ADVERTISEMENT

ബർമിങ്ങാം ∙ ലിയാൻഡർ പെയ്സ് ടേബിൾ ടെന്നിസ് ആണു കളിച്ചിരുന്നതെങ്കിൽ അദ്ദേഹത്തിന്റെ പേര് ഒരുപക്ഷേ, ശരത് കമൽ എന്നായിരുന്നേനെ! പ്രായം വെറുമൊരു സംഖ്യയാണെന്നും വയസ്സ് കൂടുന്തോറും വിജയങ്ങളും മെഡലുകളും കൂടുമെന്നും തെളിയിച്ച ഇന്ത്യയുടെ നിത്യഹരിത ടെന്നിസ് നക്ഷത്രത്തിന്റെ യഥാർഥ പിൻമുറക്കാരൻ താൻ ആണെന്ന് നാൽപതുകാരൻ അജാന്ത ശരത് കമൽ ബർമിങ്ങാം ഗെയിംസിൽ തെളിയിച്ചു.

ചെന്നൈ സ്വദേശിയായ ശരത് കമൽ 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിലും 2021ലെ ദോഹ ഏഷ്യൻ ചാംപ്യൻഷിപ്പിലും 2 വീതം വെങ്കലം നേടിയിട്ടുണ്ട്. 2006 മുതൽ 5 കോമൺവെൽത്ത് ഗെയിംസുകളിലായി ടേബിൾ ടെന്നിസിൽ 13 മെഡലുകളിലാണ് ശരത്തിന്റെ വിജയമുത്തം പതിഞ്ഞിട്ടുള്ളത്. 7 സ്വർണവും 3 വീതം വെളളിയും വെങ്കലവും. ഇക്കുറി നാൽപതിന്റെ ചെറുപ്പത്തിൽ, ബർമിങ്ങാമിലെ തിരക്കിട്ട മത്സരക്രമത്തിനിടയിൽ വെറ്ററൻ താരം നെഞ്ചോടു ചേർത്തത് 3 സ്വർണവും ഒരു വെള്ളിയും.

ടീം ഇനത്തിലായിരുന്നു ഈ ഗെയിംസിൽ ശരത്തിന്റെ ആദ്യ സ്വർണം. പുരുഷ ഡബിൾസിൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും കഴിഞ്ഞ ദിവസം ശ്രീജ അകുലയ്ക്കൊപ്പം മിക്സ്ഡ് ഡബിൾസിൽ പതിവു ഫോമിലേക്കുയർന്നു; സ്വർണം നേടി. ഇന്നലെ പുരുഷ സിംഗിൾസ് ഫൈനലിൽ ഇംഗ്ലിഷ് എതിരാളി ലിയാം പിച്ച്ഫോഡിനെതിരെ വിശ്വരൂപം പുറത്തെടുത്തു.

2006ൽ 24‍–ാം വയസ്സിൽ നേടിയ സിംഗിൾസ് സ്വർണമെഡൽ ഒരിക്കൽക്കൂടി കഴുത്തിലണിഞ്ഞ്, ദേശീയ പതാകയെ ശരത് ആദരത്തോടെ നോക്കിനിന്നപ്പോൾ ശതകോടി ആരാധകരുടെ മനസ്സിൽ തെളി‍ഞ്ഞിട്ടുണ്ടാവുക ഒരു വാക്കു മാത്രമായിരിക്കും: ‘സല്യൂട്ട്!’

English Summary: Table tennis; Sharath Kamal wins gold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com