ADVERTISEMENT

തോമസ് കപ്പ് ബാഡ്മിന്റനിൽ ജേതാക്കളായ ഇന്ത്യൻ ടീമിലെ മലയാളി താരങ്ങൾക്ക് മലയാള മനോരമയുടെ ആദരം 

കൊച്ചി ∙ സുന്ദരമായൊരു സെർവ് പോലെ തോമസ് കപ്പ് വിജയത്തിലേക്ക് ഷട്ടിലടിച്ച താരങ്ങൾക്ക് മലയാള മനോരമയുടെ ആദരം. ലോക ബാഡ്മിന്റനിലെ പുരുഷ ടീം ചാംപ്യൻഷിപ്പായ തോമസ് കപ്പ് ചരിത്രത്തിലാദ്യമായി നേടിയ ഇന്ത്യൻ ടീമംഗങ്ങളായ മലയാളികൾ എച്ച്.എസ്. പ്രണോയ്, എം.ആർ.അർജുൻ എന്നിവരെയും ടീം മാനേജരും പരിശീലകനും മുൻ ദേശീയ ചാംപ്യനുമായ യു.വിമൽകുമാറിനെയുമാണു കൊച്ചി മനോരമയിൽ നടന്ന ചടങ്ങിൽ ആദരിച്ചത്. കേരളത്തിന്റെ രാജ്യാന്തര, ദേശീയ താരങ്ങളും മുൻ താരങ്ങളും ബാഡ്മിന്റൻ  പരിശീലകരും അസോസിയേഷൻ ഭാരവാഹികളും ആദരമുഹൂർത്തത്തിനു സാക്ഷികളായി.

മനോരമയുടെ സുവർണമുദ്രയും ഫലകവും കാഷ് അവാർഡും  പ്രണോയിക്കും അർജുനും വിമൽകുമാറിനും എഡിറ്റർ ഫിലിപ് മാത്യു സമ്മാനിച്ചു. പ്രണോയിക്കും അർജുനും 2 ലക്ഷം രൂപ വീതവും വിമൽകുമാറിന് ഒരു ലക്ഷം രൂപയും സ്വർണമെഡലുകളുമാണ് സമ്മാനിച്ചത്. തോമസ് കപ്പ് വിജയത്തിൽ പങ്കാളികളാകുക വഴി പ്രണോയിയും അർജുനും വിമൽകുമാറും ഇന്ത്യൻ കായികചരിത്രത്തിനു പൊൻതൂവൽചാർത്തിയെന്ന് ഫിലിപ് മാത്യു  പറഞ്ഞു. വ്യത്യസ്ത പ്രായവിഭാഗങ്ങളിലുള്ള താരങ്ങളുടെ ടീം സ്പിരിറ്റാണു തോമസ് കപ്പ് വിജയം സാധ്യമാക്കിയതെങ്കിൽ കളിക്കാർക്കിടയിൽ സംഘബലമുണ്ടാക്കിയതു വിമൽകുമാറിന്റെ മികവുറ്റ നേതൃത്വമാണ്.

തോമസ് കപ്പ് ബാഡ്മിന്റൻ ജയിച്ച ഇന്ത്യൻ ടീമിലെ മലയാളികളായ കോച്ച് യു. വിമൽകുമാർ, കളിക്കാരായ എച്ച്.എസ് പ്രണോയ്, എം.ആർ. അർജുൻ എന്നിവർ മലയാള മനോരമ സമ്മാനിച്ച മെമന്റോയുമായി. ചിത്രം: മനോരമ
യു. വിമൽകുമാർ, എച്ച്.എസ്. പ്രണോയ്, എം.ആർ.അർജുൻ എന്നിവർ. ചിത്രം: മനോരമ

ബാഡ്മിന്റനിൽ ഇന്ത്യയിൽ പരിശീലന സൗകര്യങ്ങൾ തീരെ ഇല്ലാതിരുന്ന കാലത്തു ലോക റാങ്കിങ്ങിൽ ആദ്യ ഇരുപതിൽ എത്തിയ വിമൽകുമാർ അപ്രതീക്ഷിതമായി പരിശീലകവേഷത്തിലേക്കു മാറിയതിൽ അന്ന് എല്ലാവർക്കും അമ്പരപ്പായിരുന്നു. എന്നാൽ ആ തീരുമാനം ശരിവയ്ക്കുന്നതായി തോമസ് കപ്പിൽ പരിശീലകവേഷത്തിലുള്ള നേട്ടം. വരാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും ഒളിംപിക്സിലുമെല്ലാം  വിജയം തുടരാൻ പ്രണോയിക്കും അർജുനും സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. 

 മനോരമ നൽകുന്ന പ്രോത്സാഹനം എന്നും മികച്ചതാണെന്നു  യു.വിമൽകുമാർ അഭിപ്രായപ്പെട്ടു. തന്റെ കാലത്തുനിന്ന് ബാഡ്മിന്റൻ ഇന്നു രാജ്യത്തു വളരെ മുന്നേറി. കൂടുതൽ താരങ്ങൾ രാജ്യാന്തര നിലവാരത്തിൽ എത്തി. പല വർഷങ്ങളിലും ഇന്ത്യൻ ടീമിനൊപ്പം കളിക്കാരനായും പരിശീലകനായും താൻ യാത്ര ചെയ്തിട്ടുണ്ട്. പക്ഷേ, ഇത്തവണ തോമസ് കപ്പ് ജയിച്ച ടീമിലെ ആവേശം മുൻപൊരിക്കലും കണ്ടിട്ടില്ല. ജൂനിയർ താരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ സീനിയർ താരങ്ങളായ കെ. ശ്രീകാന്തും പ്രണോയിയും മത്സരിച്ചു. അതു ടീമിന്റെ വിജയത്തിലുണ്ടാക്കിയ സ്വാധീനം ചെറുതല്ല– വിമൽ പറഞ്ഞു.  

 മനോരമ നൽകുന്ന പ്രോത്സാഹനം   പ്രചോദനകരമാണെന്നു പ്രണോയിയും അർജുനും ഓർമിച്ചു. 2014ൽ പ്രഥമ മനോരമ ഇന്ത്യൻ ഓപ്പൺ വിജയിയും 2017ൽ മനോരമ സ്പോർട്സ് സ്റ്റാർ പുരസ്കാര ജേതാവുമായിരുന്നു  പ്രണോയ്. 

മനോരമ ചീഫ് ന്യൂസ് എഡിറ്റർ ആർ.രാജീവ്, സ്പോർട്സ് എഡിറ്റർ സുനിഷ് തോമസ് എന്നിവർ പ്രസംഗിച്ചു. 

ജയിക്കാൻ വാട്സാപ് ഗ്രൂപ്പ്

കൊച്ചി ∙ തോമസ് കപ്പിൽ ചരിത്രത്തിലാദ്യമായി മുത്തമിടാൻ ഇന്ത്യൻ ടീമിനു സഹായകമായതു ടീം സ്പിരിറ്റും ഒത്തൊരുമയുമെന്നു ടീമിലെ മലയാളി താരങ്ങളായ എച്ച്.എസ്.പ്രണോയിയും എം.ആർ.അർജുനും. ടീം പ്രഖ്യാപിച്ചപ്പോൾ തന്നെ ‘ഇറ്റ്സ് കമിങ് ഹോം’ എന്ന പേരിൽ പ്രണോയ് ഒരു വാട്സാപ് ഗ്രൂപ്പിനു രൂപം നൽകി. ആ ഗ്രൂപ്പിലായിരുന്നു താരങ്ങളുടെ തുറന്ന ചർച്ചകളും തീരുമാനങ്ങളും. ഗ്രൂപ്പ് മത്സരത്തിൽ ചൈനീസ് തായ്പേയിയോടു 2–3നു നേരിട്ട പരാജയം തങ്ങളുടെ വാശി കൂട്ടിയെന്ന് എം.ആർ.അർജുൻ പറഞ്ഞു. ടീമിലെ ഓരോരുത്തരുടെയും ജയങ്ങളും സ്റ്റേഡിയം മുഴുവൻ നടന്നു പാട്ടു പാടി നൃത്തം ചെയ്ത് ആഘോഷമാക്കിയ അനുഭവവും താരങ്ങൾ പങ്കുവച്ചു.

KOCHI 2022 MAY   :  . @ JOSEKUTTY PANACKAL / MANORAMA
യു.വിമൽകുമാറിനൊപ്പം സെൽഫിയെടുക്കുന്ന മുൻകാല സഹതാരങ്ങൾ. ജോൺ ഓഫ് മാതാ, മുൻ ദേശീയ ജൂനിയർ ജേതാവ് സുഷ രവീന്ദ്രൻ, ലിയ ജോൺ, മിനു ജേക്കബ്, ജോൺ ഐ.നിസ്സി എന്നിവർ ചിത്രത്തിൽ.

തോമസ് കപ്പ് എവിടെ?

കൊച്ചി ∙ തോമസ് കപ്പ് എവിടെ? ഇന്ത്യൻ ടീം നേടിയ തോമസ് കപ്പ് ഇന്ത്യയിൽ കൊണ്ടുവന്നില്ലേ എന്നു സദസ്സിൽനിന്നുയർന്ന ചോദ്യത്തിനു മറുപടി പറഞ്ഞതു ടീം മാനേജർ കൂടിയായ യു.വിമൽകുമാർ. കപ്പ് ഇരിക്കുന്നതു മലേഷ്യയിലാണ്. അവിടെയാണു സ്ഥിരം സ്ഥാനം. ജേതാക്കൾക്കു സ്വന്തം നാട്ടിലേക്കു കൊണ്ടുപോകാൻ ഒരുപാടു കടമ്പകളുണ്ട്.  പ്രത്യേക പാസ്പോർട്ട് എടുക്കണം, ജേതാക്കൾക്ക് ഒരു മാസം സൂക്ഷിക്കാം. അതിനുശേഷം മലേഷ്യയിലേക്കു തന്നെ എത്തിക്കണം.  – വിമൽ പറഞ്ഞു. തോമസ് കപ്പ് ജേതാക്കൾക്കുള്ള മെഡലുകൾ പ്രണോയിയും അർജുനും വിമൽകുമാറും പ്രദർശിപ്പിച്ചു.

