ADVERTISEMENT

മുംബൈ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനന്യൂഹം പഞ്ചാബിൽവച്ച് കർഷകർ തടഞ്ഞതിനെതിരെ പ്രതികരിച്ച ബാഡ്മിന്റൻ താരം സൈന നെഹ്‌വാളിനെ പരിഹസിച്ച നടൻ സിദ്ധാർഥിന്റെ ട്വീറ്റ് വിവാദത്തിൽ. സിദ്ധാർഥിന്റെ ട്വീറ്റിൽ ലൈംഗികച്ചുവയുണ്ടെന്ന ആരോപണവുമായി സൈന നെഹ‌്‌വാളിന്റെ ഭർത്താവും ബാഡ്മിന്റൻ താരവുമായ പി. കശ്യപ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. സിദ്ധാർഥിന്റെ പരാമർശത്തിൽ വിമർശനവുമായി ‌ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമ, കോൺഗ്രസിൽനിന്ന് ബിജെപിയിലെത്തിയ നടി ഖുശ്ബു തുടങ്ങിയവരും രംഗത്തുവന്നു. ഇതോടെ, മോശം അർഥത്തിലല്ല ട്വീറ്റിലെ പരാമർശങ്ങളെന്ന് സിദ്ധാർഥും വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതീവസുരക്ഷാ വാഹനവ്യൂഹം പഞ്ചാബിലെ ഫിറോസ്പുരിൽ കർഷകർ തടഞ്ഞതുമായി ബന്ധപ്പെട്ട് അതിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ബിജെപിയിൽ അംഗത്വമുള്ള സൈന നെഹ്‌വാൾ ട്വീറ്റ് ചെയ്തത്. റോഡ് ഉപരോധത്തെത്തുടർന്ന് 20 മിനിറ്റോളം ഒരു മേൽപാലത്തിൽ കുടുങ്ങിയ പ്രധാനമന്ത്രി റാലി റദ്ദാക്കി ഡൽഹിയിലേക്കു മടങ്ങിയിരുന്നു. പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനാണെന്നും വൻ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നും ചൂണ്ടിക്കാട്ടിയ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പഞ്ചാബ് സർക്കാരിൽനിന്നു കേന്ദ്രം വിശദീകരണം തേടിയിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുമ്പോഴാണ് സൈനയുടെ ട്വീറ്റും സിദ്ധാർഥിന്റെ റീ–ട്വീറ്റും ശ്രദ്ധ നേടുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് സൈനയുടെ ട്വീറ്റ് ഇങ്ങനെ:

‘സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷ പോലും ഉറപ്പില്ലാത്ത ഒരു രാജ്യം എങ്ങനെയാണ് സുരക്ഷിതമാണെന്ന് അവകാശപ്പെടുക? പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒരുകൂട്ടം അരാജകവാദികൾ നടത്തിയ ആക്രമണത്തെ സാധ്യമായ ഏറ്റവും കടുത്ത വാക്കുകളിൽ ഞാൻ അപലപിക്കുന്നു’ – ഇതായിരുന്നു സൈനയുടെ ട്വീറ്റ്.

നരേന്ദ്ര മോദിയുടെ കടുത്ത വിമർശകൻ കൂടിയായ നടൻ സിദ്ധാർഥ് ഉടനടി ഈ ട്വീറ്റിനോട് പ്രതികരിച്ച് രംഗത്തെത്തി. അദ്ദേഹത്തിന്റെ ട്വീറ്റ് ഇതാ:

എന്നാൽ, സിദ്ധാർഥിന്റെ ട്വീറ്റിലെ ചില പ്രയോഗങ്ങൾ കടുത്ത വിമർശനമാണ് വരുത്തിവച്ചത്. ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമ ഉൾപ്പെടെയുള്ളവർ വിമർശനവുമായെത്തി.

‘ഈ മനുഷ്യന് ഒന്നോ രണ്ടോ പാഠങ്ങൾ ആവശ്യമാണ്. ട്വിറ്റർ ഇന്ത്യ, ഇപ്പോഴും ഇയാളുടെ അക്കൗണ്ട് നിലനിർത്തുന്നത് ശരിയാണോ? വിഷയം ബന്ധപ്പെട്ട പൊലീസ് അധികാരികളുടെ ശ്രദ്ധയിലെത്തിക്കും’ – രേഖ ട്വീറ്റ് ചെയ്തു.

തമിഴ് നടി കൂടിയായ ബിജെപി നേതാവ് ഖുശ്ബുവും പ്രതികരിച്ച് ട്വീറ്റ് ചെയ്തു.

‘സിദ്ധാർഥ്, നമ്മൾ അടുത്ത സുഹൃത്തുക്കൾ തന്നെ. പക്ഷേ, താങ്കളിൽനിന്ന് ഇത്തരമൊരു പരാമർശം പ്രതീക്ഷിച്ചില്ല. ഇത് വളരെ മോശമായിപ്പോയി. താങ്കളുടെ ഈ ട്വീറ്റിൽ അങ്കിളും ആന്റിയും അഭിമാനിക്കില്ലെന്ന് എനിക്ക് തീർച്ചയുണ്ട്. ഒരു വ്യക്തിയോടുള്ള വിരോധം എല്ലാ പ്രവൃത്തികളെയും ബാധിക്കാൻ ഇടയാക്കരുത്’ – ഖുശ്ബു കുറിച്ചു.

നടനെന്ന നിലയിൽ സിദ്ധാർഥിനെ ഇഷ്ടമായിരുന്നുവെന്ന് സൈനയും പിന്നീട് പ്രതികരിച്ചു.

‘അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. നടനെന്ന നിലയിൽ അദ്ദേഹത്തെ ഇഷ്ടമാണ്. പക്ഷേ, ഈ കുറിച്ചത് അത്ര നല്ലതല്ല. അദ്ദേഹത്തിന് സ്വന്തം അഭിപ്രായം കുറച്ചുകൂടി നല്ല വാക്കുകളിൽ പ്രകടിപ്പിക്കാമായിരുന്നു. ഇത്തരം പരാമർശങ്ങളുടെ കാര്യത്തിൽ ട്വിറ്ററും ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് കരുതുന്നു’ – സൈന പറഞ്ഞു.

ഇതിനു പിന്നാലെയാണ് ഭാര്യയ്‌ക്കെതിരായ പരാമർശങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് പി. കശ്യപ് രംഗത്തെത്തിയത്.

‘ഇത് ഞങ്ങളെ വളരെയധികം വിഷമിപ്പിച്ചു. താങ്കൾക്ക് സ്വന്തം അഭിപ്രായം പറയാം. പക്ഷേ, അതിനായി നല്ല ഭാഷ തിരഞ്ഞെടുക്കൂ. പ്രതികരിക്കാൻ തിരഞ്ഞെടുത്ത ഭാഷയിൽ യാതൊരു പ്രശ്നവുമില്ലെന്നാണ് താങ്കൾ കരുതിയതെന്നാണ് തോന്നുന്നത്’ – കശ്യപ് കുറിച്ചു.

English Summary: Parupalli Kashyap rallies behind wife Saina Nehwal, responds to Siddharth's 'sexist' remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com