ബോക്സിങ്ങിനിടെ ഹൃദയാഘാതം; തോൽവി അറിയാത്ത ചാംപ്യന് റിങ്ങിൽ ദാരുണാന്ത്യം!

musa-yamak
മൂസ യാമാക്.
SHARE

ലണ്ടൻ∙ ബോക്സിങ് റിങ്ങിൽ മറ്റൊരു ജീവൻകൂടി പൊലിഞ്ഞു. ബോക്സിങ്ങിൽ, ഇതുവരെ തോൽവി അറിയാത്ത ജർമൻ ചാംപ്യൻ മൂസ യാമാക്കാണ് മത്സരത്തിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. യുഗാണ്ടയുടെ ഹംസ വാന്ദേരയ്ക്കെതിരെ ശനിയാഴ്ച മ്യൂണിക്കിൽ നടന്ന മത്സരത്തിനിടെയാണു ഹൃദയാഘാതത്തെ തുടർന്ന് റിങ്ങിൽ കുഴഞ്ഞു വീണത്.

‘ഞങ്ങളുടെ സഹയാത്രികൻ മൂസ അസ്കാന്‍ യാമാക്കിനെ നഷ്ടമായിരിക്കുകയാണ്. അലുക്രയിൽനിന്നുള്ള ബോക്സറായ അദ്ദേഹം യൂറോപ്യൻ, ഏഷ്യൻ ചാംപ്യൻഷിപ്പുകൾ ജയിച്ചിട്ടുണ്ട്. 

യുവാവായിരിക്കെ, ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം’– തുർക്കിഷ് അധികൃതൻ ഹസൻ ടുറാൻ ട്വിറ്ററിൽ കുറിച്ചു.

ബോക്സിങ് മത്സരം ആരാധകർക്കായി തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. 3–ാം റൗണ്ട് തുടങ്ങുന്നതിനു തൊട്ടുമുൻപാണു യാമാക്ക് കുഴഞ്ഞുവീണത്. 2–ാം റൗണ്ടിൽ വാന്ദേരയുടെ കനത്ത ഒരു പഞ്ച് യാമാക്ക് ഏറ്റുവാങ്ങിയിരുന്നു. ഇതിനു ശേഷം 3–ാം റൗണ്ടിനായി ഒരുങ്ങിയിരുന്നു എങ്കിലും മത്സരം തുടങ്ങുന്നതിനു മുൻപുതന്നെ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണു റിപ്പോർട്ടുകൾ. റിങ്ങിൽവച്ചുതന്നെ അടിയന്തര വൈദ്യ സഹായം ലഭ്യമാക്കിയതിനു ശേഷം അദ്ദേഹത്തെ തൊട്ടടുത്തുള്ള പ്രാദേശിക ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപുതന്നെ മരണം 

സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. 

‘സംഭവത്തിനു പിന്നാലെ വികാരാധീനരായ ആരാധകരും യാമാക്കിന്റെ കുടുംബാംഗങ്ങളും അക്രമാസക്തരായി. ആശുപത്രി അധികൃതരുടെ സംരക്ഷണം ഉറപ്പാക്കാൻ സ്ഥലത്തു കൂടുതൽ പൊലീസ് സേനയെ വിന്യസിക്കുകയായിരുന്നു’– രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2017ൽ ബോക്സിങ് അരങ്ങേറ്റം കുറിച്ച യാമാക്ക്, 75 എക്സ്പർട്ട് മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ല. 

2021ൽ ലോക ബോക്സിങ് ഫെഡറേഷൻ രാജ്യാന്തര കിരീടം നേടിയതിനു ശേഷമാണു കൂടുതൽ ജനകീയനാകുന്നത്. 

English Summary: Undefeated Boxer Musa Yamak Dies Of Heart Attack During Fight

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA