ADVERTISEMENT

ഭുവനേശ്വർ (ഒഡീഷ) ∙ അഖിലേന്ത്യാ അന്തർ സർവകലാശാല പുരുഷ വോളിബോൾ കിരീടം കാലിക്കറ്റ് സർവകലാശാലയ്ക്ക്. 2 മണിക്കൂറോളം നീണ്ട ആവേശ ഫൈനലിൽ ഹരിയാനയിൽനിന്നുള്ള കുരുക്ഷേത്ര സർവകലാശാലയെ തകർത്താണു കാലിക്കറ്റിന്റെ കുതിപ്പ്. സ്കോർ: 21-25, 25-18, 25-20, 24-22. ആദ്യ സെറ്റ് നഷ്ടപ്പെട്ടെങ്കിലും തിരിച്ചടിച്ചാണു കാലിക്കറ്റിന്റെ കിരീടനേട്ടം. കിരീടത്തിനായുള്ള കാലിക്കറ്റിന്റെ 32 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു. 1989ലാണു കാലിക്കറ്റ് അവസാനമായി കിരീടം നേടിയത്. 

നിർണായക സമയങ്ങളിൽ കിടിലൻ സ്മാഷുകൾ പായിച്ച അറ്റാക്കർ ഐബിൻ ജോസാണു കാലിക്കറ്റിനായി തിളങ്ങിയത്. ക്യാപ്റ്റൻ ജോൺ ജോസഫും വി.ടി.അശ്വിൻരാഗും നിസാം മുഹമ്മദും ഡി.ദീക്ഷിതും മികച്ച ഒത്തിണക്കത്തോടെ കളിച്ചു. ലിബറോ റോളിൽ ആനന്ദും മികച്ചുനിന്നു. ആദ്യ സെറ്റ് നഷ്ടപ്പെട്ടതോടെ കാലിക്കറ്റ് ഉണർന്നു. രണ്ടും മൂന്നും സെറ്റുകളിൽ കാലിക്കറ്റിന്റെ സർവാധിപത്യം. നിർണായകമായ 4–ാം സെറ്റിൽ കുരുക്ഷേത്ര 24-22 വരെയെത്തിച്ചു. 

ഇവർ താരങ്ങൾ 

ജോൺ ജോസഫ് (ക്യാപ്റ്റൻ), എ.നിസാം മുഹമ്മദ്, ഡി.ദീക്ഷിത്, കെ.കെ.അമൽ അജയ്, കെ.ആനന്ദ് (എല്ലാവരും കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ്),  ജെനിൻ യേശുദാസ്, കെ.പി.മുഹമ്മദ് നാസിഫ് (ഇരിങ്ങാലക്കുട ക്രൈസ്റ്റ്), കെ.കെ.ദിൽഷിൻ (കൊണ്ടോട്ടി ഇഎംഇഎ), റോണി സെബാസ്റ്റ്യൻ (ചേളന്നൂർ എസ്എൻ), വി.ടി.അശ്വിൻരാഗ്, വി.വി.ജിഷ്ണു (കൊടകര സഹൃദയ), ഐബിൻ ജോസ് (കൊടുങ്ങല്ലൂർ അസ്മാബി കോളജ്). 

കരുത്തായി ഒപ്പം

9 വർഷമായി കാലിക്കറ്റിന്റെ പരിശീലകനായ ലിജോ വി.ജോണിനെ മൂന്നാമത്തെ ശ്രമത്തിലാണ് കിരീടഭാഗ്യം തേടിയെത്തുന്നത്. നേരത്തേ 2 തവണ ലിജോ പരിശീലിപ്പിച്ച ടീം ഫൈനലിൽ തോറ്റിരുന്നു. കോഴിക്കോട് സായ് പരിശീലകനാണ്. സ്പോർട്സ് അക്കാദമി കോച്ച് കെ.പി.ബിനീഷ് കുമാർ, സി.വി.നജീബ്, മാനേജർ അഹമദ് ഫായിസ് എന്നിവരാണു ലിജോയ്ക്കൊപ്പം ടീമിനു കരുത്തു പകർന്നത്.

English Summary: All India inter university men's volleyball: Calicut wins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com