എതിരാളി കാണും മുൻപേ പിഴവു മനസ്സിലാക്കി തോൽവി സമ്മതിച്ച് ആനന്ദ്; അടിയറവ്,രാജകീയം!

norway-chess
തോൽവി സമ്മതിച്ച് മമദ്യാരോവിനു കൈ കൊടുക്കുന്ന വിശ്വനാഥൻ ആനന്ദ്, ആനന്ദിന്റെ 22–ാം നീക്കത്തിനു (Qb5??) ശേഷമുള്ള നില. 23–ാം നീക്കത്തിൽ കറുപ്പ് Q*f3 കളിച്ചാൽ ആനന്ദിന് രാജാവിനെക്കൊണ്ട് ആ കരുവിനെ വെട്ടാനാവില്ല. വെട്ടിയാൽ മമദ്യാരോവിന്റെ Nh4 നീക്കത്തിൽ ചെക്ക് മേറ്റാകും. അതല്ല രാജാവിനെ മാറ്റിയാൽ ഒരു കുതിര നഷ്ടപ്പെടും.
SHARE

നോർവേ ചെസ് ടൂർണമെന്റിന്റെ എട്ടാം റൗണ്ട്. വെള്ളക്കരുക്കളുമായി ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദും കറുപ്പുമായി അസർബൈജാൻ ഗ്രാൻഡ്മാസ്റ്റർ ഷഖര്യാർ മമദ്യാരോവും. രാജാവിനു മുന്നിലുള്ള കാലാളെ രണ്ടു കളം നീക്കി ആനന്ദ്. പ്രെടോഫ് പ്രതിരോധവുമായി മമദ്യാരോവ്. കോട്ടകെട്ടിയ രാജാവിനു മുൻപിലെ കാവലാളെ രണ്ടുകളം തള്ളി നേരങ്കത്തിന് ആനന്ദിന്റെ പോർവിളി. ഉറച്ച പ്രതിരോധ നീക്കങ്ങളുമായി മമദ്യാരോവ്. പ്രാരംഭഘട്ടം പിന്നിട്ട് കളി മധ്യഘട്ടത്തിൽ. ആർക്കും വ്യക്തമായ ആനുകൂല്യമില്ലാത്ത കരുനില. ശാന്തമായ, സമനില സാധ്യത ഏറെയുള്ള കളിയിൽ 21–ാംനീക്കം കഴിഞ്ഞ് ടൂർണമെന്റ് ഹാളിലെ മറ്റു കളികളിലേക്ക് കണ്ണോടിച്ച് ഉലാത്തുകയായിരുന്നു മമദ്യാരോവ്. രാജാവിന്റെ ഭാഗത്തെ ആക്രമണവഴികൾ ഏറെക്കുറെ അടഞ്ഞപ്പോൾ മറ്റൊരു പോർമുഖം തേടുകയായിരുന്നു ആനന്ദ്. പ്രതിരോധത്തിനും ആക്രമണത്തിനും സന്നദ്ധമായി മധ്യകളത്തിൽ വാണ തന്റെ രാജ്ഞിയെ ഏറെ ചിന്തയില്ലാതെ ആനന്ദ് 22–ാം നീക്കത്തിൽ ഇടതുപാർശ്വത്തിലേക്കു നീക്കി. (Qb5). നീക്കം കടലാസിലെഴുതി. മൂന്നോ നാലോ സെക്കൻഡുകൾക്കകം നടത്തം നിർത്തി സ്വന്തം ബോർഡിന് അടുത്തേക്കു തിരിച്ചെത്തിയ മമദ്യാരോവിനു നേർക്ക് ആനന്ദിന്റെ കൈ നീണ്ടു. തെല്ലിട നിശ്ചലം നിന്നു അസർബൈജാൻ താരം. 

സമനില വാഗ്ദാനമോ എന്ന മമദ്യാരോവിന്റെ സംശയം തീർത്ത് ആനന്ദിന്റെ തോൽവിസമ്മതം. തൊട്ടടുത്ത നീക്കത്തിൽ എതിരാളിക്കു തന്റെ രാജ്ഞിയെ ബലി കൊടുക്കാമെന്നും അതോടെ കളിയിലെ തന്റെ സാധ്യതകൾ ഇല്ലാതാകുമെന്നും ഉറപ്പായപ്പോഴായിരുന്നു ആ നീക്കത്തിനു കാക്കാതെ സ്പോർട്സ്മാൻ സ്പിരിറ്റോടെ ആനന്ദിന്റെ നീക്കം. അപ്പോഴും മമദ്യാരോവിന്റെ ശങ്ക നീങ്ങിയിരുന്നില്ല. ‘Qb5’ ആണ് ആനന്ദിനു നടത്താവുന്ന ഏറ്റവും മെച്ചപ്പെട്ട നീക്കമെന്നാണു താനും അപ്പോൾ ആലോചിച്ചുകൊണ്ടിരുന്നത് എന്ന് കളിക്കു ശേഷം മമദ്യാരോവ് പറഞ്ഞു.

‘രണ്ടു മൂന്നു മിനിറ്റ് ചിന്തിച്ചാൽ  വിജയം നേടുന്ന താൻ വഴി കണ്ടെത്തിയേക്കാം’ എന്ന് ഒട്ടൊരു ഉറപ്പില്ലാത്ത മമദ്യാരോവിന്റെ തുറന്നുപറച്ചിലിൽ ആനന്ദിന്റെ ‘മര്യാദാ നീക്കത്തിന്’ വലിയൊരു സല്യൂട്ടുമുണ്ടായിരുന്നു.

English Summary: Norway Chess: Viswanathan Anand loses to Mamedyarov

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS