ADVERTISEMENT

അടുത്തമാസം ഇംഗ്ലണ്ടിലെ ബർമിങ്ങാമിൽ ആരംഭിക്കുന്ന കോമൺവെൽത്ത് ഗെയിംസിന്റെ അത്‌ലറ്റിക്സ് ട്രാക്കിൽ ഇന്ത്യയ്ക്ക് ആൾക്ഷാമം. 200 മീറ്റർ, 400 മീറ്റർ, 800 മീറ്റർ എന്നീ ട്രാക്ക് ഇനങ്ങളിൽ ഒരു ഇന്ത്യൻ താരത്തിനും യോഗ്യത നേടാനായില്ല. തമിഴ്നാടിന്റെ ആർ. ധനലക്ഷ്മി (വനിതാ 100 മീറ്റർ), ആന്ധ്രാപ്രദേശുകാരി ജ്യോതി യാരാജി (വനിതാ 100 മീ. ഹർ‍ഡിൽസ്), മഹാരാഷ്ട്ര താരം അവിനാഷ് സാബ്‌ലെ (3000 മീ. പുരുഷ സ്റ്റീപ്പിൾ ചേസ്) എന്നിവർ മാത്രമാണ് വ്യക്തിഗത ട്രാക്ക് ഇനങ്ങളിലെ മത്സരാർഥികൾ. 4–100 മീ. റിലേയിൽ‌ ഇന്ത്യൻ പുരുഷ ടീമും 4–400 മീ. റിലേയിൽ വനിതാ ടീമും യോഗ്യത നേടിയില്ല. ഹൈജംപിലും ഇന്ത്യ മത്സരിക്കുന്നില്ല.

37 അംഗ ഇന്ത്യൻ ടീമിൽ 27 അത്‌ലീറ്റുകളാണ് വ്യക്തിഗത ഇനങ്ങളിൽ  ഗെയിംസിനു യോഗ്യത നേടിയത്. ഇതിൽ 4 പേരെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഹൈജംപിലെ ദേശീയ റെക്കോർഡ് ജേതാവ് തേജസ്വിൻ ശങ്കർ, തമിഴ്നാട് ലോങ്ജംപ് താരം ജെസ്വിൻ ആൽഡ്രിൻ, മലയാളി ട്രിപ്പിൾ ജംപ് താരം യു.കാർത്തിക്, ഹെപ്റ്റാത്‌ലൻ താരം സ്വപ്ന ബർമൻ എന്നിവർക്കാണ് കോമൺവെ‍ൽത്ത് ഗെയിംസ് യോഗ്യതാ മാർക്ക് പിന്നിട്ടിട്ടും ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാത്തത്.  തേജസ്വിനും സ്വപ്ന ബർമനും ചെന്നൈയിൽ കഴിഞ്ഞയാഴ്ച നടന്ന ദേശീയ സീനിയർ അത്‌ലറ്റിക്സിൽ പങ്കെടുത്തിരുന്നില്ല. സീനിയർ മീറ്റിൽ പങ്കെടുക്കാത്തവരെ കോമൺവെൽത്ത് ഗെയിംസിനുള്ള ടീമിൽ ഉൾപ്പെടുത്തില്ലെന്നു ഫെഡറേഷൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ചെന്നൈ മീറ്റിലെ മോശം പ്രകടനമാണ് ജെസ്വിന്റെയും കാർത്തിക്കിന്റെയും അവസരം നഷ്ടപ്പെടുത്തിയത്.

അതേസമയം, യോഗ്യതാ കടമ്പ ഇതുവരെ പിന്നിടാത്ത ഷോട്പുട്ട് താരം തേജീന്ദർപാൽ സിങ്ങിനും ഡിസ്കസ്ത്രോ താരം സീമ പുനിയയ്ക്കും ഒരു അവസരം കൂടി നൽകാനും അത്‌ലറ്റിക് ഫെഡറേഷൻ (എഎഫ്ഐ) തീരുമാനിച്ചു.

 

Content highlights:  Commonwealth Games 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com