ADVERTISEMENT

ബാങ്കോക്ക് ∙ തോമസ് കപ്പ് ബാഡ്മിന്റനിൽ മെഡലുറപ്പിച്ച് വ്യാഴാഴ്ച ചരിത്രം രചിച്ച ഇന്ത്യ ഒരു ദിവസത്തിനിപ്പുറം സുവർണ നേട്ടത്തിനരികെ. ഇന്ത്യൻ സമയം ഇന്നലെ അർധരാത്രി പിന്നിട്ട സെമി ഫൈനലിൽ കരുത്തരായ ഡെൻമാർക്കിനെ 3–2ന് തോൽപിച്ചാണ് ടൂർണമെന്റിലെ ആദ്യ ഫൈനലെന്ന സ്വപ്നത്തിലേക്ക് ഇന്ത്യൻ സംഘം റാക്കറ്റു വീശിയത്. നിർണായകമായ അഞ്ചാം മത്സരം വിജയിച്ച് വീണ്ടും ഇന്ത്യൻ വിജയത്തിനു ചുക്കാൻ പിടിച്ചത് മലയാളി താരം എച്ച്.എസ്.പ്രണോയ്. മത്സരത്തിനിടെ കോർട്ടിൽ വീണ് കാൽക്കുഴയ്ക്കു പരുക്കേറ്റ പ്രണോയ് അതു വകവയ്ക്കാതെ വീറോടെ പൊരുതി, ലോക 13–ാം നമ്പർ താരം റാമുസ് ജെംകിനെ (13-21,21-9,21-12) അട്ടിമറിച്ചു. ലോക ഒന്നാംനമ്പർ താരം വിക്ടർ അക്സൽസനും മൂന്നാം നമ്പർ ആൻഡേഴ്സ് ആന്റൻസനും ഉൾപ്പെടുന്ന ഡെൻമാർക്കിനെയാണ് ഇന്ത്യ വീഴ്ത്തിയത്. നാളെ ഫൈനലിൽ ഇന്തൊനീഷ്യയാണ് എതിരാളികൾ.

മലേഷ്യയ്ക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ ആവർത്തനമായിരുന്നു ഇന്ത്യയുടെ സെമിപോരാട്ടവും. ആദ്യ മത്സരത്തിൽ ലക്ഷ്യ സെൻ വിക്ടർ അക്സൽസനു മുൻ‌പിൽ കീഴടങ്ങി (13-21,13-21). ഡെൻമാർക്കിനു 1–0 ലീഡ്. ഡബിൾസിൽ ചിരാഗ് ഷെട്ടി–സാത്വിക് സായ്‌രാജ് സഖ്യം വിജയിച്ചതോടെ (21-18, 21-23, 22-20) ഇന്ത്യ ഒപ്പമെത്തി. രണ്ടാം സിംഗി‍ൾസിൽ കിഡംബി ശ്രീകാന്ത് ആന്റൻസനെ അട്ടിമറിച്ചത് (21-18,12-21,21-15) നിർണായകമായി. 2–1ന്റെ ലീഡുമായി രണ്ടാം ഡബിൾസ് മത്സരത്തിനിറങ്ങിയ കൃഷ്ണപ്രസാദ്–വിഷ്ണുവർധൻ സഖ്യം പരാജയപ്പെട്ടതോടെ അഞ്ചാം മത്സരം ഇന്ത്യയ്ക്കു നിർണായകമായി. റാമുസ് ജെംകിനെതിരായ ആദ്യ ഗെയിം 13-21ന് പ്രണോയിക്കു നഷ്ടമായി. ഇതിനിടെ കോർട്ടിൽ വീണു പരുക്കേറ്റു. മെഡിക്കൽ ടൈം ഔട്ടിനുശേഷം തിരിച്ചെത്തിയെങ്കിലും കാൽക്കുഴയിലെ വേദന മത്സരത്തിലുടനീളം കോർട്ടിലെ നീക്കങ്ങളെ ബാധിച്ചു. എങ്കിലും രണ്ടാം ഗെയിമിൽ തുടക്കത്തിൽ 11–1ന്റെ കൂറ്റൻ ലീഡുമായി മത്സരത്തിലേക്കു തിരിച്ചെത്തി. അതിവേഗ ആക്രമണങ്ങളുമായി എതിരാളിയെ സമ്മർദത്തിലാക്കിയ മലയാളി താരം മൂന്നാം ഗെയിമിലും തുടക്കം മുതൽ ലീഡ് നേടിയാണ് ജയം സ്വന്തമാക്കിയത്.

 

English Summary: Thomas cup badminton

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com