ADVERTISEMENT

ഏഴു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള തോമസ് കപ്പിൽ ഇന്ത്യ ആദ്യമായി മുത്തമിട്ടു. തോമസ് കപ്പ് ഉയർത്തുന്ന ആറാമത്തെ രാഷ്ട്രം എന്ന പദവിയോടെ ഇന്ത്യ ലോക ബാഡ്മിന്റന്റെ നെറുകയിലെത്തിയത് കഴിഞ്ഞ ആഴ്ചയാണ്. ലോക ബാഡ്‌മിന്റൻ ഫെഡറേഷൻ പുരുഷൻമാർക്കുവേണ്ടി നടത്തുന്ന രാജ്യാന്തര ടൂർണമെന്റാണ് തോമസ് കപ്പ്. ടൂർണമെന്റിന്റെ ചരിത്രത്തിൽ 13 തവണ അവസാന റൗണ്ടിൽ കടന്ന ചരിത്രമുള്ള ഇന്ത്യ 14 തവണ ജേതാക്കളായ ഇന്തൊനീഷ്യയെ ഫൈനലിൽ തകർത്താണ് ഇക്കുറി ജേതാക്കളായത്. ബാഡ്മിന്റനിലെ ഇന്ത്യയുടെ ചരിത്ര നേട്ടങ്ങളിലൂടെ ഒരു സഞ്ചാരം...

∙ ഇന്ത്യയും ബാഡ്മിന്റനും 

ചെസിന് ജന്മം നൽകിയ രാജ്യമാണ് ഇന്ത്യ. അതുപോലെ ബാഡ്‌മിന്റന്റെയും സ്വന്തം നാടാണ് ഇന്ത്യ. ഇവിടെ തുടങ്ങുന്നു ഇന്ത്യയും ബാഡ്മിന്റനും തമ്മിലുള്ള അഭേദ്യമായ ബന്ധം. 

പ്രഭുക്കൻമാരുടെ  ആസ്‌ഥാനം ഇംഗ്ലണ്ടിലെ ഗ്ലസ്‌റ്റർഷെറിറിലുള്ള ബാഡ്‌മിന്റൻ എന്ന പ്രദേശമായിരുന്നു. ഇംഗ്ലിഷുകാർ അവിടെ ഒരു വിനോദത്തിന് തുടക്കം കുറിച്ചതോടെയാണ് ആ കളിക്ക് ബാഡ്‌മിന്റൻ എന്ന പേര് കൈവന്നത്. ബോഫോർട്ട് പ്രഭുവാണത്രെ പേരു സമ്മാനിച്ചതും. ബ്രിട്ടീഷ് ഇന്ത്യയിലെ പുണെയുടെ പല പ്രദേശങ്ങളിലുമായി പ്രചാരത്തിലുണ്ടായിരുന്നു ഈ വിനോദം. അതുകൊണ്ട് ആദ്യ കാലങ്ങളിൽ പുണെ ഗെയിം എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. 1870കളിൽ ഇന്ത്യയിലുണ്ടായിരുന്ന ബ്രിട്ടീഷ്  സൈനിക ഉദ്യോഗസ്‌ഥർ  ഈ കളിയെക്കുറിച്ച് അറിയുകയും അത് ഇംഗ്ലണ്ടിലെത്തിക്കുകയും ചെയ്‌തു എന്നാണ് പൊതുവേയുള്ള വിശ്വാസം. ബാഡ്‌മിന്റൻ എന്ന കായികവിനോദത്തിന് സംഘടിതമായ ഒരു രൂപം നൽകിയതും പ്രചാരം നൽകിയതുമൊക്കെ ബ്രീട്ടീഷുകാരാണ്. 

∙ പ്രകാശ് പദുക്കോണിലൂടെ ‘അരങ്ങേറ്റം’

രാജ്യാന്തര ബാഡ്മിന്റനിലെ ഇന്ത്യയുടെ ആദ്യ സുവർണവിജയം പിറക്കുന്നത് 1978ലെ എഡ്മണ്ടൻ കോമൺവെൽത്ത് ഗെയിംസിലൂടെയാണ്. 1978 ഓഗസ്റ്റ് 12ന് ഇംഗ്ലണ്ടിന്റെ ഡെറിക് ടാൾബോട്ടിനെ 15–9, 15–8ന് തോൽപ്പിച്ച് പ്രകാശ് പദുക്കോൺ ചരിത്രജയം സ്വന്തമാക്കി. ബാഡ്മിന്റനിലെ ഇന്ത്യയുടെ ആദ്യ രാജ്യാന്തരവിജയം. പദുക്കോണിനു മുൻപ്, 1966ലെ കിങ്സ്റ്റൻ മേളയിൽ (അന്ന് ബ്രിട്ടിഷ് കോമൺവെൽത്ത് ഗെയിംസ്) ഇന്ത്യ ബാഡ്മിന്റനിൽ മറ്റൊരു മെഡൽ നേടിയിരുന്നു. 

