ADVERTISEMENT

കേരളത്തോടുള്ള ഇഷ്ടം, മകൻ അഖിലിന്റെ ലോകം, ചെസ് ഒളിംപ്യാഡ്, ഫിഡെ പ്രസിഡന്റിനുള്ള പിന്തുണ, മാഗ്നസ് കാൾസൻ.. ഇന്ത്യൻ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദ് മനസ്സു തുറക്കുന്നു.

അത്‌ലറ്റിക്സിലെ കേരള വിപ്ലവം നൽകിയ ആവേശം ഇന്നും മനസ്സിലുണ്ട്. അതിനു ചുക്കാൻ പിടിച്ച പി.ടി.ഉഷ, ഷൈനി വിൽസൺ... കഴിഞ്ഞവർഷം ഒളിംപിക്സിൽ ഇന്ത്യക്കാരെയെല്ലാം ആഹ്ലാദത്തിലാഴ്ത്തിയ ശ്രീജേഷ്. ചെസിൽ എന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായ ജി.എൻ.ഗോപാൽ, എസ്.എൽ.നാരായണൻ, നിഹാൽ സരിൻ. ഇന്ത്യൻ കായിക രംഗത്തിന് കേരളം നൽകുന്ന ഊർജം ഇപ്പോഴും എന്നെ ആവേശഭരിതനാക്കുന്നുണ്ട്. മലയാള മനോരമ സ്പോർട്സ് സ്റ്റാർ അവാർഡ് ചടങ്ങിനായി കൊച്ചിയിലെത്തിയ ഇന്ത്യൻ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദ് മനസ്സു തുറന്നു.

അലൻ സില്ലിട്ടോയുടെ ‘ഒരു ദീർഘദൂര ഓട്ടക്കാരന്റെ ഏകാന്തത’ എന്ന പേരുള്ള കഥ പോലെ ഏകാന്തവും കഠിനാധ്വാനവും നിറഞ്ഞ വഴിയിലൂടെ സഞ്ചരിച്ച് 5 ലോക കിരീടങ്ങൾ ഇന്ത്യയ്ക്കു സമ്മാനിച്ച പ്രതിഭയാണ് വിശ്വനാഥൻ ആനന്ദ്. എന്നാൽ, ഏകാന്തത ചെസ് കളിക്കു മാത്രം സവിശേഷമായ ഒന്നാണ് എന്ന് ആനന്ദിന് അഭിപ്രായമില്ല. ഏതു മേഖലയിലും ഏതു വൻനേട്ടത്തിനു പിന്നിലും ആ രംഗത്ത് മുഴുകി, ധ്യാനിച്ച്, ആസ്വദിച്ചു ജീവിച്ച ഒരു ജീവിതമുണ്ട്. ചെസ് അങ്ങനെയാണ് ആനന്ദിന്.

ലോകത്തെ ഏറ്റവും വലിയ ചെസ് മേളകളിലൊന്നായ ചെസ് ഒളിംപ്യാഡിന് ഈ വർഷം സ്വന്തം നാടായ ചെന്നൈ വേദിയാകുന്നതിന്റെ ആവേശത്തിൽ കൂടിയാണ് മുൻ ലോക ചാംപ്യൻ. ലോകത്തിന്റെ പല കോണുകളിൽ താൻ കണ്ടുമുട്ടാറുള്ള സഹകളിക്കാർക്ക് ആതിഥേയത്വം ഒരുക്കുന്നതിന്റെ സന്തോഷം ആനന്ദിന്റെ വാക്കുകളിലുണ്ട്. കളിക്കൊപ്പം സംഘാടനത്തിലും ഒരു കൈ നോക്കുന്ന പുതുക്കക്കാരന്റെ ആവേശവും ഒപ്പമുണ്ട്.

