എതിരാളികളെക്കുറിച്ചു ചിന്തിക്കാറില്ല; സമ്മർദമില്ലെങ്കിലേ മികച്ച ത്രോ വരു: നീരജ് ചോപ്ര

HIGHLIGHTS
  • ഡയമണ്ട് ലീഗിലെ ചരിത്ര മെഡൽ നേട്ടത്തിനു പിന്നാലെ നീരജ് ചോപ്ര സംസാരിക്കുന്നു
Neeraj Chopra. REUTERS
നീരജ് ചോപ്ര മത്സരത്തിനിടെ. REUTERS/Aleksandra Szmigiel
SHARE

എടുക്കുമ്പോൾ ഒന്ന്, തൊടുക്കുമ്പോൾ ആയിരം എന്ന പോലെ ജാവലിൻ ത്രോയിൽ വിസ്മയങ്ങൾ ആവർത്തിക്കുകയാണ് ഇന്ത്യൻ സൂപ്പർതാരം നീരജ് ചോപ്ര. ഒളിംപിക്സിലും കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലുമെല്ലാം സ്വർണ നേട്ടത്തോടെ രാജ്യത്തിന്റെ യശസ്സുയർത്തിയ നീരജ് ഇന്നലെ പുലർച്ചെ സ്വീഡനിലെ സ്റ്റോക്കോമിൽ എറിഞ്ഞിട്ടതു പൊൻതിളക്കമുള്ള വെള്ളി മെഡൽ. 89.94 മീറ്ററെന്ന കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ഇരുപത്തിനാലുകാരൻ നീരജ് ഡയമണ്ട് ലീഗ് അത്‍ലറ്റിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനുമായി. ചരിത്രനേട്ടത്തിനു പിന്നാലെ നീരജ് ‘മനോരമ’യോടു സംസാരിക്കുന്നു

ജാവലിൻ ത്രോയിലെ തന്റെ പ്രകടനം ഒരു മാസത്തിനിടെ 1.87 മീറ്റർ വർധിപ്പിക്കാൻ നീരജിനു കഴിഞ്ഞു. ദേശീയ റെക്കോർഡ് 2 തവണ തിരുത്തി. ഒളിംപിക്സ് സ്വർണ മെഡലിലൂടെ ലഭിച്ച ഊർജമാണോ ഇതിനെല്ലാം കാരണം?

ഒളിംപിക്സ് സ്വർണ മെഡൽ കരിയറിലെ നാഴികക്കല്ലാണ്. ഏതു വേദിയിലും വിജയിക്കാമെന്നും ആരെയും തോൽപിക്കാമെന്നുമുള്ള ആത്മവിശ്വാസം ലഭിച്ചത് അങ്ങനെയാണ്. ഒളിംപിക്സ് കഴിഞ്ഞ് 10 മാസത്തെ ഇടവേളയ്ക്കുശേഷമാണ് ജൂണിൽ മത്സരിച്ചത്. എന്നിട്ടും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞതിനു കാരണം കഴിഞ്ഞ 4 മാസത്തിനിടെ നടത്തിയ പരിശീലനമാണ്. വിദേശത്തു പരിശീലനം തുടരാൻ സാധിച്ചതു നേട്ടമായി.

ടോക്കിയോ ഒളിംപിക്സിൽ രണ്ടാം അവസരത്തിലാണ് സ്വർണദൂരം കണ്ടെത്തിയത്. സ്റ്റോക്കോമിലെ മികച്ച
പ്രകടനം ആദ്യ അവസരത്തിലും. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മികച്ച ദൂരം കണ്ടെത്തുന്നതിനു പിന്നിലെ രഹസ്യം
എന്താണ്?

മത്സരം കടുക്കുമ്പോൾ വാശിയോടെ പൊരുതി മികച്ച ദൂരം കണ്ടെത്തുന്നവരുണ്ട്. എന്റെ രീതി തിരിച്ചാണ്. സമ്മർദമില്ലാതെ മത്സരിക്കുമ്പോഴാണ് നല്ല ത്രോ ഉണ്ടാവുക. ആദ്യ റൗണ്ടുകളിൽ നമ്മൾ വളരെ കൂളായിരിക്കും. എതിരാളികളെക്കുറിച്ച് ചിന്തിക്കാറില്ല. ആ സമയത്തു തന്നെ ഏറ്റവും മികച്ച പ്രകടനമെന്നതാണ് ഓരോ മത്സരത്തിലെയും ലക്ഷ്യം.

ഡയമണ്ട് ലീഗിലെ പ്രകടനത്തോടെ ലോക അത്‌‍ലറ്റിക് ചാംപ്യൻഷിപ്പിൽ നീരജ് മെഡൽ നേടുമെന്നാണു എല്ലാവരുടെയും പ്രതീക്ഷ?

ലോക അത്‍ലറ്റിക് ചാംപ്യൻഷിപ് അടുത്തു നിൽക്കെ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞത് നേട്ടമാണ്. ലോക ചാംപ്യൻഷിപ്പിൽ മെഡൽ നേടണമെന്ന അതിയായ ആഗ്രഹവും എനിക്കുണ്ട്. പക്ഷേ, മത്സരദിവസത്തെ സാഹചര്യവും ഫോമും നിർണായകമാണ്. 87.58 മീറ്റർ എറിഞ്ഞു ഒളിംപിക്സ് ചാംപ്യനായ എനിക്ക് ഇന്നലെ 89.94 ദൂരം പിന്നിട്ടിട്ടും സ്വർണം ലഭിച്ചില്ലല്ലോ! എങ്കിലും ഒളിംപിക്സ് ചാംപ്യനെന്ന സമ്മർദമൊന്നുമില്ല.

Content Highlight: Neeraj Chopra, Javelin throw, Diamond League

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS