ബർമിങ്ങാം ∙ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണമെഡല്‍ നേട്ടം ഒന്‍പതായി. പുരുഷൻമാരുടെ 86 കിലോ വിഭാഗം ഗുസ്തി ഫൈനലില്‍ പാക്കിസ്ഥാന്റെ മുഹമ്മദ് ഇനാമിനെ തോൽപ്പിച്ച് ദീപക് പൂനിയയാണ് ഇന്ത്യയ്ക്കായി ഒൻപതാം സ്വർണം നേടിയത്. വനിതകളുടെ 62 കിലോ വിഭാഗത്തില്‍ കാനഡയുടെ അന ഗൊഡീനസ് ഗോണ്‍സാലസിനെ തോല്‍പ്പിച്ച് സാക്ഷി മാലിക്കും, പുരുഷൻമാരുടെ 65 കിലോ വിഭാഗം ഗുസ്തി ഫൈനലില്‍ കാനഡയുടെ ലച്ച്ലന് മക്നീലിനെ തോല്‍പ്പിച്ച് ബജ്രംഗ് പൂനിയയും സ്വര്‍ണം നേടി.
കോമൺവെൽത്തിൽ ബജ്രംഗിന്റെ മൂന്നാം മെഡൽ നേട്ടമാണിത്. ഇതിനു മുൻപ് മറ്റൊരു സ്വർണവും വെള്ളി മെഡലും താരം നേടിയിട്ടുണ്ട്. 2021 ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവുമാണ് ബജ്രംഗ് പൂനിയ. ലോക ചാംപ്യൻഷിപ്പിൽ ഒരു വെള്ളിയും രണ്ടു വെങ്കലവും ബജ്രംഗിന്റെ പേരിലുണ്ട്. 2016 റിയോ ഒളിംപിക്സിൽ വെങ്കൽ മെഡൽ നേടിയ താരമാണ് സാക്ഷി മാലിക്ക്.
വനിതകളുടെ 57 കിലോ വിഭാഗത്തില്‍ അന്‍ഷു മാലിക്ക് വെള്ളി മെഡൽ നേടി. നൈജീരിയയുടെ അഡുക്കുറെയെയോടാണ് ഫൈനലില്‍ പരാജയപ്പെട്ടത്. നൈജീരിയന്‍ താരത്തിന്റെ തുടര്‍ച്ചയായ മൂന്നാം കോമണ്‍വെല്‍ത്ത് സ്വര്‍ണമാണ്.

4 X 400 മീറ്റര്‍ പുരുഷവിഭാഗം റിലേയില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. 3.06 സെക്കന്‍ഡില്‍ ഹീറ്റ്സില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് െചയ്തു. മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, നോഹ നിര്‍മല്‍ ടോം, അമോജ് ജേക്കബ് എന്നീ മലയാളി താരങ്ങളാണ് ഇന്ത്യയ്ക്കായി മത്സരിച്ചത്. ബാഡ്മിന്റനില്‍ സിംഗിള്‍സില്‍ പി.വി.സിന്ധുവും ശ്രീകാന്തും വനിത ഡബിള്‍സില്‍ ട്രീസ ജോളി – ഗായത്രി ഗോപിചന്ദ് സഖ്യവും ക്വാര്‍ട്ടറിലെത്തി.
പാരാ വിഭാഗം ടേബിൾ ടെന്നിസിൽ വനിതകളുടെ സിംഗിൾസിൽ ഇന്ത്യയുടെ ഭാവിന പട്ടേൽ ഫൈനലിൽ കടന്നു. 3–0നാണ് ഭാവിനയുടെ വിജയം. ഇതോടെ ഇന്ത്യയ്ക്ക് സ്വർണമോ വെള്ളിയോ ഉറപ്പായി. വനിതകളുടെ ടേബിൾ ടെന്നിസ് സിംഗിൾസിൽ ഓസ്ട്രേലിയൻ താരത്തെ തോൽപ്പിച്ച ഇന്ത്യയുടെ മണിക ബത്ര ക്വാർട്ടറിലെത്തി. 4–0നാണ് മണികയുടെ വിജയം. കടുത്ത പോരാട്ടത്തിനൊടുവിൽ ഇന്ത്യയുടെ ശ്രീജ അകുലയും ക്വാർട്ടറിൽ കടന്നു. അതേസമയം, ഇന്ത്യൻ താരം റീത്ത് ടെന്നിസൻ വനിതാ സിംഗിൾസിൽ തോറ്റു പുറത്തായി. പുരുഷൻമാരുടെ ഡബിൾസിൽ 3–0 വിജയവുമായി സത്യൻ ജ്ഞാനശേഖരൻ – ശരത് കമൽ ടീം ക്വാർട്ടറിലെത്തി. പുരുഷ സിംഗിൾസിൽ ശരത് കമൽ പ്രീക്വാർട്ടറിൽ കടന്നു.
ബാഡ്മിന്റന്‍ വനിതകളുടെ ഡബിൾസില്‍ ട്രീസ ജോളി – ഗായത്രി ഗോപീചന്ദ് ടീം രണ്ടാം റൗണ്ടിൽ തകർപ്പൻ വിജയം നേടി ക്വാർട്ടറിലെത്തി. 21–2, 21–4 എന്ന സ്കോറിലാണ് ഇന്ത്യൻ വനിതകളുടെ ജയം. പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്ത് 21–9, 21–12 വിജയത്തോടെ ക്വാർട്ടറിലെത്തി.
വനിതകളുടെ ലോങ്ജംപിൽ മലയാളി താരം ആൻസി സോജൻ ഫൈനൽ കാണാതെ പുറത്തായി. യോഗ്യതാ റൗണ്ടിൽ 6.25 മീറ്റർ ദൂരം പിന്നിട്ട ആൻസി 13–ാം സ്ഥാനത്താണ് മത്സരം പൂർത്തിയാക്കിയത്. ആദ്യ 12 പേരാണ് യോഗ്യത നേടുക.
English Summary: Commonwealth Games 2022, Day 8 - Live Updates