ബർമിങ്ങാം ∙ 24 മണിക്കൂർ മുൻപു വരെ അധികമാരും കേൾക്കാത്ത കായിക ഇനത്തിൽ രാജ്യം കൈവരിച്ച നേട്ടത്തിൽ അഭിമാനപൂരിതമാവുകയാണ് ഇന്ത്യ! ഇംഗ്ലണ്ടിലെ പുൽമേടുകളിൽ നൂറ്റാണ്ടുകളായി വേരുറപ്പിച്ച ലോൺ ബോൾസ് മത്സരത്തിൽ ഇന്ത്യ ചരിത്രത്തിൽ ആദ്യമായി സ്വർണം സ്വന്തമാക്കിയിരിക്കുന്നു. വനിതകളുടെ ഫോർസ് ഇനത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ സ്വർണമെഡൽ പോരാട്ടത്തിൽ 17–10ന് കീഴടക്കിയ നിമിഷത്തിൽ, വിക്ടോറിയ പാർക്കിലെ ഗാലറിയിൽ ത്രിവർണ പതാകകളുമായി കാത്തിരുന്ന ഭാരതീയർക്കൊപ്പം രാജ്യം ഒന്നടങ്കം കരഘോഷം മുഴക്കി.
ലവ്‍ലി ചൗബെ, പിങ്കി, നയൻമണി സൈക്യ, രൂപറാണി ടിർക്കി എന്നിവരടങ്ങുന്ന ഇന്ത്യൻ സംഘം വിജയപീഠത്തിൽ സ്വർണ മെഡൽ നെഞ്ചോടു ചേർത്തപ്പോൾ അപരിചിതമായ ഈ കായിക ഇനത്തെയും ആരാധകർ ഹൃദയത്തിലേറ്റുകയായിരുന്നു. ഒരു ഘട്ടത്തിൽ 8–2 ലീഡ് നേടിയ ഇന്ത്യ അധികം ആയാസപ്പെടാതെ വിജയത്തിലേക്കു കുതിക്കുമെന്നു തോന്നിച്ചെങ്കിലും അടുത്ത 3 എൻഡുകളിൽ തുടരെ 2 വീതം പോയിന്റുകൾ നേടി തബേലോ മുവാങ്ഗോ, ബ്രിജറ്റ് കാലിറ്റ്സ്, എസ്മെ ക്രൂഗർ, ജോഹാന സ്നൈമാൻ എന്നിവരടങ്ങുന്ന ദക്ഷിണാഫ്രിക്കൻ ടീം ഒപ്പമെത്തി. പക്ഷേ, അവസാന മൂന്നു റൗണ്ടുകളിൽ ശക്തമായി തിരിച്ചടിച്ച ഇന്ത്യ വിജയത്തിലേക്കു കുതിച്ചുകയറി.
അവസാന എൻഡിൽ നയൻമണി സൈക്യയുടെ മിന്നുന്ന പ്രകടനമാണ് ഇന്ത്യയ്ക്കു സ്വർണമുറപ്പിച്ചത്. സ്പ്രിന്റ് താരമായിരുന്ന ലവ്‍ലിയും വെയ്റ്റ് ലിഫ്റ്റിങ് മത്സരങ്ങളിൽ പങ്കെടുത്തിരുന്ന നയൻമണിയും കബഡി താരമായിരുന്ന രൂപറാണിയും പിന്നീടു ലോൺ ബോൾസിലേക്കു ചുവടുമാറുകയായിരുന്നു.
ഇതാണ് ഇന്ത്യയുടെ ലോൺ ബോൾസ് ചരിത്രത്തിലെ ഏറ്റവും നല്ലദിവസം. 2010 മുതൽ ഞാൻ ടീമിനൊപ്പമുണ്ട്. പല മത്സരങ്ങളിലും കയ്യെത്തും ദൂരത്താണ് മെഡൽ നഷ്ടമായത്. ഇത്തവണ അതിനു മാറ്റം വരുത്തണമെന്ന ദൃഢനിശ്ചയമുണ്ടായിരുന്നു.