അതുപക്ഷേ, വെങ്കലമായിരുന്നു. ദിനേശ് ഖന്നയിലൂടെയായിരുന്നു ആ വെങ്കലം. രാജ്യാന്തര തലത്തിലെ ഇന്ത്യയുടെ ആദ്യ ബാഡ്മിന്റൻ നേട്ടമായി വിശേഷിപ്പിക്കാം. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ സ്വർണവേട്ട തുടർന്നു. 1982ലെ ബ്രിസ്ബേൻ മേളയിൽ സയ്യിദ് മോദി, സൈന നെഹ്‌വാൾ (രണ്ടു സ്വർണം: 2010, 18), പി. കശ്യപ് (2014) എന്നിവർ സിംഗിൾസിൽ ജേതാക്കളായപ്പോൾ 2010ൽ ജ്വാല ഗുട്ട– അശ്വിനി പൊന്നപ്പ സഖ്യം വനിതാ ഡബിൾസ് നേടി. 2018ൽ  മിക്സഡ് ടീം ഇനത്തിൽ കരുത്തരായ മലേഷ്യയെ 3–1നു തകർത്ത് ഇന്ത്യ കിരീടം ചൂടി. വിവിധ കോമൺവെൽത്ത് മേളകളിൽനിന്നു ഇന്ത്യയുടെ ബാഡ്മിന്റനിലെ നേട്ടം ഇങ്ങനെയാണ്: 7 സ്വർണം, 7 വെള്ളി, 11 വെങ്കലം. ആകെ 25 മെഡലുകൾ. 

thomas-cup-main

∙ ‘ഓൾ ഇംഗ്ലണ്ട്’ ഇന്ത്യക്കാർ

ബാഡ്‌മിന്റനിലെ വിമ്പിൾഡൻ എന്നു വിശേഷിപ്പിക്കുന്ന ഓൾ ഇംഗ്ലണ്ട് ബാഡ്‌മിന്റൻ ചാംപ്യൻഷിപ്പ് ലോകത്തിലെ ഏറ്റവും മഹത്തായ കായികമേളകളിലൊന്നാണ്. 1899ൽ ആരംഭിച്ച ഈ ടൂർണമെന്റിൽ മുത്തമിടാൻ രണ്ട് ഇന്ത്യക്കാർക്കുമാത്രമാണ് ഭാഗ്യം ലഭിച്ചത്. 1980ൽ ജേതാവായതോടെ പ്രകാശ് പദുക്കോൺ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനായി. 2001ൽ പുല്ലേല ഗോപീചന്ദ്  ഓൾ ഇംഗ്ലണ്ട് നേടി ചരിത്രം ആവർത്തിച്ചു. 2015ൽ വനിതാ വിഭാഗം ഫൈനലിൽ കടന്നെങ്കിലും സൈന നെഹ്‌വാളിന് കിരീടം ചൂടാനായില്ല. 

∙ സിന്ധു: ഇന്ത്യയുടെ ലോക ചാംപ്യൻ

ലോക ബാഡ്‌മിന്റൻ ഫെഡറേഷന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടക്കുന്ന ലോക ബാഡ്‌മിന്റൻ ചാംപ്യൻഷിപ്പിന് 1977ൽ തുടക്കമായെങ്കിലും ഇന്ത്യ ആദ്യമായി ഏതെങ്കിലും വിഭാഗത്തിൽ കിരീടം ചൂടിയത് ഒരിക്കൽമാത്രം. 2019ൽ പി. വി. സിന്ധു. സ്വിറ്റ്സർലൻഡിലെ ബാസലിൽ നടന്ന വനിതാ സിംഗിൾസ് ഫൈനലിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ തോൽപിച്ചാണ് സിന്ധൂരക്കുറി ചാർത്തിയത്.  37 മിനിറ്റിൽ കളി അവസാനിക്കുമ്പോൾ സ്കോർ: 21–7, 21–7. ഇന്ത്യൻ താരം ലോക ചാംപ്യൻഷിപ്പിൽ ആദ്യമായി ജേതാവായത് അന്നാണ് ലോകചാംപ്യൻഷിപ്പിൽ ഏതെങ്കിലും മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടം പ്രകാശ് പദുക്കോണിന് അവകാശപ്പെട്ടതാണ്. 1983ൽ വെങ്കലം നേടിയാണ് പദുക്കോൺ ചരിത്രം കുറിച്ചത്. ബാഡ്മിന്റൻ ലോകചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽ നേട്ടം ഇങ്ങനെ സംഗ്രഹിക്കാം: ഒരു സ്വർണം, നാല് വെള്ളി, ഏഴ് വെങ്കലം, ആകെ 12 മെഡലുകൾ. ഇതിൽ സിന്ധുവിന് മാത്രം അവകാശപ്പെട്ടത് ഒരു സ്വർണം, രണ്ട് വെള്ളി, രണ്ട് വെങ്കലം.  

