സ്വർണം ഇടിച്ചിട്ട് നിഖാത് സരീൻ; ലോകചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കു നേട്ടം

nikhat-sareen
നിഖാത് സരീൻ (PHOTO: Twitter@ Boxing Federation)
SHARE

ഇസ്തംബുൾ ∙ ലോക ബോക്സിങ്ങിൽ ഇന്ത്യൻ വനിതകളുടെ ഇടിമുഴക്കം അവസാനിക്കുന്നില്ല. ഇസ്തംബുളിൽ നടന്ന ലോക വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്വർണം നേടിയ ഹൈദരാബാദുകാരി നിഖാത് സരീനാണ് 2002ൽ മേരികോം തുടക്കമിട്ട ഇന്ത്യൻ ഇടി വിപ്ലവത്തിന്റെ പിന്തുടർച്ചക്കാരിയായത്. വനിതകളുടെ 52 കിലോഗ്രാം ഫ്ലൈവെയ്റ്റ് വിഭാഗത്തിലാണ് സരീന്റെ നേട്ടം. ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്വർണം നേടുന്ന അ​ഞ്ചാമത്തെ ഇന്ത്യക്കാരിയാണ് 25 വയസ്സുകാരിയായ നിഖാത് സരീൻ. 6 തവണ ചാംപ്യനായ മേരികോമിനു പുറമേ സരിതാ ദേവിയും ആർ.എൽ.ജെന്നിയും മലയാളി താരം കെ.സി.ലേഖയും മുൻപ് ലോക ചാംപ്യൻഷിപ്പിൽ സ്വർണം നേടിയിട്ടുണ്ട്.

തായ്‌ലൻഡിന്റെ ജിപോങ് ജുവാമസിനെതിരെ ഏകപക്ഷീയ ജയം നേടിയ സരീൻ 4 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ലോക ചാംപ്യൻഷിപ് സ്വർണം ഇന്ത്യയിലെത്തിക്കുന്നത്. 2018ൽ മേരികോം ആണ് രാജ്യത്തിനു വേണ്ടി ഇതിനു മുൻപ് സ്വർണം നേടിയത്.

ഇന്നലത്തെ ഫ‌ൈനൽ മത്സരത്തിൽ 5 ജഡ്ജുമാരും ഇന്ത്യൻ താരത്തിന് അനുകൂലമായി വിധിയെഴുതി. സരീന്റെ പഞ്ചുകൾക്കു മുൻപിൽ ആദ്യ റൗണ്ടിൽ ജിപോങ്ങിനു പിടിച്ചുനിൽക്കാനായില്ല. രണ്ടാംറൗണ്ടിൽ എതിരാളി ശൈലി മാറ്റി തിരിച്ചുവന്നപ്പോൾ ഇന്ത്യൻ താരം ഓൾഔട്ട് അറ്റാക്കിലേക്കു തിരി‍ഞ്ഞു. സരീന്റെ തുടർ ആക്രമണങ്ങൾ മത്സരത്തിന്റെ സ്കോറിങ്ങിലും പ്രതിഫലിച്ചു. ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. 57 കിലോഗ്രാം വിഭാഗത്തിൽ മനീഷ മൗണും 63 കിലോഗ്രാം വിഭാഗത്തിൽ പർവീൺ ഹൂഡയും നേരത്തേ വെങ്കലം നേടി.

2011ൽ ലോക ജൂനിയർ ബോക്സിങ് ചാംപ്യനായിരുന്ന താരം 11 വർഷത്തിനുശേഷമാണ് സീനിയർ തലത്തിലും ലോകനേട്ടം കൈവരിക്കുന്നത്. സീനിയർ ലോക ചാംപ്യൻഷിപ്പിലെ അരങ്ങേറ്റമായിരുന്നു ഇത്തവണ.

∙ ഇനി സരീന്റെ സമയം

(നിഖാത് സരീന്റെ പ്രകടനം മുൻ ലോക ചാംപ്യൻ കെ.സി.ലേഖ വിലയിരുത്തുന്നു)

അളവില്ലാത്ത ആത്മവിശ്വാസമാണ് ബോക്സിങ് റിങ്ങിൽ നിഖാത് സരീന്റെ കരുത്ത്. എതിരാളിയുടെ പ്രതാപവും നേട്ടങ്ങളുമൊന്നും അവളെ ഒരിക്കലും അലട്ടാറില്ല. ആദ്യ സെക്കൻഡ് മുതൽ ആക്രമണം അഴിച്ചുവിട്ട് എതിരാളികളെ സമ്മർദത്തിലാക്കുന്നതാണ് തന്ത്രം. ഇടതടവില്ലാത്ത ആക്രമണങ്ങളുടെ കരുത്തിൽ ഒളിംപിക്സ് മെഡൽ ജേതാക്കളെ വരെ വീഴ്ത്തിയ ചരിത്രമുണ്ട് ഈ ഹൈദരാബാദുകാരിക്ക്. സരീനെതിരെ മത്സരിക്കുമ്പോൾ തങ്ങളുടെ സ്വാഭാവിക മത്സര ശൈലി പുറത്തെടുക്കാൻ കഴിയാതെ എതിരാളികൾ വലയുന്നത് കണ്ടിട്ടുണ്ട്. 25 വയസ്സുകാരിയായ സരീന്റെ ഫോമും പ്രായവും വരുന്ന ഏഷ്യൻ ഗെയിംസിലും 2024 ഒളിംപിക്സിലും ഇന്ത്യയ്ക്കു പ്രതീക്ഷ നൽകുന്നതാണ്.

English Summary: Nikhat Zareen wins gold at Women's World Boxing Championships

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA