ADVERTISEMENT

ബർ‌മിങ്ങാം ∙ 22–ാം കോമൺവെൽത്ത് ഗെയിംസിലെ അവസാന ദിനം പൊൻതൂവലായി പറന്നുയർന്ന ബാഡ്മിന്റൻ താരങ്ങൾ ഇന്ത്യയ്ക്കു സമ്മാനിച്ചത് 3 സ്വർണം. വനിതാ സിംഗിൾസ് ഫൈനലിൽ കാന‍ഡയുടെ മിഷേൽ ലിയെ തോൽപിച്ച് സൂപ്പർതാരം പി.വി.സിന്ധു തുടങ്ങിവച്ച സ്വർണക്കുതിപ്പ് പിന്നാലെ യുവതാരം ലക്ഷ്യ സെന്നും ഏറ്റെടുത്തു. പുരുഷ സിംഗിൾസ് ഫൈനലിൽ മലേഷ്യയുടെ എങ് സെ യോങ്ങിനെ ലക്ഷ്യ തോ‍ൽപിച്ചു. പുരുഷ ഡബിൾസ് ഫൈനൽ ജയിച്ച് സാത്വിക്സായ്‌രാജ് രങ്കിറെഡ്ഡി– ചിരാഗ് ഷെട്ടി സഖ്യവും സ്വർണം സ്വന്തമാക്കി. ടേബിൾ ടെന്നിസ് പുരുഷ സിംഗിൾസ് ഫൈനൽ വിജയിച്ച അജാന്ത ശരത് കമലും അവസാന ദിനത്തിൽ ഇന്ത്യയ്ക്കായി സ്വർണമണിഞ്ഞു.

പുരുഷ ഹോക്കി ടീമിന്റെ വെള്ളിയും പുരുഷ ടേബിൾ ടെന്നിസിൽ ജി. സത്യന്റെ വെങ്കലവുമാണ് കോമൺവെൽത്ത് ഗെയിംസിന്റെ സമാപന ദിനത്തിലെ ഇന്ത്യയുടെ മറ്റു മെഡൽ നേട്ടങ്ങൾ. 22 സ്വർണമടക്കം 61 മെഡലുകളാണ് ഗെയിംസിൽ 4–ാം സ്ഥാനത്തുള്ള ഇന്ത്യ നേടിയത്.

67 സ്വർണമടക്കം 178 മെഡലുകൾ നേടിയ ഓസ്ട്രേലിയയാണ് ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 57 സ്വർണം ഉൾപ്പെടെ 176 മെഡലുകൾ. 2018 ഗെയിംസിൽ 66 മെഡലുകളുമായി മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യയ്ക്ക് ഇത്തവണ മെഡൽ നേട്ടത്തിൽ ചെറിയ കുറവുണ്ടായി. ബർമിങ്ങാം ഗെയിംസിൽ ഷൂട്ടിങ് മത്സരങ്ങൾ വേണ്ടെന്നു സംഘാടകർ തീരുമാനിച്ചതാണു തിരിച്ചടിയായത്.

കഴിഞ്ഞ 2 ഗെയിംസുകളിൽ കപ്പിനും ചുണ്ടിനുമിടയി‌‍ൽ നഷ്ടമായ വനിതാ സിംഗിൾസ് കിരീടമാണ് ഇന്നലെ പി.വി.സിന്ധു തന്റെ റാക്കറ്റിലൊതുക്കിയത്. 2014 ഗെയിംസിൽ സെമിയിൽ തന്നെ വീഴ്ത്തിയ മിഷേലിന് ഇത്തവണ സിന്ധു അവസരമൊന്നും നൽകിയില്ല (21-15, 21-13). 2014ൽ വെങ്കലവും 2018ൽ വെള്ളിയുമായിരുന്നു വനിതാ സിംഗിൾസിൽ നേരത്തേ സിന്ധുവിന്റെ കോമൺവെൽത്ത് ഗെയിംസ് നേട്ടങ്ങൾ.

ലോക റാങ്കിങ്ങിൽ 42–ാം സ്ഥാനത്തുള്ള എങ് സെ യോങ്ങിനെതിരെ ആദ്യ ഗെയിം നഷ്ടപ്പെടുത്തിയാണ് ലക്ഷ്യ തുടങ്ങിയത്. എന്നാൽ രണ്ടാം ഗെയിമിൽ തുടർച്ചയായി 11 പോയിന്റ് നേടി തിരിച്ചടിച്ചു.
19-21, 21-9, 21-16 എന്ന സ്കോറിൽ മത്സരവും സ്വന്തമാക്കി. പുരുഷ ഡബിൾസിൽ ഇംഗ്ലണ്ടിന്റെ ബെൻ ലെയ്ൻ– സീൻ മെൻഡി സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്കു തോൽപിച്ചാണ് സാത്വിക്സായ്‌രാജും ചിരാഗ് ഷെട്ടിയും സ്വർണമുറപ്പിച്ചത്.

English Summary: Indian in Commonwealth Games

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com