ADVERTISEMENT

കോട്ടയം ∙ ഒളിംപിക് ചാംപ്യനെതിരെ മത്സരിച്ച് ലോക അത്‍‍‌ലറ്റിക് ചാംപ്യൻഷിപ്പിന് ഒരുങ്ങാനുള്ള മലയാളി ലോങ്ജംപ് താരം എം.ശ്രീശങ്കറിന്റെ മോഹങ്ങൾക്കു തിരിച്ചടി. നാളെ സ്വീഡനിലെ സ്റ്റോക്കോമിൽ നടക്കുന്ന ഡയമണ്ട് ലീഗിൽ ശ്രീശങ്കർ മത്സരിക്കില്ല. യുഎസ് എംബസിയിൽനിന്നു പാസ്പോർട്ട് തിരികെക്കിട്ടാതെ വന്നതോടെ ശ്രീശങ്കറിന്റെ സ്റ്റോക്കോം യാത്ര തടസ്സപ്പെടുകയായിരുന്നു.

ജൂലൈ 15ന് യുഎസിൽ ആരംഭിക്കുന്ന ലോക അത്‍‌ലറ്റിക് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ വീസയ്ക്ക് അപേക്ഷിക്കാനായി നൽകിയതാണ് പാസ്പോർട്ട്. വീസ സ്റ്റാംപ് ചെയ്തു പാസ്പോർട്ട് തിരികെ ലഭിച്ചതിനു ശേഷം ഇന്നലത്തെ വിമാനത്തിൽ സ്വീഡനിലേക്കു പുറപ്പെടാനായിരുന്നു ആലോചന. തിങ്കളാഴ്ച വൈകിട്ട് പാസ്പോർട്ട് തിരികെ നൽകുമെന്ന് യുഎസ് എംബസി അധികൃതർ ഉറപ്പു നൽകിയെങ്കിലും അതുണ്ടായില്ല. ഇതോടെയാണു ഡയമണ്ട് ലീഗിൽനിന്നു ശ്രീശങ്കറിന് പിന്മാറേണ്ടി വന്നത്. പാസ്പോർട്ട് ഇതുവരെ തിരികെ ലഭിച്ചിട്ടില്ല. 

എന്റെ കരിയറിലെ ആദ്യ ഡയമണ്ട് ലീഗാണ് നഷ്ടമായത്. മത്സരത്തിൽ പങ്കെടുക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഒളിംപിക് ചാംപ്യൻ തെന്റോഗ്ലൂവിനെതിരെ മത്സരിച്ച്, മികവുയർത്താനുള്ള അവസരം കൂടിയായിരുന്നു അത്.

ലോകത്തെ മികച്ച 8 താരങ്ങൾ മാത്രം പങ്കെടുക്കുന്ന ഡയമണ്ട് ലീഗിൽ, ടോക്കിയോ ഒളിംപിക്സ് പുരുഷ ലോങ്ജംപ് ചാംപ്യൻ ഗ്രീസിന്റെ മിൽത്തിയാദിസ് തെന്റോഗ്ലൂവും മത്സരിക്കുന്നുണ്ട്. യുഎസിലെ ഒറിഗോണിൽ നടക്കുന്ന ലോക അത്‍‌ലറ്റിക് ചാംപ്യൻഷിപ്പിനു മുന്നോടിയായുള്ള പ്രധാന മത്സരമാണിത്. ലോങ്ജംപിൽ ഈ വർഷം 8.36 മീറ്റർ ചാടിയ ശ്രീശങ്കർ സീസണിൽ മികച്ച പ്രകടനം നടത്തിയവരുടെ ലോക പട്ടികയി‍ൽ തെന്റോഗ്ലൂവിനൊപ്പം ഒന്നാമതാണ്. ഒളിംപിക് ചാംപ്യൻ നീരജ് ചോപ്രയാണ് സ്റ്റോക്കോം ഡയമണ്ട് ലീഗിൽ‌ മത്സരിക്കുന്ന മറ്റൊരു ഇന്ത്യൻ താരം.

 

English Summary: Sreeshankar out of Stockholm Diamond League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com