ADVERTISEMENT

മഹാബലിപുരം∙ ‘എന്റെ അച്ഛൻ നേപ്പാളുകാരനാണ്. അമ്മ റഷ്യക്കാരിയും. അച്ഛന്റെ അമ്മ ഇന്ത്യക്കാരിയാണ്. അതാണ് എന്റെ ഇന്ത്യാ ബന്ധം. ഗിരി എന്നാണ് എനിക്കു പേരിട്ടത്. അമ്മയുടെ വകയായി റഷ്യൻ ടച്ചുള്ള മിഖായിൽ എന്നു വല്ലതും ചേർത്തിരുന്നെങ്കിൽ ‘മിഖായിൽ ഗിരി ’ എന്നായേനെ എന്റെ പേര്! എന്തായാലും അതുണ്ടായില്ല, പകരം അനീഷ് കുമാർ എന്നാണു ചേർത്തത്’ –തന്റെ പേരിനെപ്പോലും ഒരു പൊട്ടിച്ചിരിക്കു വകയാക്കിയ നെതർലൻഡ്സ് താരം അനീഷ് കുമാർ ഗിരി പറഞ്ഞു.

റഷ്യയിൽ ജനിച്ച്, ജപ്പാനിൽ വളർന്നു നെതർലൻഡ്സിലെത്തിയ ഈ സൂപ്പർ ഗ്രാൻഡ്മാസ്റ്റർ ചില്ലറക്കാരനല്ല– സമൂഹമാധ്യമങ്ങളിൽ ചെസ് കളിക്കാരുടെ ‘ഗോഗ്വാ’ വിളികളെ ബലൂണിനെ സൂചി കൊണ്ടെന്ന പോലെ പൊട്ടിക്കുന്നതിൽ എന്നും മിടുക്കനാണ് ഗിരി. എല്ലാറ്റിലും ഒരു ചിരിയുണ്ടാകുമെന്നാണ് ഗിരിയുടെ മറ്റൊരു പ്രത്യേകത. നേപ്പാളുകാരനായ സഞ്ജയ് ഗിരിയാണ് പിതാവ്, റഷ്യക്കാരി ഓൾഗ അമ്മയും. റഷ്യനും ഇംഗ്ലിഷും ഡച്ചും ജാപ്പനീസും നേപ്പാളിയും ജർമനും സംസാരിക്കുന്ന ഗിരി വിവാഹം കഴിച്ചിരിക്കുന്നതു ജോർജിയക്കാരിയും ചെസ് താരവുമായ സോപികോ ഗുരാംഷ്‌വ്‌ലിയെയാണ്.

മികച്ച പ്രകടനങ്ങൾകൊണ്ട് ചെസ് റേറ്റിങ്ങിലെ വൻമലയായ 2700 പോയിന്റ് എന്ന കടമ്പ കടന്ന ഇന്ത്യൻ പുതുമുഖപ്രതിഭ ഡി. ഗുകേഷ് ഇനി 2700 എന്ന ഇലോ റേറ്റിങ് കാണില്ല എന്നു ഗിരി ഒരിക്കൽ ട്വീറ്റ് ചെയ്തിരുന്നു. എന്താണ് ഇങ്ങനെ ട്വീറ്റ് ചെയ്യാൻ കാരണമെന്നു ഗിരിയോടു ചോദിച്ചു. മറുപടി രസകരമായിരുന്നു: ‘വിമാനം പറന്നു പൊങ്ങുമ്പോൾ കുലുക്കവും വിഷമവുമുണ്ടാവില്ലേ, അതുപോലെ, ഇത്രയും റേറ്റിങ്ങിൽ എത്തുന്നതിനു മുൻപ് ഒരുപാട് തട്ടും തടസ്സവും നേരിട്ടുകാണും. ചെസിലും ഈ ഉയരത്തിലെത്തിക്കഴിഞ്ഞാൽ പിന്നെ കാര്യങ്ങൾ സ്റ്റെഡി ആയിരിക്കും’–എന്നായിരുന്നു അനീഷ് ഗിരിയുടെ മറുപടി.

ഇന്ത്യൻ വിപ്ലവവും പുതിയ താരോദയങ്ങളും സംബന്ധിച്ച പതിവു ചോദ്യത്തിനു മറുപടി പറയുമ്പോൾ ചിരിയുടെ ഒരു ചെറുമുന ഒളിപ്പിച്ചുവച്ചിരുന്നു ഈ ഇരുപത്തെട്ടുകാരൻ. ഇന്ത്യക്കാർക്ക് ചെസിന്റെ പ്രത്യേക ഡിഎൻഎയൊന്നുമില്ല. എങ്കിലും ലോക ചാംപ്യൻ മാഗ്നസ് കാൾസനെ വരെ ഞെട്ടിക്കാവുന്ന താരങ്ങൾ ഇന്ത്യയിൽനിന്നും വരുന്നുണ്ട്, കരുതിയിരിക്കുക– അനീഷ് ഗിരി പറയുന്നു.

 

English Summary: Chess Olympiad: Netherland player Anish Kumar Giri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com