ADVERTISEMENT

വഡോദര (ഗുജറാത്ത്) ∙ ഹരിയാനയിൽനിന്നുള്ള റാംഭായ് എന്ന 105 വയസ്സുകാരി മുത്തശ്ശിയുടെ പേരിലൊരു റെക്കോർഡുണ്ടിപ്പോൾ: 100 വയസ്സിനു മുകളിലുള്ള വനിതകളുടെ 100 മീറ്ററിലെ ദേശീയ റെക്കോർഡ്. വഡോദരയിൽ കഴിഞ്ഞ ദിവസം സമാപിച്ച ദേശീയ ഓപ്പൺ മാസ്റ്റേഴ്സ് അത്‌ലറ്റിക്സിൽ റാംഭായ് 45.40 സെക്കൻഡിലാണ് 100 മീറ്റർ ഓട്ടം ഫിനിഷ് ചെയ്തത്. 200 മീറ്ററിൽ ഒരു മിനിറ്റ് 52.17 സെക്കൻഡിലും റാംഭായ് ഫിനിഷിങ് ലൈൻ തൊട്ടു.

85 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിലാണ് റാംഭായ് മത്സരിച്ചത്. ഈ വിഭാഗത്തിൽ റാംഭായ്ക്ക് ഒപ്പമോടാൻ ആരുമുണ്ടായിരുന്നില്ല. അതുകൊണ്ട് ഒറ്റയ്ക്ക് ഓടി ഫിനിഷ് ചെയ്യുകയായിരുന്നു. ട്രാക്കിന് ഒരു വശത്തു മുത്തശ്ശിക്കു പിന്തുണയുമായി ഒട്ടേറെപ്പേർ ഹർഷാരവം മുഴക്കി നിന്നു. ഫിനിഷിങ് ലൈനിൽ വേഗം കുറച്ച് എല്ലാവരെയും കൈവീശി അഭിവാദ്യം ചെയ്തായിരുന്നു റാംഭായിയുടെ ഫിനിഷ്. 

1917 ജനുവരി ഒന്നാണ് റാംഭായിയുടെ ജന്മദിനമായി രേഖകളിലുള്ളത്. ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ടിനോടു താരതമ്യപ്പെടുത്തി മുത്തശ്ശി ബോൾട്ട് എന്നൊക്കെയുള്ള വിശേഷണങ്ങളോടെയാണ് സമൂഹമാധ്യമങ്ങൾ നേട്ടം ആഘോഷിച്ചത്. 

വേൾഡ് മാസ്റ്റേഴ്സ് അത്‌ലറ്റിക്സിൽ 100 മീറ്റർ ദൂരം 74 സെക്കൻഡിൽ ഫിനിഷ് ചെയ്ത, മൻകൗറിന്റെ പേരിലുള്ള റെക്കോർഡാണ് റാംഭായ് വഡോദരയിൽ തിരുത്തിയത്. 101–ാം വയസ്സിലായിരുന്നു മൻകൗറിന്റെ ഓട്ടം. 

ഇത്രയും കാലം എവിടെയായിരുന്നു എന്ന  മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്  മുത്തശ്ശിയുടെ  പ്രതികരണം– ‘ഇതുവരെ എന്നെ ആരും ഓടാൻ വിളിച്ചില്ല, അതുകൊണ്ട് മത്സരിക്കാൻ പറ്റിയില്ല’. 104–ാം വയസ്സിലാണ് റാംഭായ് ഓടാൻ തുടങ്ങിയത്. 

മുത്തശ്ശിയുടെ ഭക്ഷണം ഇങ്ങനെ

ദിവസവും ഒരു ലീറ്റർ പാൽ, 250 ഗ്രാം നെയ്യ്, 500 ഗ്രാം തൈര്, റൊട്ടി.

English Summary: At 105 years, super grandma sprints to new 100m record

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com