ബുഡാപെസ്റ്റ് ∙ ലോക അക്വാട്ടിക്സ് ചാംപ്യൻഷിപ്പിലെ നീന്തൽക്കുളം ഇന്നലെ കണ്ടത് അദ്ഭുതകരമായ ഒരു രക്ഷാപ്രവർത്തനം. മത്സരത്തിനിടെ ബോധക്ഷയം വന്ന് ആഴങ്ങളിലേക്കു പോകുകയായിരുന്ന യുഎസ് നീന്തൽ താരം അനിറ്റ അൽവാരസിനെ ജീവിതത്തിന്റെ കരയിലെത്തിച്ചത് പരിശീലക ആൻഡ്രിയ ഫ്യുയെന്തസ് തന്നെ. ആർട്ടിസ്റ്റിക് സ്വിമ്മിങ് മത്സരത്തിനിടെ അനിറ്റ നിശ്ചലയായി മുങ്ങിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ട ആൻഡ്രിയ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളോടെ നേരെ പൂളിലേക്കു ചാടുകയായിരുന്നു.
പൂളിന്റെ അടിത്തട്ടിൽ നിന്നു കൈ കോർത്തു പിടിച്ച് ആൻഡ്രിയ അനിറ്റയെ മുകളിലേക്കു കൊണ്ടു വന്നപ്പോഴേക്കും മറ്റൊരു ഒഫീഷ്യൽസും സഹായത്തിനെത്തി. പ്രാഥമിക ശുശ്രൂഷ നൽകി ഉടൻ തന്നെ ആശുപത്രിയിലേക്കു മാറ്റിയ അനിറ്റയുടെ സ്ഥിതി മെച്ചപ്പെട്ടു വരുന്നു. രണ്ട് ഒളിംപിക്സുകളിൽ മത്സരിച്ചിട്ടുള്ള താരമാണ് ഇരുപത്തിയഞ്ചുകാരി അനിറ്റ. അനിറ്റ സുഖമായിരിക്കുന്നുവെന്ന് ആൻഡ്രിയ ഇൻസ്റ്റഗ്രാമിലൂടെ അറിയിക്കുകയും ചെയ്തു. സ്പെയിൻകാരിയായ ആൻഡ്രിയ ഒളിംപിക്സിൽ 4 മെഡലുകൾ നേടിയിട്ടുണ്ട്.





English Summary: In Pictures: Artistic swimmer Anita Alvarez dramatically rescued after fainting in the pool