ADVERTISEMENT

മികച്ച കായികതാരത്തിനുള്ള മനോരമ സ്പോർട്സ്  സ്റ്റാർ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിലുള്ള ഹോക്കിതാരം പി.ആർ.ശ്രീജേഷിനെക്കുറിച്ച്... 

ഇന്ത്യൻ ഹോക്കി ചരിത്രത്തിൽ ഏറിയ പങ്കും ഗാലറിയിലായിരുന്നെങ്കിലും പി.ആർ.ശ്രീജേഷ് എന്ന പേരിലൂടെ ഒന്നരപ്പതിറ്റാണ്ടായി ഗോൾപോസ്റ്റിലാണ് കേരളത്തിന്റെ സ്ഥാനം. എന്നാൽ ഇന്നിപ്പോൾ കേരളത്തിന്റെയെന്നല്ല, ഇന്ത്യൻ ഹോക്കിയുടെ തന്നെ ആഗോള മേൽവിലാസമാണ് ഈ എറണാകുളം കിഴക്കമ്പലം സ്വദേശി. 

ഇന്ത്യൻ ഹോക്കി ടീമിന്റെ ഓരോ വിജയത്തിലും കേരളം കയ്യൊപ്പു ചാർത്തിയത് ശ്രീജേഷിന്റെ കൈകളിലൂടെയാണ്. 2014ലെ ഏഷ്യൻ ഗെയിംസ് മുതൽ കഴിഞ്ഞ ടോക്കിയോ ഒളിംപിക്സ് വരെ നീളുന്നു ആ മെഡൽ മുദ്ര. 2006ൽ 18–ാം വയസ്സിൽ ദേശീയ സീനിയർ ടീമിൽ അരങ്ങേറിയതു മുതൽ 15 വർഷക്കാലം സ്ഥിരതയോടെ ടീമിന്റെ നെടുംതൂണായി നിലനിന്നതിനുള്ള അംഗീകാരങ്ങളായിരുന്നു പോയവർഷം ശ്രീജേഷിനെ തേടിയെത്തിയ ദേശീയ, രാജ്യാന്തര ബഹുമതികൾ. ഗോൾ പോസ്റ്റിനു മുന്നിലെ ഒറ്റയാൻ പ്രകടനത്തിലൂടെ ഇന്ത്യൻ ഹോക്കിയെ ചരിത്ര നേട്ടങ്ങളിലേക്കും നയിച്ചിട്ടുള്ള 

ശ്രീ, 33–ാം വയസ്സിൽ പുറത്തെടുത്ത അസാമാന്യ പോരാട്ട വീര്യമാണ് ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയെ വെങ്കല മെഡൽ നേട്ടത്തിലേക്കെത്തിച്ചത്. ഒളിംപിക്സിൽ ന്യൂസീലൻഡിനെതിരായ ആദ്യ മത്സരം മുതൽ ജർമനിക്കെതിരായ വെങ്കല മെഡൽ മത്സരം വരെ ശ്രീജേഷിന്റെ മികവ് ടീമിന്റെ വിജയഘടകമായി മാറി. വെങ്കല മെഡൽ മത്സരം അവസാനിക്കാൻ 6 സെക്കൻഡ് മാത്രമുള്ളപ്പോൾ ജർമനിയുടെ പെനൽറ്റി കോർണർ തടുത്തിട്ടാണ് ശ്രീജേഷ് ഹോക്കിയിലെ ഒളിംപിക്സ് മെഡലിനായുള്ള ഇന്ത്യയുടെ 41 വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ടത്. 

49 വർഷത്തെ ഇടവേളയ്ക്കു ശേഷം, ഒളിംപിക് മെഡലിലൂടെ കേരളത്തെ ലോക കായിക ഭൂപടത്തിൽ രേഖപ്പെടുത്തിയ ശ്രീജേഷ് തുടർന്നും അപൂർവ നേട്ടങ്ങളിലൂടെ നാടിന്റെ ശയസ്സുയർത്തി. ലോകത്തെ ഏറ്റവും മികച്ച ഗോൾ കീപ്പർക്കുള്ള രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ 2020–21ലെ പുരസ്കാരം ശ്രീയെ തേടിയെത്തി. ഉജ്വലമായ രക്ഷപ്പെടുത്തലുകളുമായി ഇന്ത്യയുടെ ഒളിംപിക് മെഡൽ നേട്ടത്തിനു കാവലാളായ താരത്തിന് അർഹിച്ച അംഗീകാരമായി അത്. 

ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായ ശ്രീജേഷ് 2015,17 വർഷങ്ങളിൽ അവസാന റൗണ്ടിലുമെത്തിയിരുന്നു. ഒളിംപിക്സ് വെങ്കല മെഡലിനൊപ്പം ചേർത്തു വയ്ക്കാൻ രാജ്യത്തെ പരമോന്നത കായിക പുരസ്കാരത്തിനും കഴിഞ്ഞ വർഷാവസാനം പി.ആർ.ശ്രീജേഷ് അർഹനായി; ഖേൽരത്‌ന പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ മലയാളി പുരുഷതാരമെന്ന ഖ്യാതിയോടെ.  

വായനക്കാർക്ക് ഒരു ലക്ഷം രൂപ സമ്മാനം

വായനക്കാർക്കും സമ്മാനമുണ്ട്. ഒന്നാം സ്ഥാനം നേടുന്ന താരത്തിന് വോട്ട് ചെയ്തവരിൽ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് 10,000 രൂപ വീതം സമ്മാനം. 

Content Highlights: Manorama Sports Awards 2020-21, S Sreejesh

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com