പ്രിൻസിപ്പൽ സെക്രട്ടറിയുടെ നായയ്ക്ക് സ്റ്റേഡിയത്തിൽ സവാരി; താരങ്ങൾ പുറത്തും!

delhi-tyagaraja-stadium
ത്യഗരാജ സ്റ്റേഡിയം (ഫയൽ ചിത്രം).
SHARE

ന്യൂഡൽഹി∙ ഡൽഹി സർക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറി (റവന്യു) സഞ്ജീവ് ഖിര്‍വാറിനു വളർത്തുനായയ്ക്കൊപ്പം സാഹായ്ന സവാരി നടത്തുന്നതിനായി, ത്യാഗരാജ രാജ്യാന്തര സ്റ്റേഡിയത്തിലെ പരിശീലനം നേരത്തെ അവസാനിപ്പിക്കേണ്ട ‘ഗതികേടിലാണു’ തങ്ങളെന്ന പരാതിയുമായി അത്‌ലീറ്റുകളും പരിശീലകരും! ഡൽഹി സർക്കാരിന്റ വകയാണ് ത്യാഗരാജ സ്റ്റേഡിയം.

മേലുദ്യോഗസ്ഥന്റെ വളർത്തു നായയുമൊത്തുള്ള സവാരി സുഗമമാക്കുന്നതിനാണ് ഇതേ സമയത്ത് മറ്റുള്ളവരെ ഗ്രൗണ്ടിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാത്തതെന്ന് ‘ദ് ഇന്ത്യൻ എക്സ്പ്രസ്’ മാധ്യമം റിപ്പോർട്ട് ചെയ്തു.

‘മുൻപ് രാത്രി 8– 8:30 വരെ സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റ്സിനു കീഴിൽ ഞങ്ങൾ പരിശീലിച്ചിരുന്നു. പക്ഷേ ഇപ്പോൾ മേലുദ്യോഗസ്ഥനു നായയുമൊത്തു സവാരി നടത്തുന്നതിനു വേണ്ടി ഞങ്ങളോട് 7 മണിക്ക് സ്റ്റേഡിയം വിടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ ഞങ്ങളുടെ പരിശീലനം മുടങ്ങുന്ന സ്ഥിതിയാണ്’– പേരു വെളിപ്പെടുത്താൻ തയാറാകാത്ത ഒരു പരിശീലകൻ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

അതേ സമയം പ്രിൻസിപ്പൽ സെക്രട്ടറി ആരോപണം നിഷേധിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ നായയുമായി സായാഹ്ന സവാരി നടത്താറുണ്ടെന്നും എന്നാൽ ഇതൊരു പതിവല്ലെന്നും അദ്ദേഹം പറഞ്ഞു. ‘സ്റ്റേഡിയം അത്‌ലീറ്റുകൾക്ക് അവകാശപ്പെട്ടതാണ്. അവിടെ പ്രവേശിക്കരുതെന്ന് ഒരാളോടും ഞാൻ പറയില്ല. 

അവിടേക്കു പോയാൽത്തന്നെ, സ്റ്റേഡിയം അടയ്ക്കുന്ന സമയത്തിനു ശേഷമാണു പോകാറുള്ളത്. എന്റെ നായയെ ഒരിക്കലും ട്രാക്കിൽ പ്രവേശിപ്പിക്കാറില്ല. മറ്റാരും ഗ്രൗണ്ടിൽ ഇല്ലാത്ത സാഹചര്യത്തിൽ, ചിലപ്പോൾ ഇങ്ങനെ ചെയ്യാറുണ്ട്. പക്ഷേ, അത്‌ലീറ്റുകൾക്കു തടസ്സമാകുന്ന തരത്തിൽ ഒരിക്കലും ഇതു ചെയ്യാറില്ല. ആർക്കെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ, ഇത് അവസാനിപ്പിക്കാനും ഞാൻ തയാറാണ്’– അദ്ദേഹത്തിന്റെ പ്രതികരണം.

എന്നാൽ കഴിഞ്ഞ 7 ദിവസം നടത്തിയ പരിശോധനയിൽ, 7 മണിക്കു ശേഷം ഒരു വിസിൽ മുഴക്കി, സ്റ്റേഡിയത്തിൽനിന്നു താരങ്ങൾ പുറത്തുപോകുന്നത് ഉറപ്പാക്കുന്നതായി ബോധ്യപ്പെ‍ട്ടതായാണ് റിപ്പോർട്ടിൽ പറയുന്നത്. 

‘സ്റ്റേഡിയം 7 മണിക്ക് അടയ്ക്കേണ്ടതായുണ്ട്. മറ്റെല്ലാ സർക്കാർ ഓഫിസുകൾക്കും നിശ്ചിത സമയമുണ്ട്. ഡൽഹി സർക്കാരിനു കീഴിലുള്ളതാണ് ഈ സ്റ്റേഡിയം. ഞാൻ 7 മണിക്ക് സ്റ്റേഡിയത്തിൽനിന്നു പോകും. അതിനു ശേഷം അവിടെ മറ്റെന്തെങ്കിലും സംഭവിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല’– സ്റ്റേഡിയം അഡ്മിനിസ്ട്രേറ്റര്‍ അജിത് ചൗധരി പറഞ്ഞു.

2010 കോമൺവെൽത്ത് ഗെയിംസിനായിണ് ത്യാഗരാജ സ്റ്റേഡിയം നിർമിച്ചത്. ഒട്ടേറെ ദേശീയ– സംസ്ഥാന താരങ്ങളും ഫുട്ബോൾ താരങ്ങളും ഇവിടെ പതിവായി പരിശീലനം നടത്താറുണ്ട്. 

 

English Summary: Stadium is emptied, athletes told to leave so that IAS officer can walk with dog

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA