എൽദോസ് 17.50!

Mail This Article
എൽദോസ് പോളിന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിനൊപ്പം 17.50 എന്നൊരു സംഖ്യ കൂടിയുണ്ട്. ട്രിപ്പിൾ ജംപിൽ എൽദോസ് ലക്ഷ്യമിടുന്ന ദൂരമാണ് സമൂഹമാധ്യമത്തിൽ തന്റെ പേരിനൊപ്പം ചേർത്തിരിക്കുന്നത്. ആ സ്വപ്നദൂരത്തിലേക്കുള്ള കുതിപ്പിലെ നിർണായക കടമ്പയായ 17 മീറ്റർ കരിയറിൽ ആദ്യമായി ഇന്നലെ എൽദോസ് പിന്നിട്ടു. ഒപ്പം കൂടെച്ചേർത്തത് കോമൺവെൽത്ത് ഗെയിംസിലെ ചരിത്ര സ്വർണവും. കോമൺവെൽത്ത് ഗെയിംസ് അത്‍ലറ്റിക്സിൽ ഇതുവരെ ഇന്ത്യയ്ക്കായി വ്യക്തിഗത സ്വർണം നേടിയത് 5 പേരാണ്. മിൽഖ സിങ്ങും നീരജ് ചോപ്രയും ഉൾപ്പെടുന്ന എലീറ്റ് ക്ലബ്ബിലെ ഏക മലയാളിത്തിളക്കമാണ് ഇനി മുതൽ എൽദോസ് പോളെന്ന ഇരുപത്താറുകാരൻ.
എറണാകുളം കോലഞ്ചേരി രാമമംഗലം കൊച്ചുതോട്ടത്തിൽ പൗലോസിന്റെയും പരേതയായ മറിയക്കുട്ടിയുടെയും മകനായ എൽദോസ് ഹൈസ്കൂൾ പഠനകാലത്താണ് ട്രിപ്പിൾ ജംപിൽ ശ്രദ്ധിച്ചു തുടങ്ങിയത്. കോതമംഗലം എംഎ കോളജിൽ ടി.പി. ഒൗസേഫിന്റെ കീഴിൽ വിദഗ്ധ പരിശീലനം നേടിയ എൽദോസ് 2 വർഷം മുൻപ് ഇന്ത്യൻ നാവികസേനയിലെത്തി.
എൽദോസിന്റെ കരിയറിലെ സുപ്രധാന നേട്ടങ്ങളെല്ലാം ഈ വർഷമായിരുന്നു. മാർച്ചിൽ തിരുവനന്തപുരത്തു നടന്ന ഇന്ത്യൻ ഗ്രാൻപ്രിയിൽ മികച്ച വ്യക്തിഗത പ്രകടനത്തോടെ (16.95 മീറ്റർ) സ്വർണം നേടി. ഏപ്രിലിൽ തേഞ്ഞിപ്പലത്തു നടന്ന ഫെഡറേഷൻ കപ്പിൽ 10 വർഷം പഴക്കമുള്ള മീറ്റ് റെക്കോർഡ് തകർത്തു (16.99 മീറ്റർ). ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യയുടെ ആദ്യഘട്ട ടീമിൽ എൽദോസ് ഉൾപ്പെട്ടിരുന്നില്ല. എന്നാൽ കസഖ്സ്ഥാനിൽ നടന്ന രാജ്യാന്തര മീറ്റിലെ വെള്ളി നേട്ടത്തോടെ അന്തിമ ടീമിൽ ഇടം ലഭിച്ചു. ട്രിപ്പിൾ ജംപ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന റെക്കോർഡും സ്വന്തമാക്കിയാണ് ലോക ചാംപ്യൻഷിപ് വേദിയിൽ നിന്നു മടങ്ങിയത്.
English Summary: Eldhose Paul win CWG triple jump gold