ADVERTISEMENT

ബർമിങ്ങാം ∙ കോമൺവെൽത്ത് ഗെയിംസിന്റെ 10–ാം ദിനവും മെഡൽ വാരി ഇന്ത്യൻ കുതിപ്പ്. പുരുഷവിഭാഗം ട്രിപ്പിൾ ജംപിൽ മലയാളി താരങ്ങളായ എൽദോസ് പോളും അബ്ദുല്ല അബൂബക്കറും യഥാക്രമം സ്വർണവും വെള്ളിയും നേടി ശ്രദ്ധ നേടിയ ദിനത്തിൽ, ഇന്ത്യ കൊയ്തെടുത്തത് അഞ്ച് സ്വർണവും മൂന്നു വെള്ളിയും ആറു വെങ്കലവും. എല്‍ദോസ് പോളിനു പുറമെ അമിത് പംഗൽ(ബോക്സിങ്), നിഖാത് സരീൻ (ബോക്സിങ്), നീതു ഗംഗാസ് (ബോക്സിങ്), ശരത് കമൽ– ശ്രീജ സഖ്യം (ടേബിൾ ടെന്നിസ് ) എന്നിവരാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. ഗെയിംസ് ഇന്നു സമാപിക്കാനിരിക്കെ ഇന്ത്യയ്ക്ക് ആകെ 18 സ്വർണവും 15 വെള്ളിയും 22 വെങ്കലവുമായി.

അബ്ദുല്ല അബൂബക്കർ (ട്രിപ്പിൾ ജംപ്), ശരത്കമാൽ–സത്യൻ സഖ്യം (ടേബിൾ ടെന്നിസ്), വനിതാ ക്രിക്കറ്റ് ടീം എന്നിവരാണ് വെള്ളി നേടിയത്. വനിതാ ടീം (ഹോക്കി), അന്നു റാണി (ജാവലിൻ ത്രോ), സന്ദീപ് കുമാർ (10,000 മീറ്റർ റേസ് വോക്ക്), കിഡംബി ശ്രീകാന്ത് (ബാഡ്മിന്റൻ സിംഗിൾസ്), സൗരവ് ഘോഷാൽ– ദീപികാ പള്ളിക്കൽ സഖ്യം (ടേബിൾ ടെന്നിസ്), ജോളി ട്രീസ – ഗായത്രി പള്ളിക്കൽ (ബാഡ്മിന്റൻ വനിതാ ഡബിൾസ്) എന്നിവരാണ് വെങ്കലം നേടിയത്.

∙ ട്രിപ്പിളിൽ ഡബിൾ!

മഹാസാമ്രാജ്യത്തിന്റെ ചരിത്രം നിറയുന്ന കോമൺവെ‍ൽത്ത് ഗെയിംസിൽ ഇന്ത്യയുടെ തെക്കേയറ്റത്തുള്ള കൊച്ചുകേരളം ഇത്രയും തലയുയർത്തി നിന്ന നിമിഷമുണ്ടായിട്ടില്ല. പുരുഷൻമാരുടെ ട്രിപ്പിൾ ജംപിലെ ഇരട്ട മെഡൽ നേട്ടത്തിലൂടെ എൽദോസ് പോളും അബ്ദുല്ല അബൂബക്കറും കാൽ‌പാട് പതിപ്പിച്ചത് ഇന്ത്യൻ അത്‍ലറ്റിക്സിന്റെ സുവർണ ചരിത്രത്തിൽ. 17.03 മീറ്റർ ചാടി സ്വർണം നേടിയ എൽദോസും 17.02 മീറ്റർ പ്രകടനത്തോടെ വെള്ളി നേടിയ അബ്ദുല്ലയും കോമൺവെൽത്ത് ഗെയിംസിലെ തങ്ങളുടെ അരങ്ങേറ്റം അവിസ്മരണീയമാക്കി. ഈ ഗെയിംസിൽ അത്‍ലറ്റിക്സിൽ മലയാളികളുടെ മെഡൽനേട്ടം ഇതോടെ മൂന്നായി. പുരുഷ ലോങ്ജംപിൽ എം.ശ്രീശങ്കർ നേരത്തേ വെള്ളി നേടിയിരുന്നു.