∙ ഇന്ത്യൻ ഒളിംപ്യൻമാർ

ബാഡ്മിന്റൻ മത്സരങ്ങൾ ഒളിംപിക്‌സിൽ അരങ്ങേറ്റം കുറിച്ചത് 1992ലെ ബാർസിലോന മേളയിലാണ്. ഒളിംപിക് ബാഡ്‌മിന്റനിൽ ഇന്ത്യയുടെ പേരിൽ മൂന്നു മെഡലുകൾമാത്രമാണുള്ളത്. സൈന നെഹ്‌വാള്‍ 2012 ലണ്ടൻ മേളയിൽ വെങ്കലവും പി. വി. സിന്ധു 2016 റിയോ മേളയിൽ വെള്ളിയും 2020 ടോക്കിയോ മേളയിൽ വെങ്കലവും സ്വന്തമാക്കി. ഇന്ത്യൻ വനിതകൾമാത്രമാണ് ബാഡ്മിന്റനിൽ തിളങ്ങിയത് എന്ന് പ്രത്യേകം കാണാം. 

∙ ഇന്ത്യക്കാരന്റെ ഒരേയൊരു ലോകകപ്പ്

1981ൽ ക്വലലംപൂരിൽ അരങ്ങേറിയ പ്രഥമ ബാഡ്‌മിന്റൻ ലോകകപ്പിൽ മുത്തമിട്ടത് ഒരിന്ത്യക്കാരനാണ്. പ്രകാശ് പദുക്കോൺ അന്ന് കുറിച്ചത് ചരിത്രം. കാരണം അന്ന് ഒരിന്ത്യക്കാരൻ ബാഡ്‌മിന്റനിൽ നേടിയ ഏറ്റവും വലിയ കിരീടവിജയമായിരുന്നു പദുക്കോണിന്റേത്. ലോകകപ്പ് ഫൈനലിൽ ചൈനയുടെ ഹാൻ ജിയാനെ നേരിട്ടുളള ഗെയിമുകളിലാണ് പ്രകാശ് തോൽപ്പിച്ചത്. സ്‌കോർ: 15–0, 18–16. വെറും 50 മിനിട്ടിനുളളിലാണ് പദുക്കോൺ ചാംപ്യൻപദവി കൈയിലൊതുക്കിയത്. ഫൈനലിൽ പദുക്കോൺ  തൊടുത്തുവിട്ട ‘കോപ്പി ബുക്ക്’ ഷോട്ടുകൾക്കുമുന്നിൽ പകച്ചുനിൽക്കാനെ ഹാൻജിയാന് സാധിച്ചുളളൂ. ഹാൻജിയാന്റെ പരാജയത്തോടെ ലോക ബാഡ്‌മിന്റനിൽ  ചൈനയ്‌ക്ക് അന്നുണ്ടായിരുന്ന മേധാവിത്വമാണ് പദുക്കോൺ തകർത്തത്. 1997ൽ ലോകകപ്പ് നിർത്തലാക്കാൻ തീരുമാനിക്കുകയായിരുന്നു. 

pv-sindhu

∙ സെമിയിൽ അടിപതറുന്ന യൂബർ കപ്പ്

വനിതകളുടെ തോമസ് കപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന യൂബർ കപ്പിൽ ഇന്ത്യ രണ്ടു തവണ മൂന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്: 2014ൽ ന്യൂഡൽഹയിലും 2016ൽ ചൈനയിലെ കുൻഷനിലും. ലോക വനിതാ ചാംപ്യൻഷിപ്പ് എന്ന വിശേഷണം പേറുന്ന യൂബർ കപ്പിൽ രണ്ടു തവണയും ഇന്ത്യ സെമിയിൽ അടിപതറുകായിരുന്നു

∙ നേട്ടം കൊയ്യാതെ ഏഷ്യൻ ഗെയിംസ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ നേട്ടത്തിന് തങ്കത്തിളക്കമില്ല. ഇതേവരെ നേടിയത് ഒരു വെള്ളിയും ഒൻപത് വെങ്കലവും മാത്രം. 2018 മേളയിൽ പി. വി.  സിന്ധു ഫൈനലിൽ കടന്നെങ്കിലും  ലോക ഒന്നാം നമ്പർ താരം തായ് സൂയിങ് (ചൈനീസ് തായ്പേയ്) അനായാസം സിന്ധുവിനെ മറികടന്നു. 21-13, 21-16 എന്ന സ്കോറിൽ 34 മിനിറ്റിൽ കളി കഴിഞ്ഞു. സിന്ധുവിനെ കൂടാതെ സിംഗിൾസ് വിഭാഗങ്ങളിൽ ജേതാക്കളായ ഇന്ത്യക്കാർ രണ്ടുപേർ മാത്രമാണ്; സയ്യിദ് മോദി (വെങ്കലം, 1982), സൈന നെഹ്‌വാൾ (വെങ്കലം, 2018) 