അഞ്ജു ലുത്ര,ടീം മാനേജർ
‘ധോണി ഞങ്ങളുടെ പരിശീലനം കാണാൻ വരാറുണ്ട്’
കോമൺവെൽത്ത് ഗെയിംസ് ലോൺ ബോളിൽ സ്വർണം നേടിയ ടീമിലെ രണ്ടു പേർ മുൻ ഇന്ത്യൻ ക്രിക്കറ്റർ മഹേന്ദ്ര സിങ് ധോണിയുടെ നാടായാ റാഞ്ചി സ്വദേശികാണ്. ലവ്‌ലി ചൗബെയും രൂപ റാണി ടിർക്കിയും. ലോൺ ബോളിൽ താൽപര്യമുള്ള ധോണി തങ്ങളുടെ പരിശീലനം കാണാൻ വരാറുണ്ടെന്നു പറയുന്നു ഇവർ. ‘റാഞ്ചിയിലെ ആർകെ ആനന്ദ് സ്റ്റേഡിയത്തിലാണ് ഞങ്ങൾ പരിശീലിക്കാറുള്ളത്. അടുത്തൊരു ക്ഷേത്രമുണ്ട്. അവിടെ വരുമ്പോഴെല്ലാം ധോണി ഞങ്ങളുടെ പരിശീലനം കാണാൻ വരും. ഞങ്ങളുടെ പരിശീലകനെ ധോണിക്കു നന്നായിട്ടറിയാം. ‘ഓസ്ട്രേലിയയിൽ പോകുമ്പോഴെല്ലാം താൻ ലോൺ ബോൾ കളിക്കാറുണ്ടെന്ന് ഒരിക്കൽ ധോണി എന്നോടു പറയുകയും ചെയ്തു’– അഭിമാനത്തോടെ ലവ്‌ലിയുടെ വാക്കുകൾ.
ഹർജിന്ദറിന് 40 ലക്ഷം രൂപ
ചണ്ഡിഗഡ് ∙ കോമൺവെൽത്ത് ഗെയിംസ് വനിതകളുടെ 71 കിലോഗ്രാം വെയ്റ്റ്ലിഫ്റ്റിങ്ങിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ഹർജിന്ദർ കൗറിനു പഞ്ചാബ് സർക്കാർ 40 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
പൂനം യാദവ് പരുക്ക് മറച്ചുവച്ചെന്ന് ആരോപണം
ബർമിങ്ങാം∙ വനിതകളുടെ 76 കിലോഗ്രാം വെയ്റ്റ് ലിഫ്റ്റിങ്ങിൽ പൂനം യാദവ് അയോഗ്യയാക്കപ്പെട്ടതിനെത്തുടർന്ന് വിവാദം. സ്നാച്ച് റൗണ്ടിൽ 98 കിലോഗ്രാം ഉയർത്തിയ പൂനം ക്ലീൻ ആൻഡ് ജെർക്ക് റൗണ്ടിൽ 3 ശ്രമങ്ങളിലും പരാജയപ്പെട്ടതിനാലാണ് അയോഗ്യത. കാൽമുട്ടിലെ പരുക്കു ഭേദമാകാതിരുന്നിട്ടും താരം മത്സരിക്കുകയായിരുന്നെന്ന് ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷൻ പ്രസിഡന്റ് സഹ്‌ദേവ് യാദവ് ആരോപിച്ചു.

മെഡൽ പട്ടിക
(സ്ഥാനം, രാജ്യം, സ്വർണം, വെള്ളി, വെങ്കലം, ആകെ മെഡൽ)
1) ഓസ്ട്രേലിയ 40 30 31 101
2) ഇംഗ്ലണ്ട് 29 31 18 78
3) ന്യൂസീലൻഡ് 13 7 6 26
4) കാനഡ 10 15 19 44
5) ദക്ഷിണാഫ്രിക്ക 6 5 5 16
6) ഇന്ത്യ 5 5 3 13
ഇന്ത്യയുടെ പ്രധാന മത്സരങ്ങൾ ഇന്ന്
വനിതാ ക്രിക്കറ്റ്
ഇന്ത്യ– ബാർബഡോസ് (രാത്രി 10.30)
ഹോക്കി
വനിതാ പൂൾ എ: ഇന്ത്യ–കാനഡ (ഉച്ചയ്ക്ക് 3.30)
പുരുഷ പൂൾ ബി: ഇന്ത്യ–കാനഡ (വൈകിട്ട് 6.30)
വെയ്റ്റ് ലിഫ്റ്റിങ്
പുരുഷ 109 കിലോഗ്രാം– ലവ്പ്രീത് സിങ് (ഉച്ചയ്ക്ക് 2.00)
വനിത 87 കിലോഗ്രാം– പൂർണിമ പാണ്ഡെ (വൈകിട്ട് 6.30)
പുരുഷ 109 കിലോഗ്രാം– ഗുർദീപ് സിങ് (രാത്രി 11.00)
അത്‌ലറ്റിക്സ്
വനിതാ ഷോട്പുട്ട് ഫൈനൽ– മൻപ്രീത് കൗർ (രാത്രി 12.35)
English Summary: Commonwealth games 2022, India