ലോങ്ജംപിൽ ചരിത്രം പിറന്നു; വെള്ളി മെഡൽ ‘ചാടിയെടുത്ത്’ ശ്രീശങ്കർ

sreesankar
ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസ് പുരുഷ ലോങ്ജംപിൽ വെള്ളി മെഡൽ നേടുന്ന ഇന്ത്യൻ താരം എം. ശ്രീശങ്കർ. ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ, 8.08 മീറ്റർ ദൂരം ചാടിയാണു പാലക്കാട് സ്വദേശി ശ്രീശങ്കർ വെള്ളി നേടിയത്.
SHARE

ബർമിങ്ങാം ∙ നിരാശ നിറഞ്ഞ ആദ്യ 4 അവസരങ്ങൾക്കുശേഷം ഒരൊറ്റച്ചാട്ടത്തിലൂടെ മലയാളി താരം എം. ശ്രീശങ്കറും ഇന്ത്യൻ കായിക പ്രേമികളുടെ പ്രതീക്ഷ കാത്തു. കോമൺവെൽത്ത് ഗെയിംസ് പുരുഷ ലോങ്ജംപ് ഫൈനലിലെ അഞ്ചാം ഊഴത്തിൽ 8.08 മീറ്റർ‌ പിന്നിട്ട ശ്രീശങ്കറിനു വെള്ളി മെഡൽ. കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ പുരുഷ ലോങ്ജംപിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും ശ്രീശങ്കറിനു സ്വന്തം.

സ്വർണം നേടിയ ബഹാമാസിന്റെ ലാക്വാൻ നയിനും 8.08 മീറ്റർ ദൂരം മാത്രമാണ് ചാടിയത്. പക്ഷേ ശ്രീശങ്കറിനെക്കാൾ കുറഞ്ഞ അവസരത്തിൽ ഈ ദൂരം മറികടന്നതിനാൽ സ്വർണം നേടി. ദക്ഷിണാഫ്രിക്കയുടെ ജൊവാൻ വാൻ വൂറെൻ വെങ്കലം (8.06 മീറ്റർ) നേടി. ഫൈനലിൽ മത്സരിച്ച മറ്റൊരു മലയാളി അത്‌ലീറ്റ് വൈ. മുഹമ്മദ് അനീസ് 7.97 മീറ്റർ ചാടി 5–ാം സ്ഥാനത്തെത്തി.

∙ ചങ്കിടിപ്പേറ്റിയ ചാട്ടം

ഇന്നു പുലർച്ചെ നടന്ന ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ആരാധകരുടെ ചങ്കിടിപ്പ് വർധിപ്പിക്കുന്നതായിരുന്നു ശ്രീശങ്കറിന്റെ ഓരോ ചാട്ടങ്ങളും. യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ഫൈനലിലെത്തിയ ശ്രീശങ്കർ അനായാസം മെഡൽ നേടുമെന്നു പ്രതീക്ഷിച്ചെങ്കിലും തുടക്കം പിഴച്ചു. ആദ്യ ചാട്ടത്തിൽ 7.60 മീറ്റർ പിന്നിട്ട ശ്രീശങ്കർ തുടർന്നുള്ള 2 ശ്രമങ്ങളിൽ ചാടിയത് 7.84 മീറ്റർ മാത്രമായിരുന്നു.

ബഹാമാസിന്റെ ലാക്വാൻ നയിനും ദക്ഷിണാഫ്രിക്കയുടെ ജൊവാൻ വാൻ വൂറെന്നും ജമൈക്കയുടെ ഷോൺ തോംസണും ഇതിനുള്ളിൽ 8 മീറ്ററിനു മുകളിൽ ചാടുകയും ചെയ്തതോടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മെഡൽ നഷ്ടമാകുമോയെന്ന ആശങ്കയായിരുന്നു ഇന്ത്യൻ ആരാധകരുടെ മനസ്സിൽ.

ഫൈനലിലെ 4 അവസരങ്ങൾ പൂർ‌ത്തിയായപ്പോൾ ആറാം സ്ഥാനത്തായിരുന്നു ശ്രീശങ്കർ. എന്നാൽ അഞ്ചാമത്തെ ചാട്ടത്തിൽ 8.08 മീറ്റർ പിന്നിട്ടതോടെ രണ്ടാംസ്ഥാനത്തേക്കു കുതിച്ചുകയറി. സ്വർണം നേടാൻ അവസാന ഊഴത്തിൽ മെച്ചപ്പെട്ട പ്രകടനം ശ്രീശങ്കറിന് അനിവാര്യമായിരുന്നു. കരിയറിൽ 8.36 മീറ്റർ പിന്നിട്ടുള്ള ശ്രീശങ്കർ അവസാന ഊഴത്തിൽ വിസ്മയം കാട്ടുമെന്നു പ്രതീക്ഷിച്ചെങ്കിലും ആ ജംപ് ഫൗളായതോടെ സ്വർണ പ്രതീക്ഷകൾ അസ്തമിച്ചു.

English Summary: Sreesankar wins silver medel in commonwealth games long jump, Sudhir wins Gold in Para Powerlifting

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}