∙ ഇന്ത്യയുടെ  ഒന്നാം റാങ്കുകാർ 

ലോക ബാഡ്മിന്റൻ ഫെഡറേഷൻ നിർണയിക്കുന്ന റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ഏതാനും ഇന്ത്യക്കാർ ഒന്നാം സ്ഥാനത്തെത്തിയതും ചരിത്രം. ബാഡ്മിന്റൻ ലോക റാങ്കിങ്ങിൽ  ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടം പ്രകാശ് പദുക്കോണിന് അവകാശപ്പെട്ടതാണ്. 1980ൽ രാജ്യാന്തരതലത്തിൽ ഒരു പിടി നേട്ടങ്ങൾ  സ്വന്തമാക്കി തിളങ്ങി നിൽക്കവേയാണ് പദുക്കോണിനെ തേടി ആ നേട്ടമെത്തിയത്.‌

ആധുനിക യുഗത്തിലെ കംപ്യൂട്ടർ അടിസ്ഥാനമാക്കിയ റാങ്കിങ് സമ്പ്രദായം നിലവിൽ വരുന്നതിനുമുൻപായിരുന്നു പദുക്കോണിന്റെ ഒന്നാം റാങ്ക്. സ്വീഡിഷ് ഓപ്പൺ കിരീടം, ഡാനിഷ് ഓപ്പൺ കിരീടം, ഓൾ ഇംഗ്ലണ്ട് ചാംപ്യൻഷിപ്പ് സിംഗിൾസ് കിരീടം എന്നിവയെല്ലാം പദുക്കോൺ നേടിയത് അക്കൊല്ലമാണ്. 

പദുക്കോണിനുശേഷം ബാഡ്മിന്റൻ റാങ്കിങ്ങിൽ ഒന്നാമതെത്തിയ ഇന്ത്യൻ താരം സൈന നെഹ്‍വാളാണ്. 2015 മാർച്ച്  അവസാനം ന്യൂഡൽഹിയിൽ അരങ്ങേറിയ ഇന്ത്യ ഓപ്പണിൽ ലോക ചാംപ്യൻ സ്‌പെയിനിന്റെ കരോലിന മരിൻ സെമിഫൈനലിൽ തോറ്റതോടെയാണ് സൈന ഒന്നാം റാങ്കിലേക്ക് കുതിച്ചെത്തിയത്.  തൊട്ടു പിന്നാലെ നടന്ന  രണ്ടാം സെമിഫൈനലിൽ ജപ്പാന്റെ യുയി ഹഷിമോട്ടോയെ തോൽപിച്ചു സൈന ഫൈനലിൽ കടക്കുകയും ചെയ്‌തു. ലോക  റാങ്കിങ്ങിന്റെ നെറുകയിൽ തൊട്ടതിനു തൊട്ടുപിറ്റേ ദിവസം തന്നെ ഇന്ത്യ ഓപ്പൺ സൂപ്പർ സീരീസ് കിരീടവും സൈന സ്വന്തമാക്കി. (സെമിയിൽ തോറ്റിരുന്നെങ്കിലും സൈന അന്ന് ഒന്നാം റാങ്കിലെത്തുമായിരുന്നു). 2014 മുതൽ തുടരുന്ന വിജയക്കുതിപ്പാണ് സൈനയെ ഒന്നാം റാങ്കിങ്ങിലെത്തിച്ചത്.  

ഒന്നാം റാങ്കിലെത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും സൈന വീണ്ടും ഒന്നിലേക്ക് കുതിച്ചെത്തി. ലോക ബാഡ്മിന്റൻ റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഏക ഇന്ത്യൻ വനിത എന്ന ബഹുമതി  ഇന്നും സൈനയുടെ പേരിലാണ്. 

ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഒന്നാമതെത്തിയത് 2018 ഏപ്രിലിൽ.  76, 895 പോയിന്റുകൾ നേടി ശ്രീകാന്ത് ഡെൻമാർക്കിന്റെ വിക്ടർ അക്സെൽസെനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളുകയായിരുന്നു.  2017ൽ അഞ്ച് സൂപ്പർ സീരീസ് ഫൈനലുകളിൽ  കടന്നു,  അതിൽ  നാലിലും വിജയകിരീടം ചൂടി. 

 

English Summary: Transformation and evolution in Indian badminton over the years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com