും 2021 സാക്ഷ്യം വഹിച്ചു. ടെസ്റ്റിലെ ഒരു ഇന്നിങ്സിലെ പത്തിൽ പത്തു വിക്കറ്റും വീഴ്ത്തുന്ന മൂന്നാമത്തെ മാത്രം താരമായി ന്യൂസീലൻഡ് സ്പിന്നർ അജാസ് പട്ടേൽ. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്കെതിരെയുള്ള 2–ാം ടെസ്റ്റിലായിരുന്നു മുംബൈയിൽ ജനിച്ച് ന്യൂസീലൻഡിലേക്കു കുടിയേറിയ അജാസിന്റെ നേട്ടം.

ajaz

47.5 ഓവറിൽ 119 റൺസിനാണ് അജാസ് ഇന്ത്യയുടെ 10 വിക്കറ്റുകളും വീഴ്ത്തിയത്. ഇംഗ്ലണ്ട് താരം ജിം ലേക്കറും (1956) ഇന്ത്യൻ താരം അനിൽ കുംബ്ലെയും (1999) മാത്രമാണ് ഈ നേട്ടം മുൻപ് കൈവരിച്ചവർ. അജാസിന്റെ അപൂർവ നേട്ടത്തിനിടയിലും മത്സരം ഇന്ത്യ 372 റൺസിനു ജയിച്ചു. 

English Summary: Unforgettable moments from sports in 2021

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA