ADVERTISEMENT

മലപ്പുറം∙ സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിന്റെ ബി ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലെ പരിപാലന ജോലികള്‍ പുരോഗമിക്കുകയാണ്. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) നിര്‍ദേശിച്ചിട്ടുള്ള ഗ്രൗണ്ടിലെ പുല്ലുകള്‍ വളര്‍ത്തല്‍ മുതല്‍ ഡഗ്ഔട്ടിനു സമിപത്തെ കമ്പിവേലി പിന്നിലേക്ക് മാറ്റുന്നതടക്കമുള്ള ജോലികളാണ് നിലവില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്നത്.

കഴിഞ്ഞ തവണ കോട്ടപ്പടി സ്റ്റേഡിയം സന്ദര്‍ശിച്ച എഐഎഫ്എഫ് സംഘം നിര്‍ദേശിച്ച പ്രാഥമിക ആവശ്യങ്ങളിലൊന്നായിരുന്നു സ്റ്റേഡിയത്തിലെ പുല്ലുകള്‍ക്കിടയിലെ വിടവുകള്‍ തീര്‍ക്കല്‍. ആ പ്രവര്‍ത്തിയാണ് അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്. രണ്ടാഴ്ചയായി സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള കേരള സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ ജോലിക്കാരാണ് ഗ്രൗണ്ടിലെ പുല്ലുകളുടെ പരിപാലനം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കൂടാതെ സന്തോഷ് ട്രോഫി ചാംപ്യന്‍ഷിപ്പ് അവസാനിക്കുന്നതു വരെ ചാംപ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും കേരള സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ കീഴിലായിരിക്കും നടക്കുക.

kottappadi-stadium-1
മൈതാനത്തിനും ഗ്യാലറിക്കും ഇടയിലുള്ള ഫെന്‍സിങുകള്‍ എടുത്ത് മാറ്റുന്നു (ചിത്രം: ഫഹദ് മുനീർ)

സ്റ്റേഡിയത്തിലെ ഗാലറികള്‍ മോടി പിടിപ്പിക്കുക, ഡ്രസിങ് റൂമിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുക തുടങ്ങിയ ജോലികളും ഇതില്‍ ഉള്‍പ്പെടുന്നു. സ്റ്റേഡിയത്തില്‍ ഡ്രസിങ് റൂമുകളുടെ സൗകര്യം താഴെയും മുകളിലും മെച്ചപ്പെടുത്തും. സാധാരണ സംസ്ഥാന ചാംപ്യന്‍ഷിപ്പുകള്‍ നടക്കുന്ന സമയത്ത് താഴത്തെ ഡ്രസിങ് റൂമുകളാണ് തുറന്നു കൊടുക്കാറുള്ളത്.

കോട്ടപ്പടി സ്റ്റേഡിയത്തില്‍ 8000 പേര്‍ക്കിരിക്കാവുന്ന ഗാലറിയാണ് ഉള്ളത്. മത്സരം കാണാനെത്തുന്ന ആരാധകര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ പാര്‍ക്കിങ് പ്രശ്‌നം പരിഹരിക്കാന്‍ സ്റ്റേഡിയത്തിനു സമീപം ഒരുക്കാവുന്ന പാര്‍ക്കിങ് സ്ഥലങ്ങള്‍ ഏകീകരിച്ച് പ്രത്യേകം പ്ലാന്‍ ഉണ്ടാക്കി മാര്‍ക്ക് ചെയ്ത പദ്ധതി ജില്ലാ പോലീസ് മേധവി, പിഡബ്ല്യുഡി റോഡ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍, ആര്‍ടിഒ, മലപ്പുറം നഗരസഭ എന്നിവര്‍ക്ക് സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സെക്യൂരിറ്റി ആൻഡ് പാര്‍ക്കിങ് കമ്മിറ്റി യോഗം തീരുമാനിച്ചതായി സ്‌ന്തോഷ് ട്രോഫി ഓര്‍ഗനൈസിങ് കമ്മിറ്റി കണ്‍വീനറും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ എ. ശ്രീകുമാര്‍ പറഞ്ഞു.

kottappadi-stadium-2
ജോലികള്‍ പുരോഗമിക്കുന്ന മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം (ചിത്രം: ഫഹദ് മുനീർ)

ഫ്‌ളഡ് ലൈറ്റ് ഇല്ലാത്തതിനാല്‍ രാവിലെ 9.30നും ഉച്ചകഴിഞ്ഞ് 3നുമായിരിക്കും കോട്ടപ്പടി സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടക്കുക. അതനുസരിച്ച് പ്രാഥമിക മത്സരക്രമമാണ് നിലവില്‍ തയ്യാറായത്. 

English Summary: Preparations For Santosh Trophy Football in Kottappadi Stadium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com