‘‘സ്വന്തം നാട്ടിൽ ഒളിംപ്യാഡിൽ പങ്കെടുക്കുന്നത് ഇന്ത്യൻ കളിക്കാർക്ക് ആത്മവിശ്വാസം നൽകുമെന്നാണ് എന്റെ പ്രതീക്ഷ. യുഎസിനു തന്നെയാണ് അധിക സാധ്യത. കടുത്ത മത്സരമാണെങ്കിലും ഇന്ത്യ ശക്തി തെളിയിക്കുമെന്നാണ് ഞാൻ കരുതുന്നത്.’’

മനോരമ സ്പോർട്സ് പുരസ്കാര പ്രഖ്യാപനത്തിനായി കൊച്ചിയിലെത്തിയ വിശ്വനാഥൻ ആനന്ദ് കാഴ്ചകൾ ആസ്വദിക്കാൻ കൊച്ചിയിലെ ഹോട്ടലിനു പുറത്തിറങ്ങിയപ്പോൾ. 
ചിത്രം: ടോണി ഡൊമിനിക് ∙ മനോരമ
മനോരമ സ്പോർട്സ് പുരസ്കാര പ്രഖ്യാപനത്തിനായി കൊച്ചിയിലെത്തിയ വിശ്വനാഥൻ ആനന്ദ് കാഴ്ചകൾ ആസ്വദിക്കാൻ കൊച്ചിയിലെ ഹോട്ടലിനു പുറത്തിറങ്ങിയപ്പോൾ. ചിത്രം: ടോണി ഡൊമിനിക് ∙ മനോരമ

ചെസ് സംഘടനയായ ഫിഡെയോട് ഇത്രകാലവും സമദൂരവും ശരിദൂരവും പുലർത്തുന്നതിൽ ബദ്ധശ്രദ്ധനായിരുന്ന ആനന്ദ് ഫിഡെ പ്രസിഡന്റിന് പിന്തുണയറിച്ചു നടത്തിയ പുതിയ പ്രസ്താവനയെ വിശദീകരിച്ചതിങ്ങനെ:

‘‘ലോക ചാംപ്യൻഷിപ്പിൽ ഫിഡെ ടീമിനൊപ്പം കമന്റേറ്ററായി പ്രവർത്തിച്ച അനുഭവമുണ്ട്. നല്ലൊരു ‍ടീമാണത്. പ്രസിഡന്റ് അർകാഡി ഡോർകോവിച്ചിന്റെ പ്രവർത്തനങ്ങളിൽ എനിക്കു മതിപ്പുണ്ട്. കാര്യങ്ങൾ ഉരുത്തിരിഞ്ഞു വരുന്നതേയുള്ളൂ. എങ്കിലും  ഈ മേഖലയിൽ കൂടുതൽ പ്രവർത്തനനിരതനാകാൻ താൽപര്യമുണ്ട്.

കാൻഡിഡേറ്റ്സ് ടൂർണമെന്റ് വിജയിച്ച് പുത്തൻ താരോദയം അലി റേസ എതിരാളിയാകുന്നില്ലെങ്കിൽ ലോകചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന കാര്യം പുനരാലോചിക്കുമെന്ന ലോക ചാംപ്യൻ മാഗ്നസ് കാൾസന്റെ പ്രസ്താവനയോട് ആനന്ദിന്റെ പ്രതികരണം ഇങ്ങനെ:  മാഗ്നസ് തമാശയ്ക്കാണോ കാര്യമായാണോ അങ്ങനെ പറഞ്ഞത് എന്ന് എനിക്കറിയില്ല. അതോ പുതിയ ചർച്ചയ്ക്കു തുടക്കമിടാനോ? ലോക ചാംപ്യൻഷിപ്പിലെ നിലവിലുള്ള ഫോർമാറ്റിനോടുള്ള വിപ്രതിപത്തിയാകാം അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കു പിന്നിൽ... ’’

