ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയ ഹോക്കി ഫെഡറേഷൻ (ഹോക്കി ഇന്ത്യ) ദേശീയ കായിക ചട്ടത്തിനു വിരുദ്ധമായി പ്രവർത്തിച്ചുവെന്നു കണ്ടെത്തിയ ഡൽഹി ഹൈ‌ക്കോടതി,  ഭരണ‌ത്തിനു മൂന്നംഗ സമിതിയെ നിയമിച്ചു. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ(ഐഒഎ) പ്ര‌‌‌സിഡന്റ് നരീന്ദർ ബത്രയെ ഹോക്കി ഇ‌ന്ത്യയുടെ ആജീവനാന്ത അംഗമാക്കിയതും സിഇഒയായി എലേന നോർമനെ‌ നിയ‌‌മിച്ചതും ചട്ട‌വിരുദ്ധമായാണെന്നു കോടതി കണ്ടെത്തി. 

വിധിയുടെ പശ്ചാത്തലത്തിൽ നരീന്ദർ ബത്ര ഐഒഎ ‌പ്രസിഡന്റ് സ്ഥാനം രാജിവച്ചു. അനിൽ ഖന്നയാണ് ആക്ടിങ് പ്രസിഡന്റ്. ഹോക്കി ഇന്ത്യ ആജീവനാന്ത അംഗം എന്ന നിലയിലാണു 2017ൽ  ഐഒഎ പ്ര‌‌‌സിഡന്റ് പദവിയിലേക്ക് അദ്ദേഹം മത്സരിച്ചത്. എന്നാൽ ഈ സ്ഥ‌ാനം  ദേശീയ കായിക നയം അനുസരിച്ചുള്ളതല്ലെന്നും അതിനാൽ  നിയമവിരുദ്ധമാണെന്നുമാണു കോടതി വിധിച്ചിരിക്കുന്നത്.  

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പിരിച്ചുവിട്ട സുപ്രീം കോടതി ഉത്തരവ്  ആവർത്തിച്ച  ഹൈക്കോടതി, മുൻ സുപ്രീം കോടതി ജഡ്ജി അനിൽ ആർ.ദാവെ, മുൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ എസ്.വൈ.ഖുറേഷി, ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റൻ  സഫർ ഇഖ്ബാൽ എന്നിവരെ അംഗങ്ങളാക്കിയാണു  ഭരണസമിതി രൂപീകരിച്ചിരിക്കുന്നത്. 

നരീന്ദർ ബത്രയ്ക്ക് ആജീവനാന്ത പദവി നൽകിയതു ചോദ്യം ചെയ്തു മുൻ ഇ‌‌‌ന്ത്യൻ താരവും  1975ഹോക്കി ലോകകപ്പ് വിജയിച്ച ടീമിൽ അംഗവുമായിരുന്ന അസ്‌ലം ഷേർ ഖാൻ നൽകിയ ഹർജിയിലാണു ജസ്റ്റിസുമാരായ  നജ്മി വാജ്‌രി, സ്വർണ കാന്ത് ശർമ്മ എന്നിവരുടെ ബെഞ്ചിന്റെ വിധി. ‘കായിക സംഘടനകളുടെ ഭരണഘടന ദേശീയ കായിക ചട്ടം അനു‌സ‌രിച്ചുള്ളതല്ലെങ്കിൽ അതിന്് അംഗീകാരം നൽകാനാവില്ല. ആജീവനാന്ത പ്രസിഡന്റ്, അംഗം, മാനേജിങ് കമ്മിറ്റിയിൽ സിഇഒ എന്നീ പദവികൾ കായിക ചട്ടം അനുസ‌രിച്ച് നിയ‌‌മവിരുദ്ധമാണ്.’ കോടതി വ്യക്തമാക്കി. ഈ സ്ഥാനങ്ങൾ ഒഴിവാക്കി ഭരണഘടന പുതുക്കണമെന്നും കോടതി പറയുന്നു. 

കായിക സംഘടനകൾക്ക് കടിഞ്ഞാൺ 

കോടതി പിടിമുറുക്കിയതോടെ രാജ്യത്തെ കായിക സംഘടനകൾ പ്രതിസന്ധിയിൽ. ഫുട്ബോൾ അസോസിയേഷനു പിന്നാലെയാണു ഹോക്കി ഇന്ത്യയ്ക്കു മേലും കോടതി ഇടപെടൽ. മുൻപു ക്രിക്കറ്റിലും സമാനമായ ഇടപെടലുണ്ടായിരുന്നു. 

പദവി നിയമവിരുദ്ധമാണെന്നു കോടതി പറഞ്ഞതിനു പിന്നാലെ, ഐഒഎ പ്രസിഡന്റ് പദവിയിലേക്കു വീണ്ടും മത്സരിക്കാനില്ലെന്നു കാട്ടി നരീന്ദർ ബത്ര പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. പിന്നാലെ രാത്രി വൈ‌കി രാജ‌ിയും പ്രഖ്യാപിച്ചു. ഇതോടെ രാജ്യാന്തര ഒളിംപിക് ക‌മ്മിറ്റി (ഐഒസി) അംഗത്വവും ബത്രയ്ക്കു നഷ്ടപ്പെടും. ഐഒഎ പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഡിസംബറിൽ നടക്കേണ്ടിയിരുന്നുവെങ്കിലും കോടതിയിൽ  കേസ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മാ‌റ്റിവച്ചിരിക്കുകയാണ്.

English Summary: Narinder Batra Resigns As President Of Indian Olympics Association

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com