ADVERTISEMENT

ഫോർമുല വൺ സർക്യൂട്ടിൽ കാറോടിക്കാൻ മൂന്നാമതൊരു ഇന്ത്യക്കാരൻ കൂടി. എഫ് ടുവിലെ മുൻനിര പോരാളിയായ മുംബൈ സ്വദേശി ജഹാൻ ദാരുവാലയാണു ഫോർമുല വണ്ണിൽ മത്സരിക്കാനുള്ള സൂപ്പർ ലൈസൻസിലേക്ക് അടുത്തത്. നരെയ്ൻ കാർത്തികേയനും കരുൺ ഛന്ദോക്കുമാണ് ഇതിനു മുൻപ് എഫ് വണ്ണിൽ മത്സരിച്ചിട്ടുള്ള ഇന്ത്യൻ താരങ്ങൾ. മക്‌ലാരന്റെ കഴിഞ്ഞ സീസണിലെ എംസിഎൽ35എം കാർ രണ്ടു ദിവസങ്ങളിലായി 130 ലാപ് ഓടിച്ചാണ് ദാരുവാല എഫ് വൺ ഡ്രൈവിങ്ങിനുള്ള സൂപ്പർ ലൈസൻസിന് അപേക്ഷിക്കാൻ യോഗ്യത നേടിയത്.

എഫ് വൺ യോഗ്യത നേടണമെങ്കിൽ ഒരു താരം രാജ്യാന്തര ഓട്ടമൊബീൽ ഫെഡറേഷന്റെ വിവിധ മത്സരങ്ങളിൽ നിന്നായി 40 സൂപ്പർ ലൈസൻസ് പോയിന്റുകൾ നേടിയിരിക്കണം. ഒപ്പം ഏതെങ്കിലും എഫ് വൺ കാറിൽ രണ്ടു ദിവസങ്ങളിലായി 300 കിലോമീറ്റർ വിജയകരമായി, മികച്ച വേഗത്തിൽ പൂർത്തിയാക്കുകയും വേണം. എഫ് 2ൽ മൂന്നാം വർഷം കാറോടിക്കുന്ന ദാരുവാല ഇതിനകം 40 സൂപ്പർ ലൈസൻസ് പോയിന്റുകൾ നേടിക്കഴിഞ്ഞു. 2022 സീസണിൽ മൂന്നാം സ്ഥാനത്താണിപ്പോൾ. ഇപ്പോൾ ബ്രിട്ടിഷ് ഗ്രാൻപ്രി വേദിയായ സിൽവർസ്റ്റോണിൽ മക്‌ലാരനിൽ 130 ലാപ് നിർദിഷ്ട വേഗത്തിൽ പൂർത്തിയാക്കുകയും ചെയതു.

റെഡ് ബുൾ ജൂനിയർ പ്രോഗ്രാമിൽ അംഗമായ ജഹാൻ ദാരുവാല ഇപ്പോൾ എഫ് ടുവിൽ മത്സരിക്കുന്നതു ഇറ്റാലിയൻ ടീമായ പ്രെമയ്ക്കു വേണ്ടിയാണ്. എന്നാൽ, എഫ് വണ്ണിന്റെ ഭാഗമാകാൻ ടെസ്റ്റിങ് പ്രീവിയസ് കാർസ് പ്രോഗ്രാമിൽ മക്‌ലാരനൊപ്പവും. 

തന്റെ ആദ്യ എഫ് വൺ കാറിലെ അനുഭവം ആസ്വാദ്യകരമായിരുന്നു എന്നാണു ജഹാൻ പറയുന്നത്. മുൻപു പല മത്സരക്കാറുകൾ ഓടിച്ചിട്ടുണ്ടെങ്കിലും ഇതു വ്യത്യസ്തമായ അനുഭവമായിരുന്നു. കൂടുതൽ ഇന്ധനം നിറച്ചു കൂടുതൽ ദൂരവും കുറച്ച് ഇന്ധനത്തോടെ ചെറിയ ദൂരവും എന്ന രണ്ടു ഘട്ടവും പരീക്ഷിച്ചു. എഫ് വൺ മത്സരങ്ങളിൽ എങ്ങനെയാണു താരങ്ങൾ കാറുകൾ കൈകാര്യം ചെയ്യുന്നതു മനസ്സിലാക്കാനായെന്നും മുംബൈ താരം പറയുന്നു. 2011ൽ 13ാം വയസ്സിലാണു ജഹാൻ ദാരുവാല കാർട്ടിങ് തുടങ്ങുന്നത്. 2014ൽ ലോക കാർട്ടിങ് ചാംപ്യൻഷിപ്പിൽ മൂന്നാം സ്ഥാനത്തെത്തി. 

