മെഡലുകൾക്ക് കൊടുകൈ ! പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ മലയാളി ദമ്പതികൾക്ക് നാലു മെഡൽ

shaju
ഷാജുവും ഭാര്യ ഷറീനയും.
SHARE

തൃശൂർ ∙ പരസ്പരം കൈകോർത്തു പിടിക്കുമെങ്കിലും എതിരാളികളോട് ‘കോർത്ത്’ ശീലിച്ചവരാണു ഷാജുവും ഷറീനയും. കൈക്കരുത്തിന്റെ ബലത്തിൽ വിജയങ്ങൾ ഉള്ളംകയ്യിലൊതുക്കുന്ന ഈ ദമ്പതികൾ ഏഷ്യൻ പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ നേടിയതു 2 വീതം മെഡലുകൾ. മലേഷ്യയിൽ നടന്ന മത്സരത്തിൽ ഇടംകൈ, വലംകൈ വിഭാഗങ്ങളിൽ എ.യു. ഷാജു വെള്ളിയും വെങ്കലവും നേടിയപ്പോൾ ഭാര്യ ഷറീനയും ഇതേ മെഡലുകൾ സ്വന്തമാക്കി. 3 മാസങ്ങൾക്കപ്പുറം ഫ്രാൻസിൽ നടക്കാനിരിക്കുന്ന ലോക ചാംപ്യൻഷിപ്പിലും ഈ ദമ്പതികൾ ഇന്ത്യയെ പ്രതിനിധീകരിക്കും. 

തൃശൂർ പൂത്തോൾ അമ്പലത്ത് വീട്ടിലേക്കു ഷാജുവും ഷറീനയും ചേർന്നു കൊണ്ടുവന്ന നേട്ടങ്ങൾ കൈവിരലിൽ എണ്ണിയാൽ തീരില്ല. തുടർച്ചയായി 22 വർഷമാണു ഷാജു ദേശീയ പഞ്ചഗുസ്തി കിരീടം കൈവശം വച്ചത്. 6 വട്ടം ദേശീയ ക്യാപ്റ്റനായി രാജ്യാന്തര വേദികളിൽ ഇന്ത്യൻ ടീമിനെ നയിച്ചു. സ്പെയിനിൽ നടന്ന ലോക ചാംപ്യൻഷിപ്പിൽ വെള്ളിയും വെങ്കലവും നേടി. വിവാഹിതയാകുന്നതു വരെ ഒരുവട്ടം പോലും പഞ്ചഗുസ്തി പിടിക്കാത്തയാളായിരുന്നു ഭാര്യ ഷറീന. ഷാജുവിന്റെ മത്സര മികവിനോടുള്ള ആരാധന ഷറീനയെയും പഞ്ചഗുസ്തിയിലേക്ക് ആകർഷിച്ചു. 28–ാം വയസ്സിലാണ് ആദ്യമായി പഞ്ചഗുസ്തി പരിശീലിച്ചു തുടങ്ങിയത്. പരിശീലകൻ ഷാജു തന്നെ. 

5 തവണ ദേശീയ ചാംപ്യൻ പട്ടം നേടാൻ ഷറീനയ്ക്കായി. ബൾഗേറിയയിൽ നടന്ന രാജ്യാന്തര ചാംപ്യൻഷിപ്പിൽ രാജ്യത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയും ചെയ്തു. രാവിലെയും വൈകിട്ടുമായി 3 മണിക്കൂറോളം നീളുന്ന വർക്കൗട്ടിലും പരിശീലനത്തിലുമൊക്കെ ഒന്നിച്ചാണ് ഇവർ പങ്കെടുക്കുക. മകൻ മുഹമ്മദ് ഫായിസ് അടുത്തിടെ ദേശീയ ജൂനിയർ ചാംപ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയതോടെ പഞ്ചഗുസ്തിയിലെ മികവിന്റെ പാരമ്പര്യം അടുത്ത തലമുറയിലേക്കും കടക്കുകയാണ്.

English Summary: Asian Arm Wrestling Championship

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS