ADVERTISEMENT

11 ലോകചാംപ്യന്മാരെ തോൽപിച്ച വനിതാ ചെസ് താരം ജൂ‍ഡിത് പോൾഗർ മനോരമയോടു സംസാരിക്കുന്നു...

മഹാബലിപുരം∙ ചെസ് ബോർഡിൽ രണ്ടു രാജ്ഞിമാരുണ്ടെങ്കിൽ ലോക ചെസിൽ ഒരൊറ്റ രാജ്ഞിയേയുള്ളൂ– ജൂഡിത് പോൾഗർ. ക്ലാസിക്കൽ റാപിഡ്, ചെസ് കളികളിൽ 11 ലോക ചാംപ്യൻമാരെ തോൽപ്പിച്ച താരം. ജൂഡിത്തിനു മുന്നിൽ നിലതെറ്റിയവരാരും ചില്ലറക്കാരായിരുന്നില്ല. അതിൽ മാഗ്നസ് കാൾസനും ഗാരി കാസ്പറോവും അനറ്റൊലി കാർപോവും വിശ്വനാഥൻ ആനന്ദുമെല്ലാം ഉൾപ്പെടും.
ഹംഗറിക്കാരായ ലാസ്‌ലോ പോൾഗറിന്റെയും ക്ലാര പോൾഗറിന്റെയും മൂത്ത രണ്ടു പെൺമക്കളും (സൂസൻ, സോഫിയ) വളർന്നു വലിയ ചെസ് താരങ്ങളായപ്പോൾ ഇളയവളായ ജൂഡിത് വിശ്വംമുട്ടെ വളർന്നു. ചെസിലെ ‘വനിതാസംവരണം’ തനിക്കു വേണ്ടെന്നു പ്രഖ്യാപിച്ച് ഓപ്പൺ ടൂർണമെന്റുകൾ മാത്രം തിരഞ്ഞെടുത്ത താരം. ലോക ചെസ് ഒളിംപ്യാഡിന്റെ കമന്റേറ്ററായി മഹാബലിപുരത്തുള്ള ജൂഡിത് ‘മനോരമ’യോടു സംസാരിക്കുന്നു:

സജീവ ചെസിൽനിന്നു വിരമിച്ച് 8 വർഷം. നേരത്തേ വിരമിച്ചെന്ന തോന്നലുണ്ടോ?
ഇല്ല. ഇന്നു പല കാര്യങ്ങളും ചെയ്യുന്നു. പുസ്തകമെഴുതുന്നു. ഫൗണ്ടേഷൻ സ്ഥാപിച്ചിട്ട് 10 വർഷമായി. ചൈനയിലും ഹംഗറിയിലും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നു. പ്രചോദനാത്മക പ്രഭാഷണങ്ങളും നടത്തുന്നുണ്ട്.

ഇന്ത്യ, ഇന്ത്യൻ കളിക്കാർ...?
ഇന്ത്യയിൽ ആദ്യമായി വന്നത് 1990ലാണ്. ന്യൂഡൽഹിയിൽ. പിന്നെ ദശകങ്ങളോളം വന്നിട്ടില്ല. പിന്നെ വന്നത് 2020ൽ. ഞാൻ കേരളത്തിലും രണ്ടു തവണ വന്നിട്ടുണ്ട്. രണ്ടും തിരുവനന്തപുരത്തായിരുന്നു. ആയുർവേദ ചികിത്സയ്ക്ക് 2020ലും പിന്നെ ഇക്കൊല്ലവും. കഴിഞ്ഞ ദശകത്തിൽ ഇന്ത്യൻ ചെസിൽ ഒട്ടേറെ മാറ്റങ്ങൾ വന്നു. ഒട്ടേറെ പുതുതാരങ്ങൾ. ചെറിയ പ്രായത്തിൽത്തന്നെ കുട്ടികൾ ചെസിലേക്കു കടന്നുവരുന്നു.

ആനന്ദുമായുള്ള മത്സരങ്ങൾ?
ആനന്ദിനെപ്പോലുള്ള വലിയ കളിക്കാരെ തോൽപിച്ച മത്സരങ്ങളെല്ലാം സുഖമുള്ള ഓർമകളാണ്. ആനന്ദ് എന്നെ തോൽപിച്ച മെയിൻസ് ചെസ് ക്ലാസിക്കിലെ കളികളെല്ലാം നിർണായകമായിരുന്നു.

ജൂഡിത്തിന്റെ വഴിയിലല്ല കുടുംബത്തിന്റെ സഞ്ചാരം. ഭർത്താവ് ഗുസ്താവ് ഫോണ്ട് വെറ്ററിനറി സർജനാണ്. മക്കൾ ഒലിവറും ഹന്നയും. ഒളിംപ്യാഡ് ഉൽസവത്തിന്റെ രസങ്ങളിലേക്ക് ഊളിയിടുമ്പോഴും ജൂഡിത്തിന്റെ മനസ്സിൽ രണ്ടു കാര്യങ്ങളുണ്ട്. ഒഴിവുദിനത്തിൽ ചരിത്രപ്രസിദ്ധമായ മഹാബലിപുരം വിശദമായി കാണണം. പിന്നെ, ഒരു പട്ടുസാരി വാങ്ങണം!

Content Highlight: Chess Olympiad, Judit Polgar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com