ADVERTISEMENT

‘ഈ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ പക്ഷിമൃഗാദികളെയൊന്നും വേദനിപ്പിച്ചിട്ടില്ല’– ഏതു ചിത്രം തുടങ്ങുമ്പോഴും ഇങ്ങനെയൊരു പ്രതിജ്ഞ എഴുതിക്കാണിക്കുന്നതു കാണാം. ഏതെങ്കിലും കായിക മത്സരത്തിനു മുൻപ് ഇങ്ങനെയൊന്ന് എഴുതിക്കാണിക്കുന്നത് സങ്കൽപിച്ചു നോക്കൂ. അതേതു കായിക ഇനമായിരിക്കും? കാളപ്പോരു മുതൽ കുതിരപ്പന്തയം വരെ മനസ്സിലേക്കു വരുമെങ്കിലും അതൊന്നുമല്ല ഇത്ര വ്യാപകമായ ‘വേട്ട’ നടക്കുന്ന മത്സരയിനം; അതു ബാഡ്മിന്റനാണ്! അതേ, തോമസ് കപ്പിൽ സ്വർണം നേടി ഇന്ത്യ ചരിത്രം കുറിച്ച ബാഡ്മിന്റൻ തന്നെ! 

ഷട്ടിൽ കോക്കുകളുടെ നിർമാണം
ഷട്ടിൽ കോക്കുകളുടെ നിർമാണം

∙ എന്തു കൊണ്ട് ബാഡ്മിന്റൻ? 

കാലാകാലങ്ങളായി തൂവൽ കൊണ്ടുള്ള ഷട്ടിൽ കോക്കാണ് പ്രഫഷനൽ ബാഡ്മിന്റൻ മത്സരങ്ങളിൽ ഉപയോഗിക്കുന്നത്. നമ്മുടെ താറാവുകളുടെ കുടുംബക്കാരായ വാത്തകളുടെ തൂവലുകളാണ് ഷട്ടിൽ കോക്കുകളുടെ നിർമാണത്തിനു വേണ്ടി ഉപയോഗിക്കുന്നത്. ഓരോ കോക്കിലും 16 തൂവലുകളുണ്ടാകും. ഒരു പക്ഷിയുടെ ഒരു ചിറകിൽ നിന്ന് പരമാവധി 6 തൂവലുകളേ ഷട്ടിൽ കോക്ക് നിർമാണത്തിന് ഉപയോഗിക്കാവുന്ന ക്വാളിറ്റിയിൽ ഉണ്ടാവൂ. അതിൽ തന്നെ ഇടതു ചിറകിന് ഡിമാൻഡ് കൂടും. ഇതിനു വേണ്ടി ഒരു ഡസനിലേറെ തൂവലുകൾ പറിച്ചെടുക്കും. ചോര പൊടിഞ്ഞ അവയിൽ നിന്ന് ആകൃതിയും തൂക്കവും എല്ലാം നോക്കിയാണ് മികച്ചവ തിരഞ്ഞെടുക്കുന്നത്. 1.7 ഗ്രാം മുതൽ 2.1 ഗ്രാം വരെയുള്ള തൂവലുകളാണ് ഷട്ടിൽ കോക്ക് നിർമാണത്തിന് ഉപയോഗിക്കുന്നത്. ബാക്കിയുള്ളവ വെറുതെ കളയും.

തൂവൽ, പ്ലാസ്റ്റിക് കോക്കുകൾ
തൂവൽ, പ്ലാസ്റ്റിക് കോക്കുകൾ

ജീവനുള്ള പക്ഷികളുടെ ചിറകിൽ നിന്നാണ് ഇവ പറിച്ചെടുക്കുന്നത് എന്നതോർക്കണം. നമ്മുടെ മുടി വലിച്ചു പറിക്കുന്നതു പോലുള്ള വേദനയാണ് ഓരോ തൂവൽ പറിക്കുമ്പോഴും പക്ഷി അനുഭവിക്കുന്നത്. ഇങ്ങനെ എത്രയെത്രയോ തൂവലുകളും ഷട്ടിൽ കോക്കുകളുമാണ് ഒരു ദിവസം തന്നെ ലോകത്ത് ചെറുതും വലുതുമായ കോർട്ടുകളിൽ പറന്നു നടക്കുന്നത്. ശരാശരി ഒരു പ്രഫഷനൽ മത്സരത്തിൽ 54 പക്ഷികളുടെ തൂവൽ ഉപയോഗിക്കുന്നുണ്ടെന്നാണു കണക്ക്! 

∙ ഇന്ത്യയുടെ ഷട്ടിൽ തലസ്ഥാനം 

ചൈനയും ജപ്പാനുമാണ് ഷട്ടിൽ കോക്കുകളുടെ ഉൽപാദനത്തിൽ മുന്നിലെങ്കിലും ഇന്ത്യയിലും ഷട്ടിൽ കോക്ക് നിർമാണമുണ്ട്. അതിൽ മുക്കാൽ പങ്കും ബംഗാളിലെ ജാദുർബെറിയ ഗ്രാമത്തിലാണ്. ഇന്ത്യയുടെ ഷട്ടിൽ കോക്ക് തലസ്ഥാനം എന്നാണ് ജാദുർബെറിയ അറിയപ്പെടുന്നത്. കുടിൽ വ്യവസായം പോലെയാണ് ഇവിടെ ഷട്ടിൽ കോക്ക് നിർമാണം. വെള്ളത്താറാവുകളുടെ തൂവലിൽ നിന്നാണ് ജാദുർബെറിയയിലെ ഫാക്ടറികൾ ഷട്ടിൽ കോക്ക് നിർമിക്കുന്നത്. ബംഗ്ലദേശിൽ നിന്നാണ് പ്രധാനമായും തൂവലുകളെത്തുന്നത്. കോക്കുകൾ ചൈനയിൽ നിന്നു തന്നെ ഇറക്കുമതി ചെയ്യുന്നു. തൂവലുകളുടെ ദൗർലഭ്യം ജാദുർബെറിയയിലെ ഷട്ടിൽ കോക്ക് വ്യവസായത്തെയും പ്രതിസന്ധിയിലാക്കാറുണ്ട്. 

ഷട്ടിൽ കോക്കും റാക്കറ്റും
ഷട്ടിൽ കോക്കും റാക്കറ്റും

∙ പ്ലാസ്റ്റിക് ബദൽ? 

ഇങ്ങനെയെല്ലാമായിട്ടും എന്തു കൊണ്ടാണ് തൂവൽ കോക്കുകൾക്കു പകരം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷട്ടിൽ കോക്കുകൾ ലോക ബാഡ്മിന്റൻ ഫെഡറേഷൻ പ്രോൽസാഹിപ്പിക്കാത്തത്? പക്ഷിപ്പനി വ്യാപകമായ കാലത്ത് ഫെഡറേഷൻ ഈ വഴിക്കൊരു നീക്കം നടത്തിയെങ്കിലും താരങ്ങളുടെയും പരിശീലകരുടെയും എതിർപ്പിനെത്തുടർന്ന് ഉപേക്ഷിച്ചു. തൂവൽ കോക്കുകളുടെ ‘ഫ്ലെക്സിബിലിറ്റി’ പ്ലാസ്റ്റിക് കോക്കുകൾക്കു കിട്ടുന്നില്ല എന്നു പറഞ്ഞായിരുന്നു എതിർപ്പ്. ലോകമെങ്ങുമുള്ള അമച്വർ മത്സരങ്ങളിലും വിനോദത്തിനു വേണ്ടിയുള്ള കളികളിലുമെല്ലാം പ്ലാസ്റ്റിക് ഷട്ടിലാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് എന്നതാണ് ആശ്വാസകരമായ കാര്യം. 

English Summary: Cruelty behind shuttle cock making

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com