തലമുറകളുടെ താരസംഗമം 

കൊച്ചി ∙  കേരള ബാഡ്മിന്റനിലെ തലമുറകളുടെ സംഗമമായി മനോരമയുടെ ആദരച്ചടങ്ങ്. മുൻകാല കേരള താരങ്ങളും പരിശീലകരുമായ ആന്റോ ഡേവിഡ്, തുളസീദാസ് തുടങ്ങി പുതിയ തലമുറയിലെ ദേശീയ താരങ്ങളായ ആരതി സാറാ സുനിൽ, എം.എച്ച്.ഹരിത തുടങ്ങിയവർ വരെ സംഗമത്തിനെത്തി. മുൻ ഇന്ത്യൻ താരങ്ങളായ ജസീൽ പി.ഇസ്മായിൽ, രൂപേഷ് കുമാർ തുടങ്ങിയവരുടെ സാന്നിധ്യവുമുണ്ടായി.

യു.വിമൽകുമാറിന്റെ സമകാലീനരായ താരങ്ങളും എത്തിയിരുന്നു. തുളസീദാസ്, ആന്റോ ഡേവിഡ്, ജോൺ ഓഫ് മാതാ, ജോൺ ഐ.നിസ്സി, ബോസ് നൈനാൻ, വനിതാ താരങ്ങളായിരുന്ന സുഷ രവീന്ദ്രൻ, ലിയ ജോൺ, മിനു ജേക്കബ് തുടങ്ങിയവരെല്ലാം ഓർമകളുമായി വീണ്ടും ഒത്തുചേർന്നു. ഒപ്പം ചേർന്നു സെൽഫിയെടുത്തു. മുൻ താരവും പരിശീലകനുമായ ജോയ് ടി.ആന്റണി, എറണാകുളം ജില്ലാ ബാഡ്മിന്റൻ അസോസിയേഷൻ സെക്രട്ടറി കെ.ജെ.റസൽ, ട്രഷറർ അനിൽ പ്ലാവിൻ, വൈസ് പ്രസിഡന്റ് ഹാരി റാഫേൽ, എം.ആർ.അർജുന്റെ പിതാവ് എൻ.രാമചന്ദ്രൻ, സഹോദരൻ എം.ആർ.അരവിന്ദ് തുടങ്ങിയവരും ചടങ്ങിനുണ്ടായിരുന്നു.

thomas-cup

അന്നു തോറ്റത് 15 മിനിറ്റിൽ! 

കൊച്ചി ∙  ലോകോത്തര താരങ്ങളോടു തോറ്റു മടങ്ങിയ നാളുകളിൽനിന്നു തോമസ് കപ്പ് ലോക ചാംപ്യൻഷിപ് ജയിക്കുകയെന്ന ചരിത്ര നേട്ടത്തിലേക്ക് ഇന്ത്യ എങ്ങനെയാണ് എത്തിയത്? വിമൽകുമാർ പറഞ്ഞ കാര്യങ്ങൾ ഇന്ത്യയുടെ ബാഡ്മിന്റൻ മുന്നേറ്റത്തിന്റെ നേർചിത്രമായിരുന്നു. 

താൻ ആദ്യമായി തോമസ് കപ്പ് കളിച്ച 1982ലേക്കാണ് സദസ്സിനെ വിമൽകുമാർ കൊണ്ടു പോയത്. ചൈനയ്ക്കെതിരെ ഗ്രൂപ്പ് മത്സരം കളിക്കാൻ പ്രകാശ് പദുക്കോൺ എത്തിയില്ല. പീക്കിങ് (ഇന്നത്തെ ബെയ്ജിങ്) ആയിരുന്നു വേദി. താപനില 10 ഡിഗ്രി സെൽഷ്യസ് വരെ. ആദ്യ സിംഗിൾസിൽ വിമലിന്റെ എതിരാളി ചൈനയുടെ ചെൻ ചാങ് ജീ. 15 മിനിറ്റിൽ കളി തീർന്നു. സ്കോർ 15–3, 15–2! അടുത്ത സിംഗിൾസിൽ സയ്യിദ് മോദിയുടെ എതിരാളി മുൻ വർഷം പ്രകാശ് പദുക്കോൺ തോൽപിച്ച ഹാൻ ജിയാൻ. എന്നാൽ മോദി 15–3, 15–0ത്തിനു തോറ്റു. റിവേഴ്സ് സിംഗിൾസ് മത്സരങ്ങളിലും സമ്പൂർണ തോൽവി.   

ഇന്നെനിക്കു വയസ്സ് 60 ആണ്. ഈ ആയുസ്സിൽ കാണാനാകുമെന്നു സ്വപ്നം കാണാനാകാത്ത കാര്യമാണ് സഫലീകരിക്കപ്പെട്ടത്.  –വിമൽ പറഞ്ഞു. 

English Summary: Manorama honors Thomas Cup Badminton winners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com