ചെസ് എന്ന ഒറ്റ മന്ത്രത്തിലാണ് ആനന്ദിന്റെ ലോകം വളർന്നതെങ്കിൽ ‘സകലകലാവല്ലഭ’നായാണ് മകൻ പതിനൊന്നു വയസ്സുകാരൻ അഖിലിന്റെ വളർച്ച. ‘‘അഖിൽ െചസ് കളിക്കും. ടൂർണമെന്റുകൾക്ക് ഒപ്പം വരാറുണ്ട്. കൊൽക്കത്തയിൽ ടാറ്റാ സ്റ്റീൽ ടൂർണമെന്റിന് ഒപ്പം വന്നിരുന്നു. ദുബായിൽ ലോക ചാംപ്യൻഷിപ്പിന്് കമന്റേറ്ററായി പോയപ്പോൾ അവിടെയും. പസിൽസ് സോൾവ് ചെയ്യുന്നതിൽ മിടുക്കനാണ്. നല്ലൊരു ഡാൻസറാണ്. പിന്നെ ജിംനാസ്റ്റിക്സിൽ കമ്പമുണ്ട്. സയൻസ് വളരെ പ്രിയമുള്ള മേഖലയാണ്. നന്നായി വരയ്ക്കും. പാട്ടിലുമുണ്ട് താൽപര്യം. ഫ്രാങ്ക് സിനാട്രയും ഫ്രെഡി മെർക്കുറിയുടെ ‘ക്വീനും’ ഒക്കെയാണ് ‘അദ്ദേഹ’ത്തിന്റെ പുതിയ കണ്ടെത്തലുകൾ. ഇതെല്ലാം എന്നെയും പുതിയ മേഖലകളിലേക്കു കൊണ്ടുപോകുന്നുമുണ്ട്’’.–ആനന്ദ് ആഹ്ലാദം മറച്ചുവയ്ക്കുന്നില്ല.

ഭാര്യയുടെ പാലക്കാട് ബന്ധം വഴി കേരളത്തോടും ഇവിടുത്തെ ഭക്ഷണത്തോടും ആനന്ദിന് പ്രിയമുണ്ട്. ഓലനും പാലടപ്രഥമനുമുള്ള  ഓണസദ്യയും കായലും പുഴകളും താണ്ടിയുള്ള കേരളയാത്രകളും ഹരമായ ആനന്ദ് അതിൽ വീണ്ടും അലിയുകയാണ്.

വായന, അസ്ട്രോണമി, ഫുട്ബോൾ

ചെസ് മാത്രമല്ല, എല്ലാ സ്പോർട്സ് ഇനങ്ങളിലും താൽപര്യമുണ്ട്. ഫുട്ബോൾ, ടെന്നിസ് എന്നിവയോട് അൽപം ഇഷ്ടക്കൂടുതലുമുണ്ട്. പിന്നെ ഇന്ത്യ മികച്ച പ്രകടനം നടത്തുന്ന ബാഡ്മിന്റൻ. കുട്ടിയായിരിക്കുമ്പോൾ കാൾ സാഗന്റെ ‘കോസ്മോസ്’ വായിച്ചാണ് അസ്ട്രോണമി തലയ്ക്കു പിടിച്ചത്. അസ്ട്രോഫിസിക്സ് ഇന്നും പ്രിയമുള്ള മേഖല തന്നെ. ഗ്രഹ പര്യവേഷണങ്ങൾ എല്ലാം ശ്രദ്ധിക്കാറുണ്ട്. എല്ലാത്തരം പുസ്തകങ്ങളും വായിക്കും. മാത്‌സ്, സയൻസ്, സോഷ്യൽ സ്റ്റഡീസ് എല്ലാം. ആലോചനാമൃതമായ വിഷയങ്ങൾ ഉള്ള എന്തും വായിക്കും. സാഹിത്യപുസ്തകളും ഒഴിവാക്കാറില്ല. ഉദാഹരത്തിന് അമിഷ് ത്രിപാഠിയുടെ പുസ്തകങ്ങൾ.

English Summary: Special interview of Viswanathan anand 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com