ദീർഘദൂര ഓട്ടത്തിൽ വയനാടൻ വീരകഥ; അഭിമാനമായി ജോസ് ഇല്ലിക്കൽ

jose-illikkal-coach
ജോസ് ഇല്ലിക്കലും പരിശീലകൻ രാകേഷ് കുന്നത്തും.
SHARE

ദീർഘദൂര ഓട്ടത്തിൽ കേരളത്തിൽ നിന്നൊരു പടക്കുതിര കൂടി. വയനാടൻ കാടുകളിലും താമരശ്ശേരി ചുരത്തിലും ഓട്ടം ശീലിച്ച ജോസ് ഇല്ലിക്കൽ എന്ന നാൽപത്തേഴുകാരൻ ഇന്നു ദേശീയതലത്തിൽ ഉദിച്ചുയരുന്ന മാരത്തൺ ഓട്ടക്കാരനാണ്. ഹാഫ് മാരത്തൺ (21.1 കിമി) ഒരു മണിക്കൂർ 20 മിനിറ്റിൽ ഓടിത്തീർക്കുന്ന താരം കാലിക്കറ്റ് റോയൽ റണ്ണേഴ്സ് ക്ലബ്ബിന്റെ അഭിമാനമാണ്. ക്ലബ്ബിലെ പരിശീലകനായ രാകേഷ് കുന്നത്താണു ശാസ്ത്രീയമായി പരിശീലനം നൽകുന്നത്. 

വയനാട് കമ്മന പുലിക്കാട്  ഇല്ലിക്കൽ ജോസ് ഓട്ടം ശീലമാക്കുന്നത് 44ാം വയസ്സിലാണ്. അന്നു ശരീരഭാരം 80 കിലോഗ്രാം. ചെറുപ്പത്തിൽ ഓടുമായിരുന്നെങ്കിലും അംഗീകാരമൊന്നും ലഭിച്ചിരുന്നില്ല. പത്താം ക്ലാസ്സിനു ശേഷം അതുപോലും ഉണ്ടായില്ല. ശരീരഭാരം അമിതമാണെന്നു തോന്നിത്തുടങ്ങിയപ്പോഴാണ് ഓട്ടത്തിലേക്കു ശ്രദ്ധ തിരിച്ചത്. ഹൈപ്പർ തൈറോയ്ഡ് കൂടി വലച്ചതോടെ മറ്റു വഴിയില്ലാതെ വന്നു. തോമസ് പള്ളിത്താഴത്ത് എന്ന വയനാട്ടുകാരന്റെ ശിഷ്യത്വം സ്വീകരിക്കുന്നത് അങ്ങനെയാണ്. തോമസ് വയനാട്ടിലെത്തുമ്പോഴെല്ലാം ഓടാനിറങ്ങും. കൂടെ ജോസും കൂടും. സൂപ്പർ ഫാസ്റ്റായ തോമസിനൊപ്പം കഷ്ടപ്പെട്ട് ഓടും. 

വയനാട്ടുകാർ പൊതുവെ കുട്ടിക്കാലത്തു തന്നെ കൃഷികാര്യങ്ങളിൽ തൽപരരാണ്. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ 50 കിലോ വളത്തിന്റെ ചാക്ക് തലയിൽ ചുമന്നു 2 കിലോമീറ്ററോളം നടക്കുമായിരുന്നു ജോസ്. വയലിലെ വിളവെല്ലാം മാർക്കറ്റിലെത്തിക്കാൻ തലച്ചുമടായി വേണം കുന്നിൻ മുകളിലെത്തിച്ചു വണ്ടിയിൽ കയറ്റാൻ. രാവിലെ മുതൽ വൈകിട്ട് വരെ ഇങ്ങനെ തലച്ചുമടേറ്റും. ശാരീരികക്ഷമത വർധിപ്പിക്കാൻ ഇതൊക്കെ കാരണമായിട്ടുണ്ട്. 

jose-illikkal
ജോസ് ഇല്ലിക്കൽ.

