ADVERTISEMENT

ബാങ്കോക്ക് ∙ തോമസ് കപ്പ് ബാഡ്മിന്റനിലെ വിസ്മയക്കുതിപ്പിനു പൊൻതിളക്കമേകാൻ ടീം ഇന്ത്യ ഇന്നിറങ്ങുന്നു. 14 തവണ ചാംപ്യൻമാരായ ഇന്തൊനീഷ്യയാണ് കലാശപ്പോരാട്ടത്തിലെ എതിരാളികൾ. ഇന്ത്യ ആദ്യമായാണ് തോമസ് കപ്പ് ഫൈനൽ കളിക്കുന്നത്. ഫൈനലിൽ കടന്ന് ഇന്ത്യ മെഡലുറപ്പിച്ചതു തന്നെ ചരിത്രമായിക്കഴിഞ്ഞു. അതേസമയം, ക്വാർട്ടറിലും സെമിയിലും കരുത്തരായ മലേഷ്യയ്ക്കും ഡെൻമാർക്കിനുമെതിരെ നേടിയ വിജയങ്ങൾ ഇന്ത്യൻ പുരുഷ ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുമുണ്ട്. ഇന്ത്യൻ സമയം രാവിലെ 11.30നാണ് ഫൈനൽ. ബിഡബ്ല്യുഎഫ് യുട്യൂബ് ചാനലിൽ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ്ങുണ്ട്.

സിംഗിൾസിൽ കിഡംബി ശ്രീകാന്തിന്റെയും മലയാളി താരം എച്ച്.എസ്. പ്രണോയിയുടെയും ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ടൂർണമെന്റിൽ 5 വിജയങ്ങൾ നേടി ഇന്ത്യൻ മുന്നേറ്റത്തിനു ചുക്കാൻ പിടിച്ചത് ഇരുവരുമാണ്. എന്നാൽ സെമിഫൈനലിനിടെ കാൽക്കുഴയ്ക്കു പരുക്കേറ്റ പ്രണോയിയുടെ ഫോം സംബന്ധിച്ച ആശങ്കകൾ ഇന്ത്യയെ അലട്ടുന്നുണ്ട്. പുരുഷ ഡബിൾസിൽ ചിരാഗ് ഷെട്ടി–സാത്വിക് സായ്‌രാജ് സഖ്യത്തിന്റെ വിജയങ്ങളും ഇന്ത്യൻ മുന്നേറ്റത്തിനു വഴിയൊരുക്കി.

എന്നാൽ യുവതാരം ലക്ഷ്യ സെന്നിനു കഴിഞ്ഞ 2 മത്സരങ്ങളിലും കാലിടറി. രണ്ടാം ഡബിൾസിൽ കൃഷ്ണപ്രസാദ്–വിഷ്ണുവർധൻ സഖ്യവും തുടരെ പരാജയപ്പെട്ടു. ഇവർക്കു പകരം ദ്രുവ് കപില– എം.ആർ.അർജുൻ സഖ്യത്തെ ഇന്ന് കളത്തിലിറക്കാൻ സാധ്യതയുണ്ട്.

പരുക്കു വേദനിപ്പിച്ചു, പക്ഷേ പതറിയില്ല 

സെമിഫൈനൽ മത്സരത്തിനിടെ കോർട്ടിൽ വീണു പരുക്കേറ്റതിനുശേഷം തന്റെ ഗെയിം പ്ലാനിൽ മാറ്റംവരുത്തിയിരുന്നതായി എച്ച്.എസ്.പ്രണോയ്. റാമുസ് ജെംകിനെതിരായ മത്സരത്തിന്റെ ഒന്നാം ഗെയിമിനിടെ കോർട്ടിൽ വീണാണ് കാൽക്കുഴയ്ക്കു പരുക്കേറ്റത്. മത്സരത്തിൽ നിന്നു പിൻവാങ്ങില്ലെന്നും വേദന സഹിച്ച് അവസാന നിമിഷംവരെ പൊരുതുമെന്നും തീരുമാനമെടുത്തു. തുടരെ ആക്രമണങ്ങൾ നടത്തി എതിരാളിയെ സമ്മർദത്തിലാക്കാനാണ് അതിനുശേഷം ശ്രമിച്ചത്. ആ തന്ത്രം  ഫലം കണ്ടതോടെ മത്സരം ജയിക്കാനായി– പ്രണോയ് പറഞ്ഞു.

English Summary: Thomas Cup final -Iindia vs Indonesia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com