ADVERTISEMENT

ചെന്നൈ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ചതിന്റെ പേരിൽ ബാഡ്മിന്റൻ താരം സൈന നെഹ്‌വാളിനെ പരിഹസിച്ച് വിവാദത്തിൽ ചാടിയ നടൻ സിദ്ധാർഥ് ഒടുവിൽ ക്ഷമാപണവുമായി രംഗത്ത്. തമാശരൂപേണയുള്ള മറുപടിയാണ് ഉദ്ദേശിച്ചതെങ്കിലും അത് പ്രതീക്ഷിച്ചതുപോലെയല്ല സ്വീകരിക്കപ്പെട്ടതെന്ന് സിദ്ധാർഥ് വിശദീകരിച്ചു. സൈന തന്റെ കൂടി ചാംപ്യനാണെന്ന് ഏറ്റുപറഞ്ഞ സിദ്ധാർഥ്, തന്റെ ട്വീറ്റിന് ആളുകൾ ചാർത്തി നൽകിയ അർഥതലങ്ങൾ ഒരിക്കലും മനസ്സിൽ പോലും വിചാരിച്ചിട്ടില്ലെന്നും വ്യക്തമാക്കി. സൈനയ്ക്കെതിരായ സിദ്ധാർഥിന്റെ ട്വീറ്റിലെ പരാമർശങ്ങൾക്ക് ലൈംഗികച്ചുവയുണ്ടെന്ന് വിമർശനം ഉയർന്നിരുന്നു.

സിദ്ധാർഥിന്റെ കത്തിന്റെ പൂർണരൂപം

പ്രിയ സൈന നെഹ്‌വാൾ,

ഏതാനും ദിവസങ്ങൾക്കു മുൻപ് താങ്കളുടെ ഒരു ട്വീറ്റിന് മറുപടിയെന്നോണം ഞാൻ കുറിച്ച കാഠിന്യമേറിയ തമാശയ്ക്ക് ആദ്യമേ ക്ഷമ ചോദിക്കുന്നു. താങ്കളുമായി എനിക്ക് ഒട്ടേറെ കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടായിരിക്കാം. താങ്കളുടെ ട്വീറ്റ് വായിച്ചപ്പോൾ എനിക്കു തോന്നിയ നിരാശയും ദേഷ്യവും എന്റെ വാക്കുകളെയും അതിന്റെ അർഥത്തെയും ന്യായീകരിക്കാൻ ഉതകുന്നതല്ലെന്ന് ഞാൻ മനസ്സിലാക്കുന്നു.

ഇനി ആ തമാശയേക്കുറിച്ച്... ഒരു തമാശ മറ്റുള്ളവർക്കായി വിശദീകരിക്കേണ്ടി വരികയെന്നാൽ അത് അത്ര നല്ല തമാശയല്ലെന്നു തന്നെയാണ് അർഥം. പ്രതീക്ഷിച്ചതുപോലെ സ്വീകരിക്കപ്പെടാതെ പോയ ആ തമാശയെക്കുറിച്ച് ക്ഷമ ചോദിക്കുന്നു.

എങ്കിലും ജീവിതത്തിന്റെ നാനാ തുറകളിൽപ്പെട്ട വ്യത്യസ്തരായ ആളുകൾ ചാർത്തി നൽകിയതുപോലുള്ള മോശപ്പെട്ട അർഥങ്ങളൊന്നും ഉദ്ദേശിച്ചല്ല ഞാൻ ആ വാക്കുകൾ ട്വീറ്റ് ചെയ്തതെന്ന് ആവർത്തിക്കട്ടെ. ഫെമിനിസ്റ്റ് മുന്നേറ്റത്തിന്റെ ഒരു സഹകാരി എന്ന നിലയിൽ എന്റെ ട്വീറ്റിൽ ലിംഗപരമായ യാതൊരു അർഥവും ഞാൻ ഉദ്ദേശിച്ചിരുന്നില്ല. ഒരു സ്ത്രീയെന്ന നിലയിൽ താങ്കളെ ആക്രമിക്കാനും ലക്ഷ്യമിട്ടിരുന്നില്ല.

ഈ വിഷയം നമുക്ക് മറന്നുകളയാമെന്നും താങ്കൾ എന്റെ കത്ത് സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾ എക്കാലവും എന്റെ ചാംപ്യനായിരിക്കും.

വിശ്വസ്തതയോടെ
സിദ്ധാർഥ്

∙ വിവാദം വന്ന വഴി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനന്യൂഹം പഞ്ചാബിൽവച്ച് കർഷകർ തടഞ്ഞതിനെതിരെ പ്രതികരിച്ച് സൈന നെഹ്‌വാൾ നടത്തിയ ട്വീറ്റിനാണ് സിദ്ധാർഥ് വിവാദമായി മാറിയ മറുപടി ട്വീറ്റ് കുറിച്ചത്. സിദ്ധാർഥിന്റെ ട്വീറ്റിൽ ലൈംഗികച്ചുവയുണ്ടെന്ന ആരോപണവുമായി സൈന നെഹ‌്‌വാളിന്റെ ഭർത്താവും ബാഡ്മിന്റൻ താരവുമായ പി. കശ്യപും സൈനയുടെ പിതാവും ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. സിദ്ധാർഥിന്റെ പരാമർശത്തിൽ വിമർശനവുമായി ‌ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമ, കോൺഗ്രസിൽനിന്ന് ബിജെപിയിലെത്തിയ നടി ഖുശ്ബു തുടങ്ങിയവരും രംഗത്തുവന്നു. ഇതോടെ, മോശം അർഥത്തിലല്ല ട്വീറ്റിലെ പരാമർശങ്ങളെന്ന് സിദ്ധാർഥും വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതീവസുരക്ഷാ വാഹനവ്യൂഹം പഞ്ചാബിലെ ഫിറോസ്പുരിൽ കർഷകർ തടഞ്ഞതുമായി ബന്ധപ്പെട്ട് അതിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ബിജെപിയിൽ അംഗത്വമുള്ള സൈന നെഹ്‌വാൾ ട്വീറ്റ് ചെയ്തത്. റോഡ് ഉപരോധത്തെത്തുടർന്ന് 20 മിനിറ്റോളം ഒരു മേൽപാലത്തിൽ കുടുങ്ങിയ പ്രധാനമന്ത്രി റാലി റദ്ദാക്കി ഡൽഹിയിലേക്കു മടങ്ങിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സൈനയുടെ ട്വീറ്റ് ഇങ്ങനെ:

‘സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷ പോലും ഉറപ്പില്ലാത്ത ഒരു രാജ്യം എങ്ങനെയാണ് സുരക്ഷിതമാണെന്ന് അവകാശപ്പെടുക? പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒരുകൂട്ടം അരാജകവാദികൾ നടത്തിയ ആക്രമണത്തെ സാധ്യമായ ഏറ്റവും കടുത്ത വാക്കുകളിൽ ഞാൻ അപലപിക്കുന്നു’ – ഇതായിരുന്നു സൈനയുടെ ട്വീറ്റ്.

നരേന്ദ്ര മോദിയുടെ കടുത്ത വിമർശകൻ കൂടിയായ നടൻ സിദ്ധാർഥ് ഉടനടി ഈ ട്വീറ്റിനോട് പ്രതികരിച്ച് രംഗത്തെത്തി. വിവാദമായതോടെ ഈ ട്വീറ്റ് പിന്നീട് അദ്ദേഹം പിൻവലിച്ചു.

English Summary: Siddharth apologises to ‘champion’ Saina Nehwal for controversial tweet: ‘Cannot justify my tone and words’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com