കോമൺവെൽത്തിൽ മത്സരിക്കാൻ പൊള്ളാർഡുണ്ട്, ബെക്കാമുണ്ട്, റൊണാൾഡോയുമുണ്ട്...!

HIGHLIGHTS
  • ഇത്തവണ കോമൺവെൽത്ത് ഗെയിംസിൽ മത്സരിക്കാൻ ഈ ‘ഇതിഹാസ താര’ങ്ങളും
Commonwealth Games
ഫുട്ബോളർ ബെക്കാം, സൈക്ലിങ് താരം ബെക്കാം.
SHARE

കോമൺവെൽത്ത് ഗെയിംസ് നീന്തലിൽ മത്സരിക്കാനിറങ്ങിയ ഇന്ത്യയുടെ ശ്രീഹരി നടരാജനടക്കം പലരും ഒന്ന് ‍‍അമ്പരന്നു കാണും; 200 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിൽ ഒപ്പം നീന്തുന്നവരിലിതാ ഒരു കയ്റൻ പൊള്ളാർഡ്! വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരമല്ല; 23 വയസ്സുള്ള ഓസ്ട്രേലിയക്കാരനാണ് ഈ പൊള്ളാർഡ്. മെഡലൊന്നും കിട്ടിയില്ലെങ്കിലും പൊളളാർഡ് ‘പൂളിൽ’ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി. 

Commonwealth Games
ക്രിക്കറ്റ് താരം പൊള്ളാർഡ്, നീന്തൽ താരം പൊള്ളാർഡ്

പൊള്ളാർഡ് ഓസ്ട്രേലിയക്കാരനാണെങ്കിൽ, ഈ ഗെയിംസിൽ മത്സരിക്കുന്ന ഡേവിഡ് ബെക്കാമും റൊണാൾഡോയും ഇന്ത്യക്കാരാണ്. സൈക്ലിങ് ടീമിലാണ് ഫുട്ബോൾ ഇതിഹാസങ്ങളുടെ പേരുള്ള ഡേവിഡ് ബെക്കാമും റൊണാൾഡോ ലൈത്തോൻജാം സിങ്ങും ഇടംപിടിച്ചത്. 20 വയസ്സുള്ള റൊണാൾഡോ സിങ് മണിപ്പുർ സ്വദേശിയാണ്. ആൻഡമാനിൽ നിന്നാണ് ‘ഇന്ത്യൻ ബെക്കാമി’ന്റെ വരവ്. 

Commonwealth Games
ഫുട്ബോളർ റൊണാൾഡീഞ്ഞോ, സൈക്ലിങ് താരം റൊണാൾഡോ.

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോയുടെ യഥാർഥ പേരായ റൊണാൾഡോ ഡി അസിസ് മൊറീറയിൽ നിന്നാണ് ഇന്ത്യൻ സൈക്ലിങ് താരത്തിന് പേരു കിട്ടിയത്. ഇരുവരെയും ബന്ധിപ്പിക്കുന്ന ഒരു കാര്യം കൂടിയുണ്ട്. 2002 ഫുട്ബോൾ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിന്റെ പ്രതിരോധനിര താരങ്ങളെയും ഗോളി ഡേവിഡ് സീമാനെയും കബളിപ്പിച്ച്, അസാധ്യമായ ആംഗിളിൽ നിന്ന് റൊണാൾഡീഞ്ഞോ നേടിയ കരിയില കിക്ക് ഗോളിന്റെ പിറവി ജൂൺ 21നായിരുന്നു. അന്നായിരുന്നു റൊണാൾഡോ സിങ്ങിന്റെ ജനനവും. 

ഡേവിഡ് ബെക്കാമിന്റെ കടുത്ത ആരാധകരായിരുന്ന മാതാപിതാക്കളാണ് മകനു ബെക്കാമെന്ന പേരിട്ടത്. 19 വയസ്സുകാരനായ ബെക്കാം മുൻപ് ഫുട്ബോൾ താരം തന്നെയായിരുന്നു. സുബ്രതോ കപ്പ് ചാംപ്യൻഷിപ്പിൽ മത്സരിച്ചിട്ടുമുണ്ട്. 2017ൽ സൈക്ലിങ്ങിലേക്കു ചുവടുമാറ്റി. 

Commonwealth Games
ഹൈജംപ് താരം സോട്ടോമേയർ, ടേബിൾ ടെന്നിസ് താരം സോട്ടോമേയർ.

ഹവിയർ സോട്ടോമേയർ എന്ന ക്യൂബൻ ഹൈജംപ് ഇതിഹാസത്തിന്റെ പേരിലും ഗെയിംസ് വില്ലേജിൽ ഒരു അപരനുണ്ട്.  ഫോക്‌ലാൻഡ് ദ്വീപുകളിൽ നിന്നാണ് ടേബിൾ ടെന്നിസ് താരമായ ഈ സോട്ടോമയറിന്റെ വരവ്. 

ക്യൂബയുടെ സോട്ടോമേയർ ഒളിംപിക്സിലും ലോക ചാംപ്യൻഷിപ്പിലും സ്വർണം നേടിയ, ഇപ്പോഴും പുരുഷ ഹൈജംപ് ലോക റെക്കോർഡ് പേരിൽ സൂക്ഷിക്കുന്ന സൂപ്പർ താരമാണെങ്കിൽ ഈ സോട്ടോമേയർ ഒരു ‘പാർട് ടൈം കായികതാര’മാണ്. ഹെയർഡ്രസ്സറായി ജോലി ചെയ്യുന്നതിനിടെയാണ് ഗെയിംസിനു യോഗ്യത നേടിയത്. ഫോക്‌ലാൻഡ് ദ്വീപുകളിൽ നിന്ന് 16 അംഗ സംഘമാണ്  ഗെയിംസിനെത്തിയത്. അതിൽ രണ്ടു പേർ സോട്ടോമേയറിന്റെ സലൂണിലെ സ്ഥിരം    സന്ദർശകരും!

Content Highlight: Commonwealth Games, David Beckham, Ronaldo

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}