ഓട്ടം ഹരമായതോടെ ചില ദിവസങ്ങളിൽ മുപ്പതും നാൽപതും കിലോമീറ്ററൊക്കെ ഓടുമായിരുന്നു. പ്രത്യേകിച്ചു പരിശീലനമോ പദ്ധതികളോ ഇല്ലായിരുന്നു. രാകേഷ് കുന്നത്തിന്റെ കീഴിൽ പരിശീലനം തുടങ്ങിയതാണു പ്രധാന വഴിത്തിരിവ്. 50ാം വയസ്സിൽ ശിഷ്യനെ ബോസ്റ്റൺ മാരത്തൺ ഓടിക്കുക എന്നതാണു ഗുരുവിന്റെ ലക്ഷ്യം. ജനുവരിയിൽ നടക്കുന്ന ടാറ്റാ മുംബൈ ഫുൾ മാരത്തൺ 2 മണിക്കൂർ 40 മിനിറ്റിനുള്ളിൽ പൂർത്തിയാക്കിയാൽ ബോസ്റ്റൺ മാരത്തണിനു യോഗ്യത നേടാം. പരിശീലനത്തിനൊപ്പം പണം തേടിയുള്ള ഓട്ടവും ആരംഭിച്ചു കഴിഞ്ഞു ജോസ്. ബോസ്റ്റൺ മാരത്തണിൽ പങ്കെടുക്കാൻ ചുരുങ്ങിയതു നാലു ലക്ഷം രൂപ വേണം. ഇപ്പോൾ പ്രധാനമായും എൻഡുറൻസ് പരിശീലനമാണു നടക്കുന്നത്. നല്ല ഭക്ഷണവും നല്ല വിശ്രമവുമാണു പ്രധാനം. മുത്താറി, മുതിര, പാൽ, മുട്ട, പച്ചക്കറി എന്നിവയാണു പ്രധാന ഭക്ഷണം. 

പരിശീലനത്തിനും വിലക്ക്

കോഴിക്കോട് മെഡിക്കൽ കോളജ് സ്റ്റേഡിയത്തിൽ ജോസ് ജോലി തേടിയെത്തിയത് മുടങ്ങാതെ പരിശീലനം നടത്താമെന്ന മോഹത്തോടെയാണ്. തുടക്കത്തിൽ അതു നന്നായി നടക്കുകയും ചെയ്തു. എന്നാൽ, ചില അധികാരികൾക്കതു പിടിച്ചില്ല. ജോസ് മാരത്തണുകളിൽ പങ്കെടുക്കുന്നതും സമ്മാനം നേടുന്നതും സമൂഹ മാധ്യമങ്ങളിൽ താരമാകുന്നതും അവർക്കു ദഹിച്ചില്ല. പരിശീലനം മുടക്കാൻ അവർ പണി കൊടുത്തു. 

രാവിലെ ആറു മുതൽ രാത്രി ഒൻപതു വരെയാക്കി ജോലി സമയം. പുലർച്ചെ മൂന്നിന് എഴുന്നേറ്റ് രണ്ടു മണിക്കൂർ പരിശീലനം നടത്തി മറുവഴി കണ്ടു ജോസ്. പക്ഷേ, അധികനാൾ പിടിച്ചു നിൽക്കാനായില്ല. മൂന്നു മണിക്കെഴുന്നേറ്റുള്ള പരിശീലനവും രാത്രി ഒൻപതു വരെയുള്ള ജോലിയും തളർത്തി. ശാരീരികവും മാനസികവുമായ പീഡനത്തിനു നിന്നു കൊടുക്കാതെ അവിടം വിട്ടു. എന്നാൽ, തുടർന്നു പരിശീലനത്തിനു മാത്രമായി അവിടെ പോകണം എന്നു തന്നെയാണു തീരുമാനം. 

പങ്കെടുത്താൽ പോഡിയത്തിൽ

പത്തോളം ഹാഫ് മാരത്തണുകളിലാണു ജോസ് ഇതുവരെ പങ്കെടുത്തത്. മിക്കയിടത്തും ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഒന്നിലെത്തി വിജയപീഠം കയറി. ഇത്തവണ നാസിക് മഹാ മാരത്തൺ, കോലാപ്പൂർ മഹാമാരത്തൺ, നാഗ്പുർ മഹാമാരത്തൺ, പുണെ മഹാമാരത്തണുകളിൽ ജോസാണു ജേതാവ്. പരമ്പരയിലെ ഔറംഗബാദ് മാരത്തൺ നടന്നത് അറിഞ്ഞില്ല, അതിനാൽ പങ്കെടുക്കാനായില്ല.

അടുത്തിടെ തിരുവനന്തപുരത്തു നടന്ന കേരള ഒളിംപിക് മാരത്തണിൽ വഴി തെറ്റി ഓടിയതിനാൽ രണ്ടാം സ്ഥാനമായി. 15നു ലോനവാലയിൽ നടന്ന ടാറ്റാ അൾട്രാ റണ്ണിൽ (50 കിലോമീറ്റർ) ഒന്നാമതെത്തി. അതികഠിനമായ പാതയിലൂടെയുള്ള ഓട്ടം വളരെ വിഷമം പിടിച്ചതായിരുന്നു. കൊങ്കൺ അൾട്രാ മാരത്തണിൽ 100 മൈൽ (161 കിമി) ഓടിയതാണു ഇതുവരെയുള്ളതിൽ പിന്നിട്ട മികച്ച ദൂരം.കൂടുതൽ ദൂരത്തിൽ, കൂടുതൽ വേഗത്തിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാനുള്ള ഓട്ടം തുടരുകയാണു ജോസ്. 

English Summary: Jose Illikkal, a Wayanad native is making waves in marathon in national level

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA