ADVERTISEMENT

തോമസ് കപ്പ് വിജയത്തിനു ശേഷം എം.ആർ.അർജുൻ വീട്ടിലെത്തിയത് മാതാപിതാക്കളുടെ വിവാഹ വാർഷിക ദിനത്തിൽ

കൊച്ചി ∙ ചേരാനല്ലൂർ സുജ നിവാസിൽ എൻ. രാമചന്ദ്രന്റെയും സുജാതയുടെയും 29–ാം വിവാഹ വാർഷികമായിരുന്നു ഇന്നലെ. അച്ഛനും അമ്മയ്ക്കും വിവാഹ വാർഷിക സമ്മാനമായി മകൻ എം.ആർ.അർജുൻ കയ്യിൽ വച്ചു കൊടുത്തതു സ്വർണ മെഡലാണ്; തോമസ് കപ്പ് ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിലെ അംഗമെന്ന നിലയിൽ കിട്ടിയ സ്വർണ മെഡൽ! 

ഇതിലും വലിയൊരു സമ്മാനം കിട്ടാനില്ലെന്ന് അർജുനെ ചേർത്തു പിടിച്ച് അച്ഛനും അമ്മയും പറയുന്നു. ഫാക്ടിൽ ഡപ്യൂട്ടി മാനേജരാണു രാമചന്ദ്രൻ. വൈറ്റില ടോക് എച്ച് സ്കൂളിൽ അധ്യാപികയാണു സുജാത. കളിക്കളത്തിലെ വിജയത്തിനു പിന്നിലെ മുഴുവൻ ക്രെഡിറ്റും തന്റെ കളിക്കു കൂട്ടു നിന്ന അച്ഛനും അമ്മയ്ക്കും സഹോദരൻ അരവിന്ദിനും അർജുൻ നൽകുന്നു. തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന ചാംപ്യൻഷിപ് വിജയത്തിനു ശേഷം അർജുൻ നാട്ടിലെത്തിയത് ഇന്നലെ. അച്ഛനും സഹോദരനുമൊപ്പം ഏഴാം വയസ്സിൽ ഏലൂർ ഉദ്യോഗമണ്ഡൽ ക്ലബ്ബിൽ ബാഡ്മിന്റൻ കളിച്ചു തുടങ്ങിയതാണ് അർജുൻ. പതിനൊന്നാം വയസ്സിൽ കടവന്ത്ര റീജനൽ സ്പോർട്സ് സെന്ററിലെ (ആർഎസ്‌സി) ബാഡ്മിന്റൻ അക്കാദമിയിൽ ചേർന്നപ്പോൾ അർജുന്റെ പരിശീലനത്തിനു വേണ്ടി കുടുംബവും സമീപത്തേക്കു താമസം മാറ്റി. 

അക്കാദമിയിലെ കോച്ച് ജോയ് ടി. ആന്റണിയാണു അർജുനിലെ ബാഡ്മിന്റൻ താരത്തെ തേച്ചു മിനുക്കിയെടുക്കുന്നത്.

പിന്നീട് ദേശീയ മത്സരങ്ങളിലുൾപ്പെടെ അർജുൻ കഴിവു തെളിയിച്ചപ്പോൾ ഇന്ത്യൻ ടീമിലേക്കുള്ള വിളിയെത്തി. തേവര എസ്എച്ച് കോളജിൽ പ്രവേശനം കിട്ടിയ ഉടനെയാണ് ഗോപീചന്ദ് അക്കാദമിയിൽ നിന്നു വിളിക്കുന്നത്. ദേശീയ ടീമിന്റെ ഭാഗമായി 2015 മുതൽ ഹൈദരാബാദിലെ ഗോപീചന്ദ് അക്കാദമിയിലാണ് അർജുൻ പരിശീലനം നടത്തുന്നത്. 

തോമസ് കപ്പിലെ ഇന്ത്യൻ വിജയം ടീമിന്റെ കൂട്ടായ്മയുടെ വിജയമാണെന്ന് അർജുൻ പറയുന്നു.

Content Highlights: Badminton player M R Arjun, Thomas cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com