ലക്നൗ∙ 35 മിനിറ്റ് മാത്രം നീണ്ട ഫൈനലിൽ മാളവിക ബൻസോദിനെ കീഴടക്കി സയ്യിദ് മോദി ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ പി.വി.സിന്ധു ജേതാവായി. സ്കോർ: 21–13, 21–16. ലോക റാങ്കിങ്ങിൽ 84–ാം സ്ഥാനത്തു നിൽക്കുന്ന മാളവികയ്ക്കു 2–ാം ഗെയിമിൽ ഒഴികെ ലോക 7–ാം നമ്പർ താരം സിന്ധുവിനു കാര്യമായ വെല്ലുവിളി ഉയർത്താനായില്ല. കിരീടമില്ലാതെ 2 വർഷവും 4 മാസവും 29 ദിവസവും (ആകെ 859 ദിവസം) പിന്നിട്ട ശേഷമാണു സിന്ധു ഒരു ടൂർണമെന്റിൽ ജേതാവാകുന്നത്. 2019 ഓഗസ്റ്റിൽ ലോക ചാംപ്യൻഷിപ്പിലാണ് ഏറ്റവുമൊടുവിൽ സിന്ധു ജേതാവായത്.

മിക്സ്ഡ് ഡബിൾസിൽ ഇന്ത്യയുടെ ഇഷാൻ ഭട്നഗർ – തനിഷ ക്രാസ്റ്റോ സഖ്യം ജേതാക്കളായി. ഹേമ നാഗേന്ദ്ര ബാബു – ശ്രീവിദ്യ ഗുറാസദ സഖ്യത്തെ തോൽപിച്ചു (21–16, 21–12). കളിക്കാരിലൊരാൾക്കു കോവിഡ് ബാധിച്ചതിനാൽ പുരുഷ സിംഗിൾസ് ഫൈനൽ നടന്നില്ല. വനിതാ ഡബിൾസിൽ ഇന്ത്യയുടെ ട്രീസാ ജോളി – ഗായത്രി ഗോപിചന്ദ് സഖ്യവും പുരുഷ ഡബിൾസിൽ കൃഷ്ണ പ്രസാദ് – വിഷ്ണുവർധൻ സഖ്യവും 2–ാം സ്ഥാനക്കാരായി.
English Summary: PV Sindhu wins Syed Modi International title