‌കോമൺവെൽത്ത് ഗെയിംസ് അത്‌ലറ്റിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ആറാം സ്വർണവും അഞ്ചാം വ്യക്തിഗത സ്വർണവുമാണ് എൽദോസ് ഇന്നലെ നേടിയത്. രാജ്യത്തെ കായിക പ്രേമികൾ മെഡൽ പ്രതീക്ഷയോടെ കാത്തിരുന്ന ട്രിപ്പിൾ ജംപ് ഫൈനലിൽ അരങ്ങേറിയത് മലയാളി താരങ്ങൾ തമ്മിലുള്ള ആവേശപ്പോരാട്ടം. മത്സരത്തിൽ 17 മീറ്റർ പിന്നിടാനായത് ഇവർ 2 പേർക്കു മാത്രമാണ്.

കാണികളെ നിരാശരാക്കുന്നതായിരുന്നു എ‌‍ൽദോസിന്റെ ആദ്യ ജംപ്. ടേക്ക്ഓഫ് ബോർഡിന്റെ ഏറെ പിന്നിൽ നിന്നുള്ള ആ ചാട്ടത്തിൽ മറികടന്നത് 14.62 മീറ്റർ മാത്രം. 16.57 മീറ്ററിലായിരുന്നു അബ്ദുല്ലയുടെ തുടക്കം. പക്ഷേ ആദ്യ അവസരത്തിൽത്തന്നെ 16.92 മീറ്റർ ചാടിയ ബർമുഡയുടെ ജാ പെരിഞ്ചേരി ഇന്ത്യക്കാരെ ഞെട്ടിച്ച് ഒന്നാം സ്ഥാനത്തെത്തി. സുവർണ പ്രതീക്ഷയേകി എൽദോസ് 17.03 മീറ്റർ പിന്നിട്ടത് മൂന്നാം ഊഴത്തിലാണ്. തന്റെ മികച്ച വ്യക്തിഗത പ്രകടനത്തെക്കാൾ 4 സെന്റിമീറ്ററാണ് കൂടുതൽ ചാടിയത്. അതേ ഊഴത്തിൽ 16.89 മീറ്റർ‌ ചാടിയ തമിഴ്നാടിന്റെ പ്രവീൺ ചിത്രവേൽ മൂന്നാം സ്ഥാനത്തേക്കു കയറി.

എൽദോസ് പോളിന്റെ നാടായ കോലഞ്ചേരിയിലെ ആഹ്ലാദപ്രകടനങ്ങൾ

ആദ്യ 4 ജംപുകൾ പൂർത്തിയാകുമ്പോൾ‌ മെഡൽ സാധ്യതാ പട്ടികയ്ക്കു പുറത്തായിരുന്ന അബ്ദുല്ല അഞ്ചാം ഊഴത്തിലെ 17.02 മീറ്റർ ജംപിലൂടെ വെള്ളി മെ‍‍ഡലിലേക്കു കുതിച്ചുചാടി. അതുവരെ മൂന്നാമതായിരുന്ന പ്രവീൺ നാലാം സ്ഥാനത്തേക്കു താഴ്ന്നു. ഈ സീസണിൽ മൂന്നാം തവണയാണ് അബ്ദുല്ല 17 മീറ്റർ പിന്നിടുന്നത്.

കോമൺവെൽത്ത് ഗെയിംസ് അത്‍ലറ്റിക്സിന്റെ മെഡൽ പോഡിയത്തിൽ 2 ഇന്ത്യൻ താരങ്ങൾ ഒരുമിച്ച് ഇടംപിടിച്ചത് ഇതിനു മുൻപ് ഒരേയൊരു തവണ മാത്രമാണ്. 2010 കോമൺവെൽത്ത് ഗെയിംസിൽ വനിതാ ഡിസ്കസ് ത്രോയിൽ സ്വർണം, വെള്ളി, വെങ്കല മെഡലുകൾ ഇന്ത്യയ്ക്കായിരുന്നു. കൃഷ്ണ പൂനിയ, ഹർവന്ത് കൗർ, സീമ ആന്റിൽ എന്നിവർക്കായിരുന്നു യഥാക്രമം സ്വർണവും വെള്ളിയും വെങ്കലവും.

English Summary: Commonwealth Games 2022, Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com