ADVERTISEMENT

ഇന്ത്യൻ‌ വനിതാ ഹോക്കി ടീമിന്റെ വൻമതിലാണ് ഹരിയാനക്കാരി സവിതാ പുനിയ. എതിർ ടീമിന്റെ ആക്രമണങ്ങൾക്കെതിരെ ചിറകെട്ടി ഇന്ത്യൻ ഗോൾവല സംരക്ഷിക്കുന്ന കാവൽ മാലാഖ. ടോക്കിയോ ഒളിംപിക്സിൽ അടക്കം ഇന്ത്യയുടെ വിജയക്കുതിപ്പിൽ നിർണായകമായത് പ്രതിരോധത്തിൽ സവിത പുറത്തെടുത്ത അസാമാന്യ പ്രകടനമായിരുന്നു. രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ കഴിഞ്ഞവർഷത്തെ ഏറ്റവും മികച്ച വനിതാ ഗോൾകീപ്പർക്കുള്ള പുരസ്കാരം സവിതയെത്തേടിയെത്തിയത് ആ മികവിനുള്ള അംഗീകാരം കൂടിയായിരുന്നു.

ഏഷ്യൻ ഗെയിംസും കോമൺവെൽത്ത് ഗെയിംസും ലോകകപ്പ് ഹോക്കിയുമെല്ലാം ഉൾപ്പെടുന്ന 2022 തന്റെ കരിയറിലെ ഏറ്റവും നിർണായക വർഷമാകുമെന്നു സവിത പറയുന്നു. പുതിയ വർഷത്തിലെ പ്രതീക്ഷകളെക്കുറിച്ച് താരം മനോരമ ഓൺലൈനോട് സംസാരിക്കുന്നു

∙ ഇന്ത്യൻ‌ വനിതാ ടീമിനു മാരത്തൺ മത്സരങ്ങളുടെ കാലമാണ് 2022. ഈ വർഷത്തെ പ്രധാന ലക്ഷ്യങ്ങൾ എന്തൊക്കെയാണ് ?

21ന് ഒമാനിൽ ആരംഭിക്കുന്ന ഏഷ്യ കപ്പാണ് ഈ വർഷത്തെ ആദ്യ പ്രധാന ടൂർണമെന്റ്. ഏഷ്യ കപ്പ് ജേതാക്കളായി ജൂലൈയിൽ നടക്കുന്ന വനിതാ ലോകകപ്പിനു യോഗ്യത ഉറപ്പാക്കണം. ഇതാണ് പ്രധാന ലക്ഷ്യം. 2017ലെ ചൈനയിൽ നടന്ന ചാംപ്യൻഷിപ്പിൽ ഇന്ത്യ ജേതാക്കളായിരുന്നു. ഇപ്പോഴത്തെ വനിതാ ടീം ലോക മത്സരങ്ങളിലെ മികച്ച വിജയങ്ങൾക്കു തുടക്കമിട്ടത് ആ ചാംപ്യൻഷിപ്പിലൂടെയാണ്. ഇത്തവണയും പുതിയൊരു തുടക്കമാണ് ഏഷ്യ കപ്പിലൂടെ ഞങ്ങൾ ആഗ്രഹിക്കുന്നത്. 2024 പാരിസ് ഒളിംപിക്സിനു യോഗ്യത നേടാനുള്ള സുവർണാവസരം കൂടിയാണ് ഈ മത്സരം. 

സവിത പുനിയ മത്സരത്തിനിടെ (ട്വിറ്റർ ചിത്രം)
മത്സരത്തിനിടെ സവിത പുനിയ (ട്വിറ്റർ ചിത്രം)

∙ ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ മത്സരത്തിനുശേഷം ഗ്രൗണ്ടിൽ സവിത കരഞ്ഞു തളർന്നിരുന്നത് എല്ലാവരെയും വേദനിപ്പിച്ച കാഴ്ചയായിരുന്നു. ഈ നിരാശയിൽ നിന്ന് കരകയറിയോ?