∙ ഇന്ത്യക്കാരിൽ മൂന്നാമൻ

ദാരുവാല ഫോർമുല വണ്ണിലെത്തിയാൽ ഇന്ത്യയിൽ നിന്നുള്ള മൂന്നാമത്തെ താരമാകും. തമിഴ്നാട്ടുകാരനായ നരേൻ കാർത്തികേയനും കരുൺ ഛന്ദോക്കുമാണു മുൻപ് എഫ് വണ്ണിൽ പോരടിച്ചത്. ഇന്ത്യയിൽ നിന്നുള്ള ആദ്യ ഫോർമുല വൺ താരമാണു നരേൻ കാർത്തികേയൻ. 2005ൽ ജോർദാൻ ടീമിനു വേണ്ടിയാണു കാർത്തികേയൻ സർക്യൂട്ടിലിറങ്ങിയത്. 2006ലും 2007ലും വില്യംസിന്റെ ടെസ്റ്റ് ഡ്രൈവറായിരുന്നു. 

2010ൽ ഹിസ്പാനിയ റേസിങ് ടീമിനു വേണ്ടിയാണു മറ്റൊരു തമിഴ്നാട്ടുകാരനായ കരുൺ ഛന്ദോക്ക് എഫ് വണ്ണിൽ മത്സരിച്ചത്. 

jehan-daruwala
ജഹാൻ ദാരുവാല (ചിത്രം- ട്വിറ്റർ).

∙ ജഹാൻ ദാരുവാല; വേഗപ്പോരാളി

ഖുർഷദ് ദാരുവാലയുടെയും കൈനാസിന്റെയും മകനായി 1998ഒക്ടോബർ ഒന്നിനാണ് ജഹാന്റെ ജനനം. മുംബൈയിലെ സ്കോട്ടിഷ് സ്കൂളിലായിരുന്നു വിദ്യാഭ്യാസം. സ്റ്റെർലിങ് ആൻഡ് വിൽസൺ കമ്പനി എംഡി ആയ ഖുർഷദ് തന്നെയാണ് മകന്റെ പിന്തുണ. ഏതൊരു കാറോട്ടക്കാരനെയും പോലെ ജഹാൻ ദാരുവാലയും കാർട്ടിങ്ങിലാണ് കരിയർ തുടങ്ങിയത്. കാർട്ടിങ്ങിൽ ഏഷ്യയിലും യൂറോപ്പിലും പലവട്ടം ചാംപ്യനും വൈസ് ചാംപ്യനുമായി കിരീടങ്ങൾ നേടി. 2011ൽ  ഫോർമുല വൺ ഇന്ത്യൻ ടീമായ ഫോഴ്സ് ഇന്ത്യ നടത്തിയ വൺ ഇൻ എ ബില്യൺ ഹണ്ട് പ്രോഗ്രാമിൽ ജേതാവായി. 

∙ ഫോർമുല 2 ലേക്ക്

2020ൽ ഫോർമുല 2ൽ അരങ്ങേറ്റം. പ്രെമ റേസിംഗ് ടീമിനായി രണ്ടാം നമ്പർ കാറോടിക്കുന്നു. എഫ് 2വിൽ 60 എൻട്രികളിൽ 59 മത്സരങ്ങളിൽ പങ്കെടുത്തു. 12 തവണ പോഡിയം നേട്ടം. മൂന്നു മത്സരങ്ങളിൽ അതിവേഗ ലാപ് നേടി. 2021ലെ ഏഴാം സ്ഥാനമാണ് ഏറ്റവും മികച്ച നേട്ടം. 

∙ വേഗപാതയിലേക്ക്

2015 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ ഒട്ടേറെ മത്സരങ്ങൾ, വിജയങ്ങൾ. യൂറോ കപ്പ് ഫോർമുല റെനോ 2.0, ഫോർമുല റെനോ 2.0, എൻ ഇ സി, ആൽപ്സ്, ടൊയോട്ട റേസിംഗ് പരമ്പര, രാജ്യാന്തര ഓട്ടോമൊബീൽ ഫെഡറേഷന്റെ എഫ് 3, എഫ് 3 ഏഷ്യൻ ചാംപ്യൻഷിപ് എന്നീ മത്സരങ്ങളിൽ സജീവമായിരുന്നു ദാരുവാല. 2012ൽ കാർട്ടിംഗിൽ ഏഷ്യാ പസഫിക്, 2013ൽ സൂപ്പർ വൺ ചാംപ്യൻഷിപ് ജേതാവ്. 2014ൽ വേൾഡ് കാർട്ടിങ് ചാമ്പ്യൻഷിപ്പിൽ മൂന്നാമൻ.

∙ സിംഗിൾ സീറ്ററിലേക്ക്

2015 ലാണ് സിംഗിൾ സീറ്റർ റേസിംഗ് കാറിലേക്കുള്ള കയറ്റം. ഫോർമുല റെനോ 2.0 ചാമ്പ്യൻഷിപ്പിൽ ഫോർടെക് മോട്ടർ സ്പോർട്ടിന് വേണ്ടിയായിരുന്നു അരങ്ങേറ്റം. അടുത്ത വർഷം ദാരുവാല നിലവിലെ ചാംപ്യൻമാരായ ജോസഫ് കാഫ്മാൻ റേസിംഗ് ടീമിൽ ലാൻഡോ നോറിസിനും (ഇപ്പൊൾ എഫ് താരം) റോബർട്ട് ഷ്വർട്മാനും ഒപ്പം ചേർന്നു. ആ സീരീസിൽ മോൺസയിൽ പോൾ പൊസിഷൻ. രണ്ടാം മത്സരത്തിൽ പോഡിയം. 

ഹംഗറിയിൽ ആദ്യ ജയം.  മൂന്നു മൂന്നാം സ്ഥാനങ്ങൾ കൂടി നേടി നോർത്ത് യൂറോപ്യൻ കപ്പിൽ നാലാം സ്ഥാനത്തേക്ക്. യൂറോ കപ്പിൽ ആദ്യ റൗണ്ടിൽ പോഡിയം നേടിയെങ്കിലും തുടർന്നുള്ള മത്സരങ്ങളിൽ ശോഭിക്കാനായില്ല. ഒൻപതാം സഥാനത്ത് ചാമ്പ്യൻഷിപ് അവസാനിച്ചു. 

2016ൽ സീസൺ തുടങ്ങും മുൻപേ ടൊയോട്ട റേസിംഗ് സീരീസിൽ പങ്കെടുത്തു. മൂന്നു ജയം ഉൾപ്പെടെ ആറു പോഡിയം. ലാൻഡോ നോറിസിന് പിന്നിൽ വൈസ് ചാംപ്യൻ പട്ടം. 2017ലും ടൊയോട്ട റേസിങ് സീരീസിൽ പങ്കെടുത്തു. ഏറ്റവും കൂടുതൽ പോൾ പൊസിഷൻ നേടിയ സീരീസിൽ രണ്ടു ജയങ്ങൾ. പക്ഷേ, കടുപ്പമേറിയ പരമ്പരയിൽ അഞ്ചാം സ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളൂ. 2016 അവസാനത്തോടെ അടുത്ത വർഷത്തെ യൂറോപ്യൻ ഫോർമുല 3 ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഒരുക്കം തുടങ്ങി. ടീം കാർലിനുമായി കരാറായി. 

മോൺസയിലെ ആദ്യ മത്സരത്തിൽ പോൾ പൊസിഷൻ. രണ്ടാമനായി മത്സരം തീർത്തു. ഹംഗറോറിങ്ങിലും പോഡിയം. പക്ഷേ, പരമ്പരയിൽ പത്താം സ്ഥാനം മാത്രം. യാസ് മരിന ജിപി 3 ഫിനാലെയിൽ എംപി മോട്ടോർ സ്പോർട്സിനു വേണ്ടി മത്സരിച്ചു. 

∙ എഫ് ത്രീ വീണ്ടും ഫോർമുല 2

2019ൽ രാജ്യാന്തര ഓട്ടമൊബീൽ ഫെഡറേഷന്റെ എഫ് 3 സീസണിൽ പ്രെമ പവർ ടീമിനു വേണ്ടി മത്സരിച്ചു. ബാർസലോനയിലെ ആദ്യ മത്സരത്തിൽ നാലാമനായി ഗ്രിഡിൽ തുടങ്ങിയെങ്കിലും ഏഴാമനായാണ് മത്സരം അവസാനിപ്പിച്ചത്. സീസണിൽ രണ്ടു ജയം ഉൾപ്പെടെ ഏഴു പോഡിയം. 2 മത്സരങ്ങളിൽ വേഗമേറിയ ലാപ്. ‌

ഫെബ്രുവരി 2020ൽ ദാരുവാല കാർലിൻ ടീമിനൊപ്പം ഫോർമുല 2ൽ വീണ്ടുമെത്തി. റെഡ് ബുൾ ജൂനിയർ ടീം അംഗവും ഇപ്പോൾ എഫ് വൺ ഡ്രൈവറുമായ യുകി സുനോഡയ്ക്കൊപ്പം. റെഡ് ബുൾ റിങ് റൗണ്ടിൽ ആയിരുന്നു കന്നിയങ്കം. ആദ്യമത്സരത്തിൽ ആറാ മനായി യോഗ്യത നേടി.

മോശം തുടക്കം കാരണം പതിമൂന്നാം സ്ഥാനത്താണ് അവസാനിപ്പിച്ചത്. 72 പോയിൻ്റോടെ പന്ത്രണ്ടാമനായി ചാമ്പ്യൻഷിപ് അവസാനിപ്പിച്ചു മൂന്നാമനായി എത്തിയ സുനോഡ എഫ് വണ്ണി ലെത്തി. 2021ലും കാർലിനൊപ്പം തന്നെയാണ് മത്സരിച്ചത്. സീസണിൽ ഏഴാം സ്ഥാനത്തെത്തി മികച്ച പ്രകടനം കാഴ്ച വച്ചു..  രണ്ടു ജയമുൾപ്പെടെ അഞ്ചു പോഡിയം. 113 പോയിന്റ് നേടി. 2022 സീസണിൽ പ്രെമ പവർ ടീമിലെത്തി. സീസണിൽ ചാമ്പ്യൻഷിപ് ലക്ഷ്യമിട്ടാണ് ജഹാന്റെ മുന്നേറ്റം. 

 

English Summary: Jehan Daruvala aims Formula one spot as Third Indian driver ever

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com