ADVERTISEMENT

ചണ്ഡിഗഡ് ∙ സുന്ദരമായൊരു സ്വപ്നം കണ്ടു ശനിയാഴ്ച രാത്രി തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു ഖന്ദ്ര നിവാസികൾ. ഇന്നലെ രാവിലെ അവർ നേരത്തേ എണീറ്റത് ഗ്രാമത്തിൽ നിന്നു ലോകം കീഴടക്കാൻ പോയ പയ്യന്റെ വിശേഷമറിയാനാണ്. യുഎസിലെ യുജീനിൽ ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ നീരജ് ചോപ്ര വെള്ളി മെഡൽ ഉറപ്പിച്ചതോടെ ഹരിയാനയിലെ പാനിപ്പത്ത് ജില്ലയിലുള്ള ഈ ഗ്രാമത്തിൽ അക്ഷരാർഥത്തിൽ ‘ലഡു പൊട്ടി’. ഹുക്കയുടെയും വെണ്ണയുടെയും മണവും രുചിയും ഇടകലരുന്ന ഈ തനി ഹരിയാന ഗ്രാമം ഇതിനു മുൻപ് ഇങ്ങനെ ആഘോഷിച്ചത് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ്; ടോക്കിയോ ഒളിംപിക്സിൽ നീരജ് സ്വർണമെഡൽ എറിഞ്ഞിട്ടപ്പോൾ.

‘‘ഒളിംപിക്സ് മെഡൽ പോലെയാണ് ഞങ്ങൾക്കിതും. നീരജ് രാജ്യത്തിനു സമ്മാനിക്കുന്ന അഭിമാന നേട്ടങ്ങളിൽ ഞങ്ങൾക്ക് ആഹ്ലാദമടക്കാൻ വയ്യ..’’– നീരജിന്റെ അമ്മാവൻ ഭീം ചോപ്രയുടെ വാക്കുകൾ. മത്സരം നടക്കുമ്പോൾത്തന്നെ നീരജിന്റെ വീട്ടിലേക്ക് ആഘോഷത്തിനായി ഒരുങ്ങിയെത്തിയിരുന്നു ഗ്രാമവാസികൾ. ആദ്യം ഒന്നു ടെൻഷനടിപ്പിച്ചെങ്കിലും നാലാമത്തെ ത്രോയിൽ നീരജ് വെളളി ദൂരം പിന്നിട്ടതോടെ ആഹ്ലാദം അണപൊട്ടി.

നൃത്തം ചെയ്തും പാട്ടു പാടിയുമാണ് അയൽക്കാർ നീരജിന്റെ നേട്ടം സ്വീകരിച്ചത്. നീരജിന്റെ അമ്മ സരോജും അച്ഛൻ സതീഷ് ചോപ്രയും എല്ലാവർക്കുമൊപ്പം സന്തോഷം പങ്കിട്ടു; ഒപ്പം മധുരവും. കബഡിയും ഗുസ്തിയും കണ്ടും കളിച്ചും ശീലിച്ച ഖന്ദ്ര ഗ്രാമവാസികൾക്ക് ആദ്യം അദ്ഭുതമായിരുന്നു നീരജും ജാവലിൻ ത്രോയും. ഇപ്പോൾ അഭിമാനവും!

English Summary: Villagers and family members celebrate in Panipat as Neeraj Chopra creates history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com