ബ്രിട്ടനെതിരായ മത്സരത്തിൽ‌ വിജയത്തിനടുത്ത് എത്തിയശേഷമാണ് ഞങ്ങൾ തോറ്റുപോയത്. മത്സരത്തിന്റെ ഒരുഘട്ടത്തിൽ ഒളിംപിക്സ് മെഡൽ ഉറപ്പിച്ചെന്ന തോന്നലുണ്ടായിരുന്നു. അതുകൊണ്ടാണ് ആ തോൽവി ‍‍ഞങ്ങളെയെല്ലാം കരയിച്ചത്. അന്നത്തെ വേദന മറന്നെങ്കിലും ആ മത്സരം നൽകിയ വലിയ അനുഭവ പാഠം മറക്കില്ല. കളിയിലെ വ്യക്തിപരമായ പോരായ്മകൾ മനസ്സിലാക്കി തിരുത്താൻ ആ മത്സരത്തിലൂടെ എനിക്കു സാധിച്ചിട്ടുണ്ട്. 

savita-punia-team
ഇന്ത്യൻ വനിതാ ഹോക്കി ടീം. വലത് സവിത പുനിയ (ട്വിറ്റർ ചിത്രം)

∙ ടോക്കിയോ ഒളിംപിക്സിലെ പ്രകടനത്തിലൂടെ ഇന്ത്യയിൽ വനിതാ ഹോക്കിയുടെ പ്രചാരം വളരെയേറെ വർധിച്ചു. ആരാധകരുടെ എണ്ണം കൂടി. സവിത ഒട്ടേറെ പെൺകുട്ടികളുടെ റോൾ മോഡലായി. പ്രതീക്ഷകളുടെ അമിത സമ്മർദം ഇനിയുള്ള മത്സരങ്ങളെ ബാധിക്കുമോ?

രാജ്യത്തു വനിതാ ഹോക്കി കൂടുതൽ ജനപ്രിയമാകണമെന്നതു ഞങ്ങളുടെയെല്ലാം സ്വപ്നമായിരുന്നു. അതാണു പതിയെ യാഥാർഥ്യമാകുന്നത്. മത്സരം കാണാനും പ്രചോദിപ്പിക്കാനും കൂടുതൽ ആളുകളെത്തുന്നത് ഉത്തരവാദിത്തം കൂട്ടും. മികച്ച പ്രകടനം നടത്താൻ‌ ആവേശം പകരും. അതല്ലാതെ പ്രകടനത്തിൽ ഒരിക്കലും പിന്നോട്ടു പോകില്ല. 

savita-sreejesh
ശ്രീജേഷിനൊപ്പം സവിത

∙ പുരുഷ ഹോക്കി ടീം ഗോൾകീപ്പർ പി.ആർ.ശ്രീജേഷുമായാണ് സവിതയുടെ പ്രകടനത്തെ പലരും താരതമ്യപ്പെടുത്തുന്നത്. ഗോൾകീപ്പറെന്ന നിലയിൽ ശ്രീജേഷ് എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്?

ഹോക്കിയിൽ എന്റെ റോൾ മോഡലാണ് ശ്രീജേഷ് ഭായി. കളിക്കളത്തിൽ അദ്ദേഹം പുറത്തെടുക്കുന്ന ആക്രമണോത്സുകതയും പോസിറ്റീവ് എനർജിയും അനുകരിക്കാനാണ് ഞാൻ എപ്പോഴും ശ്രദ്ധിച്ചിട്ടുള്ളത്. കഴിഞ്ഞ 6 വർഷത്തോളമായി ദേശീയ ക്യാംപിൽ ഞങ്ങൾ ഒരുമിച്ചാണു പരിശീലിക്കുന്നത്. മികവു വർധിപ്പിക്കുന്നതിലും തെറ്റുകൾ തിരുത്തുന്നതിലും അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങൾ എന്നെ ഒരുപാടു സഹായിക്കുന്നുണ്ട്. 

∙ രാജ്യത്തു കായിക ഇനങ്ങളിൽ പുരുഷ ടീമുകൾക്കു ലഭിക്കുന്ന പരിഗണനയും അവസരങ്ങളും വനിതാ ടീമംഗങ്ങൾക്കു ലഭിക്കുന്നുണ്ടോ?

മറ്റു കായിക ഇനങ്ങളുടെ കാര്യം അറിയില്ല. എന്നാൽ ഹോക്കിയിൽ പുരുഷ ടീമെന്നോ വനിതാ ടീമെന്നോ ഉള്ള വേർതിരിവില്ല. വിദഗ്ധ പരിശീലനം, വിദേശ പര്യടനം എന്നിങ്ങനെ ഹോക്കി ഫെഡറേഷനും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും വലിയ പിന്തുണയാണു ഞങ്ങൾക്കു നൽകുന്നത്. 2 ടീമിനും ഒരേ ക്യാംപിൽ പരിശീലന സൗകര്യം ഏർപ്പെടുത്തുന്നത് അതിനുള്ള തെളിവാണ്. 

English Summary: Interview with Indian Women's Hockey Team Goal Keeper Savita Punia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com