ADVERTISEMENT

തോമസ് കപ്പ് ബാഡ്മിന്റനിൽ ജേതാക്കളായ ഇന്ത്യൻ ടീമിലെ മലയാളി പരിശീലകൻ യു.വിമൽകുമാർ സംസാരിക്കുന്നു 

ഒരു റിലേ മത്സരത്തിനെന്നതു പോലെയാണ് ഇന്ത്യൻ ടീം തോമസ് കപ്പ് ബാഡ്മിന്റനിൽ അണിനിരന്നതെന്ന് പരിശീലകൻ യു.വിമൽകുമാ‍ർ. ബാറ്റണിനു പകരം ഓരോരുത്തരും പരസ്പരം കൈമാറിയത് വിജയാവേശം നിറച്ച റാക്കറ്റായിരുന്നു. ഇന്ത്യൻ‌ ടീമംഗങ്ങൾക്കിടയിലെ ഐക്യവും സൗഹൃദവും എതിരാളികളെപ്പോലും അദ്ഭുതപ്പെടുത്തിയെന്നും ഇത്തരമൊരു കാഴ്ച തന്റെ പരിശീലക ജീവിതത്തിലാദ്യമാണെന്നും മലയാളി പരിശീലകൻ പറഞ്ഞു. തോമസ് കപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന്റെ മാനേജറും പരിശീലകനുമായിരുന്ന വിമൽകുമാർ ബെംഗളൂരുവിൽ തിരിച്ചെത്തിയശേഷം മനോരമയോട് സംസാരിക്കുന്നു. 

ഇന്ത്യൻ സംഘത്തിന്റെ ടീം സ്പിരിറ്റിനെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. ഈ ഒത്തൊരുമയുടെ രഹസ്യമെന്താണ്? 

തോമസ് കപ്പിനു മുൻപ് ഇന്ത്യൻ ടീമിനായി പരിശീലന ക്യാംപുണ്ടായിരുന്നില്ല. പലയിടത്തായി പരിശീലിച്ചിരുന്നവർ ഒത്തുചേർന്നത് ബാങ്കോക്ക് വിമാനത്താവളത്തിൽവച്ചായിരുന്നു. പക്ഷേ അവരെല്ലാം അതിവേഗത്തിൽ ഒറ്റക്കെട്ടായി. യുവതാരങ്ങളെ പ്രചോദിപ്പിക്കുന്നതിനും ടീമിൽ ഒത്തിണക്കമുണ്ടാക്കുന്നതിനും മുന്നിട്ടിറങ്ങിയത് സീനിയർ താരങ്ങളായ കിഡംബി ശ്രീകാന്തും എച്ച്.എസ്.പ്രണോയിയുമാണ്. അവർക്കിടയിൽ ഈഗോ ഉണ്ടായിരുന്നില്ല. ഓരോ വിജയങ്ങൾക്കും ശേഷം ടീമംഗങ്ങൾ‌ കോർട്ടിൽ നടത്തിയ ആഹ്ലാദപ്രകടനം പോലും വേറിട്ട കാഴ്ചയായിരുന്നു. 

ഇന്ത്യയുടെ കിരീടനേട്ടത്തിൽ ഏറ്റവും നിർണായകമായത് ആരുടെ പ്രകടനമാണ്?

