ന്യൂഡൽഹി ∙ തോമസ് കപ്പിലെ ചരിത്ര വിജയത്തിനൊപ്പം ചേർത്തുവയ്ക്കാൻ ബധിര ഒളിംപിക്സ് ബാഡ്മിന്റനിലും ഇന്ത്യയ്ക്ക് ഉജ്വല നേട്ടം. 18 വയസ്സുകാരി ജെർലിൻ അനിക ബധിര ഒളിംപിക്സ് ബാഡ്മിന്റനിൽ നിന്നു നേടിയത് 3 സ്വർണം. വനിതാ സിംഗിൾസ്, മിക്സ്ഡ് ഡബിൾസ്, മിക്സ്ഡ് ടീം ഇനങ്ങളിലായിരുന്നു മധുര സ്വദേശിനിയായ ജെർലിന്റെ നേട്ടം. ബധിര ഒളിംപിക്സിൽ ഒരു ഇന്ത്യൻ താരം 3 സ്വർണം നേടുന്നത് ഇതാദ്യമാണ്.
ജന്മനാ കേൾവി പരിമിതിയുണ്ടായിരുന്ന ജെർലിനെ ബാഡ്മിന്റനിലേക്കു വഴിതിരിച്ചുവിട്ടത് അച്ഛൻ ജയ രജകനാണ്. എട്ടാം വയസ്സിൽ മധുരയിലെ പ്രാദേശിക ക്ലബ്ബിൽ ചേർന്നു പരിശീലനം ആരംഭിച്ച ജെർലിൻ നേട്ടങ്ങളിലെത്തിയത് അതിവേഗമായിരുന്നു. 2019ൽ ലോക ബധിര ബാഡ്മിന്റനിൽ ഒരു സ്വർണമടക്കം 4 മെഡലുകൾ നേടിയതോടെ രാജ്യത്തിന്റെ സൂപ്പർ താരമായി മാറി.
8 വീതം സ്വർണവും വെങ്കലവും ഒരു വെള്ളിയുമാണ് ബ്രസീലിൽ കഴിഞ്ഞ ദിവസം സമാപിച്ച ബധിര ഒളിംപിക്സിൽ ഇന്ത്യയുടെ നേട്ടം. മെഡൽ പട്ടികയിൽ ഇന്ത്യ എട്ടാം സ്ഥാനത്താണ്.
English Summary: Deaflympics: Jerlin Anika wins three golds in badminton