ഈ വിജയത്തി‍ൽ ടീമംഗങ്ങളെല്ലാം ഒരുപോലെ പങ്കുവഹിച്ചു. എങ്കിലും അത്ഭുതപ്പെടുത്തിയത് ചിരാഗ് ഷെട്ടി–സാത്വിക് സായ്‌രാജ് ഡബിൾസ് സഖ്യത്തിന്റെ പ്രകടനമാണ്. സിംഗിൾസിൽ ലോകത്തെ മികച്ച 3 താരങ്ങളാണ് നമുക്കുള്ളത്. പക്ഷേ ഡബിൾസിൽ മറ്റു രാജ്യങ്ങൾ നമ്മളേക്കാൾ ഏറെ മുന്നിലാണ്. അതുകൊണ്ട് ഡബിൾസ് മത്സരങ്ങളിൽ നമുക്ക് തിരിച്ചടിയുണ്ടാകുമോയെന്ന ആശങ്കയുമുണ്ടായിരുന്നു. പക്ഷേ കരുത്തരായ മലേഷ്യയ്ക്കും ഡെൻമാർക്കിനും ഇന്തൊനീഷ്യയ്ക്കുമെതിരെ ഇന്ത്യൻ ഡബിൾസ് ടീം പൊരുതി നേടിയ വിജയം കിരീടത്തിലേക്കുള്ള വഴിതുറന്നു. റാങ്കിങ്ങിൽ തങ്ങളേക്കാൾ ഏറെ മുന്നിലുള്ളവരെയാണ് അവർ തോൽപിച്ചത്. സിംഗിൾസിൽ മാത്രമല്ല ഡബി‍ൾസിലും മികച്ചൊരു ടീമുണ്ടെന്ന് ലോകത്തിനു കാണിച്ചു കൊടുക്കാൻ ഇതിലൂടെ നമുക്കു കഴിഞ്ഞു. 

ക്വാർട്ടറിലും സെമിഫൈനലിലും ലക്ഷ്യ സെന്നിന്റെ തോൽവി നിരാശപ്പെടുത്തിയോ?

ടൂർണമെന്റിനായി ബാങ്കോക്കിലെത്തിയതിനു തൊട്ടുപിന്നാലെ ലക്ഷ്യയ്ക്കു ഭക്ഷ്യവിഷബാധയുണ്ടായി. 3 ദിവസം പരിശീലനം പോലും നടത്താനായില്ല.  ലക്ഷ്യയുടെ പങ്കാളിത്തം പോലും ആശങ്കയിലായിരുന്നു. പക്ഷേ എല്ലാവരെയും അദ്ഭുതപ്പെടുത്തി തിരിച്ചുവരാൻ ലക്ഷ്യയ്ക്കു സാധിച്ചു. ആരോഗ്യ പ്രശ്നങ്ങളാണ് ക്വാർട്ടറിലും സെമിയിലും തിരിച്ചടിയായത്. പക്ഷേ ഫൈനലിൽ നേടിയ ഉജ്വല വിജയം ഇന്ത്യൻ ക്യാംപിനാകെ ആത്മവിശ്വാസം പകർന്നു. ‌‌പ്രശ്നങ്ങളെ വകവയ്ക്കാതെ വമ്പൻ താരങ്ങൾക്കെതിരെ മത്സരിക്കാനും വിജയിക്കാനും കഴിഞ്ഞത് ഒരു ഇരുപതു വയസ്സുകാരനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. 

മലയാളി താരം എം.ആർ.അർജുന്റെ പ്രകടനത്തെക്കുറിച്ച്?

ഡബിൾസിൽ ഇന്ത്യയ്ക്കു പ്രതീക്ഷയർപ്പിക്കാവുന്ന താരമാണ് അർജുൻ. ആക്രമണ ശൈലിയാണ് കരുത്ത്. ഏതാനും വർഷങ്ങൾക്കു മുൻപേ ദേശീയ ടീമിലെത്തിയെങ്കിലും കോവിഡിനെത്തുടർന്നു അർജുന് ഒട്ടേറെ മത്സരങ്ങൾ നഷ്ടമായി. കൂടുതൽ രാജ്യാന്തര മത്സരങ്ങൾ കളിക്കാൻ അവസരമൊരുക്കുകയാണ് ഇനി വേണ്ടത്. 24 വയസ്സുകാരനായ താരത്തിന് പ്രായവും അനുകൂലഘടകമാണ്.

English Summary: Interview with Thomas Cup Badminton coach U.Vimal Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com